ദുബൈ: യു.എ.ഇയിൽ ഇന്ത്യൻ രൂപയിൽ വിനിമയം സാധ്യമാക്കുന്ന ‘ജയ്വാൻ’ ഡെബിറ്റ് കാർഡുകൾ നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ വിതരണം ചെയ്യുമെന്ന് ബാങ്കിങ് രംഗത്തെ ഉയർന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഘട്ടംഘട്ടമായി കാർഡുകൾ പുറത്തിറക്കാനാണ് ബാങ്കുകളുടെ തീരുമാനം.
നിലവിൽ മറ്റ് കമ്പനികളുടെ 10 ലക്ഷത്തിലധികം ഡെബിറ്റ് കാർഡുകൾ വിപണിയിലുണ്ട്. ഇവ പൂർണമായും പിൻവലിച്ച് പകരം ജയ്വാൻ കാർഡുകൾ ഇറക്കുന്നതിന് രണ്ടര വർഷത്തിലധികം സമയമെടുക്കും. എങ്കിലും ആദ്യ ഘട്ടം എന്ന നിലയിൽ ജൂണോടെ ജെയ്വാൻ കാർഡുകൾ ഇടപാടുകാർക്ക് വിതരണം ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് ബാങ്കുകളെന്ന് യു.എ.ഇ ബാങ്കുകളുടെ ഫെഡറേഷൻ (യു.ബി.എഫ്) ചെയർമാൻ അബ്ദുൽ അസീസ് അൽ ഖുറൈർ മാധ്യമങ്ങളോട് പറഞ്ഞു. ഈ വർഷം രണ്ടാം പാദത്തോടെ ജയ്വാൻ കാർഡ് പുറത്തിറക്കുന്നതിന് തയാറുള്ള ചില പങ്കാളികളുമായി ചേർന്ന് മികച്ച പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യു.എ.ഇ സെൻട്രൽ ബാങ്ക് അടുത്ത ഏതാനും വർഷത്തിനുള്ളിൽ മുഴുവൻ ബാങ്കുകൾക്കും ജയ്വാൻ കാർഡുകൾ നിർബന്ധമാക്കുമെന്ന് അൽ ഇത്തിഹാദ് പേയ്മെന്റ് (എ.ഇ.പി) ചീഫ് ഓപറേറ്റിങ് ഓഫിസർ ആൻഡ്ര്യൂ മെക്കോർമാർക് പറഞ്ഞു.
വിസ/മാസ്റ്റർ കാർഡുകളുമായി ജെയ്വാൻ കാർഡിനെ കോബാഡ്ജ് ചെയ്യാനുള്ള അവസരമുണ്ടാകും. ഒരു കാർഡിൽ തന്നെ രണ്ടിലധികം ബ്രാൻഡ് പേമെന്റുകൾ ഉൾക്കൊള്ളിക്കുന്ന സംവിധാനമാണ് കോ ബാഡ്ജ്. യു.എ.ഇയുടെ വലിയൊരു വിഭാഗം വ്യാപകമായി യാത്ര ചെയ്യുന്നതിനാൽ രണ്ട് ബാഡ്ജുകൾ ലഭിക്കുന്നത് സഹായകമാവും.
ഇതുവഴി ലോകമെമ്പാടും കാർഡ് ഇടപാട് നടത്താൻ സാധിക്കും. നിലവിൽ ജയ്വാൻ കാർഡിന്റെ ഉപയോഗം ലക്ഷ്യമിടുന്നത് യു.എ.ഇ, ജി.സി.സി, ഇന്ത്യ എന്നിവിടങ്ങളിലാണ്. വൈകാതെ ലോകമെമ്പാടും ഉപയോഗം വ്യാപിപ്പിക്കുന്നതിന് കോ-ബാഡ്ജ് പങ്കാളികളായ മാസ്റ്റർ കാർഡിനെയും വിസയെയും ആശ്രയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനത്തിലാണ് ജയ്വാൻ കാർഡുകൾ അവതരിപ്പിച്ചത്. വിസ/മാസ്റ്റർ കാർഡുകൾക്ക് പകരമായി പ്രാദേശിക കറൻസിയിൽ ഇടപാട് നടത്താൻ സഹായിക്കുന്ന കാർഡുകൾ ഇന്ത്യ-യു.എ.ഇ വ്യാപാര ബന്ധത്തിൽ വളർച്ചക്ക് സഹായകമാവുമെന്നാണ് വിലയിരുത്തൽ.