എന്തൊക്കെ ചെയ്തു നോക്കി, എങ്ങനെയൊക്കെ ചെയ്തു നോക്കി, എന്നിട്ടും ശരിയാവില്ലെന്ന് എഴുതി വെച്ച പ്രസ്ഥാനമാണ് KSRTC. പക്ഷെ, ഗണേഷ്‌കുമാര്‍ മന്ത്രിയായപ്പോള്‍ മുതല്‍ കേള്‍ക്കുന്ന ഒരു പോസിറ്റീവ് വൈബുണ്ട്. KSRTCയുടെ നല്ല കാലം വന്നുവെന്ന്. ജീവനക്കാര്‍ക്കും എതിരഭിപ്രായമില്ല. ഇതാ KSRTCയുടെ എല്ലാ ബസ് സ്റ്റേഷനുകളിലും പുതിയ സംവിധാനം കൊണ്ടു വരികയാണ്. പ്രേതാലയം പോലെ പണി കഴിപ്പിച്ചിട്ടിരിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ ഇപ്പോള്‍ തെരുവുനായ്ക്കളുടെ പ്രജനന കേന്ദ്രങ്ങളും, സാമൂഹ്യ വിരുദ്ധരുടെ താവളങ്ങളുമൊക്കെയാണ്.
ഇനി അവിടെ ജനങ്ങള്‍ കയറിത്തുടങ്ങും. അതിനുള്ള മാസ്റ്റര്‍പ്ലാനുമായാണ് KSRTC രംഗപ്രവേശം ചെയ്തിരിക്കുന്നത്. KSRTC തന്നെ മുന്‍കൈയ്യെടുക്കുകയാണ് ഇതിനു വേണ്ടി. കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രധാന നഗരങ്ങളില്‍ ബസ് സ്റ്റേഷനുകളുള്ള KSRTCയുടെ വിവിധ ഡിപ്പോകളില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള താല്‍പ്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ നിത്യജീവിതത്തില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുക.
കേരളത്തിലെ ജനങ്ങള്‍ പരമ്പരാഗത ഭക്ഷണരീതി ഇഷ്ടപ്പെടുന്നവര്‍ ആയതിനാല്‍ റസ്റ്റോറന്റുകളില്‍ പരമ്പരാഗത ഭക്ഷണം ഉച്ചയ്ക്ക് ഒരു വിഭവമായി ഉള്‍പ്പെടുത്തി നല്‍കുക. ലോംഗ് റൂട്ട് ബസുകളിലെ യാത്രയ്ക്കിടയില്‍ റിഫ്രഷ്‌മെന്റിനായി നിര്‍ത്തുന്ന ബസിലെ യാത്രക്കാര്‍ക്ക് ഇത്തരം റെസ്റ്റോറന്റുകളിലും മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷണം കഴിക്കുന്നതിനും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുമുള്ള സൗകര്യമൊരുക്കുക. എന്നിവയാണ് KSRTC ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളിലാണ് KSRTC ഇത്തരത്തില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്. ഇത് വിജയിച്ചാല്‍ മറ്റു സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇതിനായി ആദ്യഘട്ടത്തില്‍ അനുവദിക്കുന്ന ബസ് സ്റ്റേഷനുകളും ലഭ്യമായിട്ടുള്ള സ്ഥല വിസ്തീര്‍ണ്ണവും ഇങ്ങനെയാണ്.
താല്‍പ്പര്യ പത്രത്തില്‍ പറയുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്:
1. അടൂര്‍ (1500 ചതുരശ്ര അടി)
2. കാട്ടാക്കട (4100 ചതുരശ്ര അടി)
3. പാപ്പനംകോട് (1000 ചതുരശ്ര അടി)
4. പെരുമ്പാവൂര്‍ (1500 ചതുരശ്ര അടി)
5. R/W എടപ്പാള്‍ (1000 ചതുരശ്ര അടി)
6. ചാലക്കുടി (1000 ചതുരശ്ര അടി)
7. നെയ്യാറ്റിന്‍കര (1675 ചതുരശ്ര അടി)
8. നെടുമങ്ങാട് (1500 ചതുരശ്ര അടി)
9. ചാത്തനൂര്‍ (1700 ചതുരശ്ര അടി)
10. അങ്കമാലി (1000 ചതുരശ്ര അടി)
11. ആറ്റിങ്ങല്‍ (1500 ചതുരശ്ര അടി)
12. മൂവാറ്റുപുഴ (3000 ചതുരശ്ര അടി)
13. കായംകുളം (1000 ചതുരശ്ര അടി)
14. തൃശൂര്‍ (2000 ചതുരശ്ര അടി)
പദ്ധതിയെ സംബന്ധിക്കുന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍
1. ഫുഡ് ആന്‍ഡ് സേഫ്റ്റി ആക്ടിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി വെജ്, നോണ്‍ വെജ് ഫുഡ് ഉള്ള എസി, നോണ്‍ എസി റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിപ്പിക്കാം.
2. മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ ദൈനംദിന ജീവിതത്തില്‍ പൊതു ഉപയോഗത്തിനായുള്ള സാധാരണ പലചരക്ക് സാധനങ്ങള്‍ ഉണ്ടായിരിക്കണം.
3. വ്യത്യസ്തമായ സൈന്‍ ബോര്‍ഡുകളുള്ള പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വികലാംഗര്‍ക്കും പ്രത്യേകം ശുചിത്വമുള്ള ടോയ്‌ലറ്റ് സൗകര്യം റസ്റ്റോറന്റുകളില്‍ ഉണ്ടായിരിക്കണം.
4. ഭക്ഷ്യ സുരക്ഷ, ഫയര്‍ & റെസ്‌ക്യൂ എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും.
5. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണനിലവാരമുള്ള സേവനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുക.
6. കേരളത്തില്‍ ജനങ്ങള്‍ പരമ്പരാഗത ഭക്ഷണ രീതി ഇഷ്ടപ്പെടുന്നവര്‍ ആയതിനാല്‍ ഉച്ചയ്ക്ക് ഊണ് ഒരു വിഭവമായി ഉള്‍പ്പെടുത്തുക.
7. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) എല്ലാ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുക.
8. ലൈസന്‍സ് കാലയളവ് നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി 5 വര്‍ഷത്തേക്ക് ആയിരിക്കും.
9. നിര്‍ദിഷ്ട റസ്റ്റോറന്റുകളുടെ ഇന്റീരിയര്‍ ഡിസൈന്‍ കെഎസ്ആര്‍ടിസിയുടെ സിഎംഡിയുടെ അംഗീകാരത്തോടെ ലൈസന്‍സി നിര്‍വ്വഹിക്കേണ്ടതാണ്
10. ശരിയായ മാലിന്യ നിര്‍മാര്‍ജന സംവിധാനം ഉണ്ടായിരിക്കണം.
മുകളില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളില്‍ ഏതെങ്കിലും താല്പര്യപത്രം സ്വീകരിക്കുവാനോ നിരസിക്കുവാനോ മാറ്റം വരുത്തുവാനോ ഉള്ള അധികാരം കെഎസ്ആര്‍ടിസി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടറില്‍ നിക്ഷിപ്തമാണ്. ഈ സംരംഭത്തെ സംബന്ധിച്ച ഒരു പ്രീബിഡ് മീറ്റിംഗ് 20.05.2024ന് നടത്തുന്നതായിരിക്കും. എല്ലാ താല്പര്യപത്രങ്ങളും 28.05.2024നോ അതിനുമുമ്പോ സമര്‍പ്പിക്കണം. പങ്കെടുക്കുന്നവര്‍ യോഗ്യതാ രേഖകള്‍ താല്പര്യപത്രത്തിനൊപ്പം സമര്‍പ്പിക്കണം. യോഗ്യതാ മാനദണ്ഡത്തെ കുറിച്ചും മറ്റു നിബന്ധനകളെ കുറിച്ചും അറിയുന്നതിന് ബന്ധപ്പെടാനുള്ള വിവരങ്ങള്‍:
ജനറല്‍ മാനേജര്‍ (നോര്‍ത്ത് സോണ്‍ & എസ്റ്റേറ്റ്) ഫോണ്‍ നമ്പര്‍: 9188619367, 9188619384(എസ്റ്റേറ്റ് ഓഫീസര്‍) ഇ മെയില്‍: estate@kerala.gov.in
ജീവനക്കാര്‍ അപ്പോഴും കഷ്ടത്തില്‍ തന്നെ
കടവും കാവലുമൊക്കെ മാറി, നല്ലൊരു കാലം KSRTCക്ക് ഉണ്ടാകുമെന്ന വിശ്വാസമാണ് മലയാളികള്‍ക്കാകെ ഉള്ളത്. കാരണം, KSRTC എന്ന ആനവണ്ടി കേരളീയരുടെ സ്വന്തം വണ്ടിയാണ്. പക്ഷെ, ഇങ്ങനെയൊക്കെ പുതിയ മാറ്റങ്ങള്‍ വരുമ്പോഴും, ജീവനക്കാരുടെ ഭാഗത്തു നിന്ന് മാനേജ്‌മെന്റ് എനമ്തുകൊണ്ടാണ് ചിന്തിക്കാത്തത്. 45 ദിവസം ജോലി ചെയ്താല്‍ പാതി ശമ്പളം കിട്ടുന്ന ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാരനോ, സര്‍ക്കാര്‍ ഓഫീസോ ഉണ്ടോ. പാതി ശമ്പളത്തിനു വേണ്ടി കാത്തിരിക്കുമ്പോഴും, ജോലി ചെയ്യാന്‍ മടി കാണിക്കാത്തവരോട് നീതി പുലര്‍ത്തേണ്ടത് സര്‍ക്കാരിന്റെ കടമ കൂടിയാണ്.
അത് മറന്നുകൊണ്ട് മുന്നോട്ടു പോകുന്നത് ന്യാമായ കാര്യമല്ല. 30 കോടി കൊണ്ട് പാതി ശമ്പളം എല്ലാവര്‍ക്കും കൊടുക്കാനാവില്ല. ഇനിയും 10 കോടി ഓവര്‍ ഡ്രാഫ്റ്റ് എടുത്തെങ്കിലേ ശമ്പളം കൊടുക്കാനാവൂ. അതും KSRTCക്ക് ബാധ്യതയാകുന്നുണ്ട്. ഇങ്ങനെ KSRTCയെ നിരന്തരം പ്രതിസന്ധിയിലാക്കുമ്പോഴും കരകയറാനുള്ള ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന മാനേജ്‌മൈന്റിനെയും മന്ത്രിയെയും, ജീവനക്കാരെയും അഭിനന്ദിക്കാതിരിക്കാനാവില്ല.