ചുവന്നു തുടുത്ത തക്കാളികൾ കടകളിൽ നിന്നും വാങ്ങുമ്പോൾ അതിൽ എത്രമാത്രം കീടനാശിനികൾ ഉപയോഗിച്ചിട്ടുണ്ടാവും അല്ലെ? വീട്ടിലെ കുട്ടികൾക്കും മുതിർന്നവർക്കും പൂർണ വിശ്വാസത്തോടെ നമ്മുക്ക് ആഹാരത്തിൽ ഉൾപ്പെടുത്തുവാൻ സാധിക്കുമോ? എന്നാൽ വീട്ടിലെ ആവശ്യങ്ങൾക്കായി കുറച്ച് സ്ഥലത്ത് നമ്മുക്ക് തക്കാളി വളർത്തിയെടുത്താലോ!! വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം അതും നിങ്ങളുടെ ഒഴിവുസമയങ്ങളിൽ.
തക്കാളി കൃഷിചെയ്യുന്ന വിധം
ആദ്യം ചെയ്യേണ്ടത് തക്കാളി വിത്തുകള്‍ പാകി മുളപ്പിക്കുക. ശേഷം വിത്തുകള്‍ ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കുക. കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് എന്നിവ ചേര്‍ക്കാം.
കുമ്മായം ചേര്‍ത്ത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്ക്,ഗ്രോബാഗ് ആണെങ്കില്‍ മണ്ണ്, ചാണകപ്പൊടി, ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കി നടാം. ചെടി വളര്‍ന്നു വരുമ്പോള്‍ താങ്ങ് കൊടുക്കണം. സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്. രാസ വളം ഒഴിവാക്കുന്നതാണ് നല്ലത്, അളവ് കൂടിയാല്‍ ചെടി കരിഞ്ഞു ഉണങ്ങി പോകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെ നമ്മുക്ക് കൃഷി ചെയ്യാം.