കാൻ ചലച്ചിത്ര മേളയിലെ സ്ഥിരം സാനിധ്യമാണ് ബോളിവുഡ് നടി ഐശ്വര്യ റായ്. ഈ വർഷവും മേളയിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ് ഐശ്വര്യ. ഇതിനായി മകൾ ആരാധ്യക്കൊപ്പം മുംബൈ എയർപോർട്ടിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകരിൽ ആശങ്ക സൃഷ്ടിച്ചത്.
പരിക്കേറ്റ കൈയ്യുമായാണ് ഐശ്വര്യ എയർപോർട്ടിൽ എത്തിയത്. വലതു കൈയ്യിൽ സ്ലിങ് ധരിച്ച നിലയിലായിരുന്നു താരം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ, ടെർമിനലിന് അകത്തേക്ക് പ്രവേശിക്കുന്നതിന് മുൻപായി, ഐശ്വര്യയും, ആരാധ്യയും പുഞ്ചിരിക്കുകയും കൈവീശി അഭിവാദ്യം ചെയ്യുന്നതും കാണാം.
നീല നിറത്തിലുള്ള ഓവർ കോട്ടും പാന്റുമാണ് ഐശ്വര്യ ധരിച്ചത്. കറുത്ത ജോഗറും, വെള്ള ടീ ഷർട്ടുമായിരുന്നു ആരാധ്യയുടെ വേഷം. ഇഷ്ട താരത്തിന് എന്തുപറ്റിയെന്ന് ആറിയാതെ നിരവധി ആരാധകരാണ് പോസ്റ്റുകളിൽ കമന്റ് ചെയ്യുന്നത്.
2002ലാണ് ഐശ്വര്യ റായ്, ആദ്യമായ് കാൻ ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നത്. ഷാരുഖ് ഖാനും സഞ്ജയ് ലീല ബൻസാലിക്കും ഒപ്പമാണ് ഐശ്വര്യ ചലച്ചിത്ര മേളയിലെത്തിയത്. നീത ലുല്ല ഡിസൈന്‍ ചെയ്ത മഞ്ഞ നിറത്തിലുള്ള സാരിയായും ഹെവി വര്‍ക്കുള്ള സ്വര്‍ണ നെക്ക്ളേസുമായിരുന്നു താരത്തിന്റെ വേഷം.
ഐശ്വര്യയെ കൂടാതെ , അദിതി റാവു ഹൈദാരി, ഉർവശി റൗട്ടേല, ശോഭിത ധൂലിപാല, കിയാര അദ്വാനി തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളാണ് 77-ാമത് കാൻ ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തിയിരിക്കുന്നത്.
പൊന്നിയിൻ സെൽവൻ II എന്ന ചിത്രത്തിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ വിക്രം, തൃഷ കൃഷ്ണൻ, ജയം രവി, കാർത്തി, ജയറാം, പ്രഭു, ആർ. ശരത്കുമാർ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, വിക്രം പ്രഭു, പ്രകാശ് രാജ്, റഹ്മാൻ, ആർ. പാർഥിബൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭനയിച്ചത്.
View this post on Instagram