ഇന്ത്യോനേഷ്യയില്‍ കനത്ത നാശം വിതച്ച പെയ്ത പേമാരിയെത്തുടര്‍ന്നുണ്ടായ വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 50 കടന്നു. കനത്ത മഴയില്‍ മരാപ്പി പര്‍വതത്തിന്റെ ചരിവുകളില്‍ ചെളിയും തണുത്ത ലാവയും ഒഴുകിയതിനെ തുടര്‍ന്ന് 27 പേരെ കാണാതായി. ലക്ഷക്കണക്കിന് ആളുകള്‍ വസിക്കുന്ന അഗം ജില്ലയില്‍ നിന്നും മുന്ന് പേരെയും തനഹ് ദത്തറില്‍ 14 പേരെയും കാണാതായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുറത്തു വരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, ദുരന്തം മൂലം മരിച്ചവരുടെ എണ്ണം 50 ആയി രേഖപ്പെടുത്തിയിട്ടുണ്ട്, 27 പേരെ കാണാതായി, 37 പേര്‍ക്ക് പരിക്കേറ്റു, 3,396 പേരെ ഒഴിപ്പിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഗം ജില്ലയില്‍ 16 പേരും തനാഹ് ദത്തറില്‍ 18 പേരും മരിച്ചതായും 18 പേര്‍ക്ക് പരിക്കേറ്റതായും വെസ്റ്റ് സുമാത്ര ദുരന്ത ഏജന്‍സി അറിയിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ച പടിഞ്ഞാറന്‍ ഇന്തോനേഷ്യയിലെ അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് മണിക്കൂറുകളോളം പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ തണുത്ത ലാവ പ്രവാഹവും ഉണ്ടായി. ചാരം, മണല്‍, ഉരുളന്‍ കല്ലുകള്‍ എന്നിവ പോലെയുള്ള അഗ്‌നിപര്‍വ്വത വസ്തുക്കളാണ് ലാഹാര്‍ എന്നും അറിയപ്പെടുന്ന തണുത്ത ലാവ. സുമാത്ര ദ്വീപിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതമായ മരാപ്പി പര്‍വതത്തില്‍ ശനിയാഴ്ച രാത്രി പെയ്ത മഴയില്‍ ചാരവും വലിയ പാറകളും ഒഴുകിയെത്തിയതിനെത്തുടര്‍ന്ന് 17 പേരെ കാണാതായതായി.
കാണാതായവര്‍ക്കായി മണ്ണുമാന്തി യന്ത്രങ്ങളും, ഡ്രോണുകളും ഉപയോഗിച്ച് പോലീസും സൈനികരും പ്രാദേശിക റെസ്‌ക്യൂ സ്‌ക്വാഡുകളും ഉള്‍പ്പെടെ 400 ഓളം പേര്‍ തിരച്ചില്‍ നടത്തുന്നുണ്ട്. മഴയില്‍ റോഡുകള്‍ ചെളി നിറഞ്ഞ നദികളായി മാറുകയും വാഹനങ്ങള്‍ ഒഴുകിപ്പോകുകയും വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. റോഡുകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. മഴക്കാലമായാല്‍ ഉരുള്‍പൊട്ടലിനും കനത്ത വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശമാണ് ഇന്തോനേഷ്യ.
20 ഹെക്ടര്‍ (49.4 ഏക്കര്‍) നെല്‍വയലുകള്‍ക്ക് 84 വീടുകള്‍ക്കും 16 പാലങ്ങള്‍ക്കും രണ്ട് പള്ളികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി ദേശീയ ദുരന്ത ലഘൂകരണ ഏജന്‍സിയുടെ വക്താവ് അബ്ദുള്‍ മുഹരി പറഞ്ഞു. ജില്ലയില്‍ ഏകദേശം 370,000 ആളുകള്‍ താമസിക്കുന്നു, അവിടെ നിരവധി പള്ളികള്‍ക്കും ഒരു പൊതു കുളത്തിനും കേടുപാടുകള്‍ സംഭവിച്ചു, വലിയ പാറകളും തടികളും നിലത്ത് ചിതറിക്കിടക്കുന്നുണ്ട്. തനഹ് ദാതറിലെ വെള്ളച്ചാട്ടമുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ലെംബ അനൈയില്‍, പഡാങ്, ബുക്കിറ്റിംഗി നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു.
രണ്ട് ട്രക്കുകള്‍ വെള്ളപ്പൊക്കത്തിലും ശക്തമായ ഒഴുക്കിലും താനഹ് ദത്തറിലെ അടുത്തുള്ള നദിയില്‍ ഒലിച്ചുപോയി. 500,000-ത്തിലധികം ജനസംഖ്യയുള്ള അഗമില്‍ നിരവധി വീടുകളും പൊതു സൗകര്യങ്ങളും തകര്‍ന്നതായി ജില്ലാ ദുരന്ത ഏജന്‍സി മേധാവി ബുഡി പെര്‍വിര നെഗാര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഭയകേന്ദ്രമായി ഉപയോഗിക്കുന്ന സ്‌കൂളിലേക്ക് 90 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി അദ്ദേഹം പറഞ്ഞു. അഗമിലെയും തനഹ് ദത്തറിലെയും നിരവധി പ്രദേശങ്ങളില്‍ പ്രാദേശിക ഭരണകൂടം ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി വിവധതരം ഉപകരണങ്ങള്‍ വിന്യസിക്കാന്‍ പ്രാദേശിക ഭരണകൂടം തീരുമാനം എടുത്തിട്ടുണ്ട്. വെള്ളപ്പൊക്കവും തണുത്ത ലാവാ പ്രവാഹവും ഏറ്റവും കൂടുതല്‍ നാശം വിതച്ച പ്രദേശങ്ങളിലേക്കുള്ള ബസ് സര്‍വീസ് നിറുത്തി. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന പ്രദേശങ്ങളിലെ റോഡുകളും മറ്റു വാര്‍ത്താവിനിമയ ഉപകരണങ്ങളും വേഗത്തില്‍ പുനസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു.
2022-ല്‍, സുമാത്ര ദ്വീപിലെ വെള്ളപ്പൊക്കത്തില്‍ ഏകദേശം 24,000 ആളുകളെ ഒഴിപ്പിക്കുകയും രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2024 ന്റെ തുടക്കത്തിലും മേയ് മാസത്തോടെയും മഴക്കാലം എത്തുമെന്നും വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറയിച്ചിരുന്നു.