ഡല്‍ഹി: കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയില്ലെന്ന് സുപ്രീംകോടതി. കെജ്രിവാളിന് പ്രത്യേക പരിഗണന നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കോടതിയില്‍ കെജ്രിവാളിന് പ്രത്യേക പരിഗണന ലഭിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. കോടതി വിധിയെ വിമര്‍ശിക്കുന്നതും വിലയിരുത്തുന്നതും സ്വാഗതം ചെയ്യുന്നുവെന്ന് സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് പറഞ്ഞു.
‘വിധിക്കെതിരായ വിമര്‍ശനങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ അതിലേക്ക് കടക്കില്ല. ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള കാരണങ്ങള്‍ ഞങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഞങ്ങള്‍ ആര്‍ക്കും ഒരു പ്രത്യേക പരിഗണനയും നല്‍കിയിട്ടില്ല’, ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
ഇതിനിടെ തെരഞ്ഞെടുപ്പ് റാലികളിലെ കെജ്രിവാളിന്റെ പ്രസംഗത്തിനെതിരെ ഇഡി സുപ്രീംകോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് ചിഹ്നമായ ചൂലിന് വോട്ട് ചെയ്താല്‍ താൻ വീണ്ടും ജയിലില്‍ പോകേണ്ടിവരില്ലെന്ന് കെജ്രിവാള് പ്രസംഗിച്ചു, ഇത് കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്നാണ് ഇഡി ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ ഇഡിയുടെ ഹർജി പരിഗണിക്കാൻ കോടതി തയാറായില്ല. കെജ്രിവാൾ നടത്തിയ പരാമർശത്തിലേക്ക് കടക്കാൻ സാധിക്കില്ലെന്ന് കോടതി അറിയിച്ചു. കെജ്രിവാൾ എപ്പോൾ കീഴടങ്ങണമെന്ന് കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇഡിയെ അറിയിച്ചു.
ജൂൺ ഒന്ന് വരെയാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 2ന് തിരികെ കീഴടങ്ങാനാണ് കോടതി നിര്‍ദേശം.