“കൊല്ലം തൊല്ലം ഭവതു നിതരാം പിന്നെയും കൊല്ലമേവ” ഇത് കൊല്ലത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അതായത് കൊല്ലം എത്ര പഴയതായാലും എന്നും അത് കൊല്ലമായി തന്നെ നില നിൽക്കും എന്നാണ്. എന്ത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നറിയണ്ടേ.?ഇത്രയും പെരുമ കേട്ട വേറെ ഒരു ജില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം.വെറുതെ ആണോ പറയുന്നത് കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന്.
കേരളത്തിലെയെന്നല്ല, ഒരുപക്ഷേ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പുരാതന തുറമുഖ നഗരം നമ്മുടെ കൊല്ലം ആണ് . രണ്ടായിരം വർഷം മുമ്പ് റോമാസാമ്രാജ്യത്തിൽ ചെന്ന് ചോദിച്ചാലും കൊല്ലത്തെ പറ്റി അറിയുമായിരുന്നെന്ന് പറയുമ്പോ, ഊഹിക്കാമോ അതിൻ്റെ പെരുമ.കൃസ്തുവിൻ്റെ സുവിശേഷവുമായി കടലുതാണ്ടിയ തോമാസ്ലീഹ കാലുകുത്തിയത് ഈ മണ്ണിലായിരുന്നു. ആറാം നൂറ്റാണ്ടിൽ അലക്സാണ്ട്രിയയിൽ വെച്ച് കോസ്മാസ് ഇൻഡികോപ്ലിയൂസ്റ്റസ് ഈ നഗരത്തെ പറ്റി രേഖപ്പെടുത്തിയ കാലത്ത് മുഹമ്മദ് നബി ജനിച്ചിട്ടുണ്ടായിരുന്നില്ല. സുലൈമാൻ താജിറിനും ബെൻയാമിൻ തുദേലയ്ക്കും മാർക്കോ പോളോയ്ക്കും ഇബ്നു ബത്തൂത്തക്കും ഷെങ്ഹേയ്ക്കുമടക്കം ലോകത്തിൻ്റെ നാനാദിക്കിലുള്ള സഞ്ചാരികൾക്കും സുപരിചിതമായ നഗരം.
കേരളത്തിൻ്റെ ചരിത്രത്തോളം പഴക്കമുള്ള പെരുമയാണെങ്കിലും അതിലേറെയും ചുരുളഴിയപ്പെടാതെ കിടക്കുകയാണ്. അഷ്ടമുടി കായലിൻ്റെ ഓരത്തുകൂടെ എത്ര വട്ടം തലങ്ങും വിലങ്ങും പോയിരിക്കുന്നു, ഒരിക്കൽ പോലും ചരിത്രം കടന്നുപോയ മണ്ണിലാണ് ചവിട്ടിനിൽക്കുന്നതെന്ന ചാരിതാർഥ്യത്തിൽ അതിനെ നോക്കിക്കാണാൻ കഴിഞ്ഞിട്ടില്ല. അതിപുരാതനമായ ശേഷിപ്പുകൾ വല്ലതും ബാക്കിയുണ്ടോന്ന് അന്വേഷിക്കാനും മിനക്കെട്ടിട്ടില്ല. ചിലപ്പോൾ കണ്ണുകൾക്ക് പിടിതരാതെ മറഞ്ഞുകിടക്കുന്നുണ്ടാകും, മണൽപരപ്പുകൾ മൂടിയും കാട്ടുചെടികൾക്ക് വിഹാരമൊരുക്കിയും. ശ്രമിച്ചു നോക്കിയാൽ നൂറ്റാണ്ടുകൾ കടന്ന പടവുകളെ കണ്ടെത്താനാവാം, ചിലപ്പോൾ മറ്റൊരു സ്ഫിങ്സിനെ തന്നെ നാം തുരന്നെടുത്തുകൂടെന്നുമില്ല. അതിശയോക്തി പറഞ്ഞതാണെന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? ഇരുപത് നൂറ്റാണ്ടുകൾക്ക് മുൻപേ പ്ലിനിയുടെ പെരിപ്ലസിൽ പരാമർശം വന്ന കാലത്തുപോലും കൊല്ലം നഗരമായിരുന്നു, അന്നത്തെ ലോകം കിഴക്കുദേശത്ത് കണ്ട ഏറ്റവും വലിയ തുറമുഖങ്ങളിലൊന്ന്…!! അതിൻ്റെ ശേഷിപ്പുകളെ പറ്റി ചിന്തിക്കാൻ അതിശയോക്തിയുടെ പിൻബലം വേണ്ട. അമേരിക്ക കണ്ട ക്രിസ്റ്റഫർ കൊളംബസിൻ്റെ വംശവേര് പോലും കൊല്ലത്തു നിന്നാവാനുള്ള സാധ്യതയെ പറ്റി പഠനങ്ങൾ വരുന്നു, അതിലും അത്ഭുതമില്ല. നിധി തേടിയവരുടെ മാന്ത്രിക കഥകൾക്ക് കൊല്ലവും പ്രചോദനമായിരുന്നല്ലോ. പാണ്ഡ്യനെയും ചോളനെയും ഒരുപോലെ മോഹിപ്പിച്ചതാണീ നാട്.. ചേര സാമ്രാജ്യത്തിൻ്റെ പെരുമാളുമാർ ‘കറുത്ത പൊന്ന്’ ഒളിപ്പിച്ച നിലവറകൾ ഇവിടെയായിരുന്നു. മലയാളത്തിൻ്റെ ‘കൊല്ലവർഷത്തെ’ അവർ ഇവിടെ നിന്ന് എണ്ണി.
അറബികളും പേർഷ്യക്കാരും നിധി തേടിയെത്തിയ ഈ മണ്ണിൻ്റെ ചരിത്രത്തിന് പറങ്കികൾ ചോരകൊണ്ട് കഥയെഴുതിയ ഒരധ്യായവുമുണ്ട്. അൽഫോൺസോ ആൽബുക്കർക്കിൻ്റെ പീരങ്കികൾ കൊല്ലത്തിനുനേരെ തീതുപ്പിയ നാൾ മുതലാണ് ഇന്ത്യയുടെ കൊളോണിയൽ യുഗം ആരംഭിച്ചത്. രാജ്യത്തെ ആദ്യ പോർച്ചുഗീസ് താവളം കൊല്ലത്ത് സ്ഥാപിച്ചുകൊണ്ട് അവർ വൈദേശികാധിപത്യത്തിൻ്റെ കൊടിനാട്ടി. പിന്നാലെ വന്ന ഡച്ചുകാരും തിരുവിതാംകൂറും ബ്രിട്ടീഷുകാരുമെല്ലാം കൊല്ലത്തിനുവേണ്ടി പോരടിച്ചവരുടെ പട്ടികയിൽ മുൻപന്തിയിലുണ്ട്. ചരിത്രമെന്നത് ആവർത്തിക്കാൻ കൂടിയുള്ളതാണല്ലോ, രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിന് പോലും രണ്ട് മില്ലേനിയത്തിൻ്റെ പഴക്കമുള്ള കൊല്ലം പിന്നിട്ട കാലയളവിലത്രയും അതിനെ തേടി വരുന്നതിൻ്റെ ആവർത്തനമാണ് കണ്ടിട്ടുള്ളത്.
എങ്കിലും,ആദ്യം പറഞ്ഞത് പോലെ
“കൊല്ലം തൊല്ലം ഭവതു നിതരാം പിന്നെയും കൊല്ലമേവ”