മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഒരു കാലത്ത് മമ്മൂട്ടിക്കും അദ്ദേഹത്തിന്റെ വിധി തീരുമാനിക്കുന്ന സമയം ഉണ്ടായിരുന്നെന്ന് പറയുകയായിരുന്നു ദേവന്‍. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദേവന്‍ ഇക്കാര്യം പറഞ്ഞത്.ന്യൂഡല്‍ഹി മമ്മൂട്ടിയുടെ തലവര മാറ്റി മറിച്ച ചിത്രമാണെന്നും സിനിമ വിജയിക്കുന്നവന്റെയാണെന്നും ദേവന്‍ അഭിമുഖത്തില്‍ പറഞ്ഞു. ന്യൂഡല്‍ഹി സിനിമ ഗംഭീരമാണെന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് ഒരു ചിത്രത്തില്‍ മമ്മൂട്ടിക്ക് അവസരം ലഭിച്ചതെന്നും ദേവന്‍ പറഞ്ഞു. ന്യൂഡല്‍ഹി സിനിമയില്‍ വില്ലനായ തന്റെ കഥാപാത്രത്തെ കൊല്ലുന്നത് സുമലതയുടെ കാരക്ടറാണ്.
അന്ന് അങ്ങനെ ഒരു മാറ്റം സിനിമയില്‍ കൊണ്ടു വന്നതിന് കാരണമുണ്ടായിരുന്നു. മമ്മൂട്ടി അന്ന് സിനിമയില്‍ മാര്‍ക്കറ്റ് കുറവുള്ള നടനായിരുന്നു. അതിന് മുമ്പ് മമ്മൂട്ടിയുടേതായി ഇറങ്ങിയ ചിത്രങ്ങളൊന്നും അത്ര ഹിറ്റായിരുന്നില്ല.അന്ന് മമ്മൂട്ടിയെ സ്‌ക്രീനില്‍ കണ്ടാല്‍ അത്ര നല്ല റെസ്‌പോണ്‍സ് അല്ല ആളുകള്‍ക്ക്. അതില്‍ നിന്ന് രക്ഷപ്പെടുത്തണമെങ്കില്‍ മമ്മൂട്ടിയുടെ ജികെ എന്ന കഥാപാത്രത്തെ കുറച്ച് താഴ്ത്തണമായിരുന്നു. അതുകൊണ്ട് തന്നെ ജയിലില്‍ അവശനായി പൊട്ടിയ കണ്ണടയുമായി നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് കാണിക്കുന്നതെന്നും ദേവന്‍ പറഞ്ഞു. അതുപോലെ തന്നെ അന്ന് ഐ.വി ശശി അദ്ദേഹത്തിന്റെ നാല്‍ക്കവല എന്ന് പറയുന്ന സിനിമ തുടങ്ങാന്‍ പോവുകയാണ്. ഞാനും അതില്‍ അഭിനയിക്കുന്നുണ്ട്. ജോയ് തോമസിനൊപ്പം ഞാന്‍ ന്യൂഡല്‍ഹിയുടെ ഫസ്റ്റ് പ്രിന്റ് കണ്ടു. അത് കഴിഞ്ഞ് ഞാന്‍ നാല്‍ക്കവലയുടെ ഷൂട്ടിംഗിന് വേണ്ടി കോഴിക്കോട് പോയി.
മഹാറാണി ഹോട്ടലിലെത്തിയപ്പോള്‍ അവിടെ ഐ വി ശശി, ദാമോദരന്‍ മാഷ് ഒക്കെ റിസപ്ഷനില്‍ കാത്തിരിക്കുകയാണ്. കണ്ടപാടെ എന്നോട് ന്യൂഡല്‍ഹി എങ്ങനെ ഉണ്ടെന്നാണ് ചോദിച്ചത്. ഗംഭീര സിനിമയാണ് നൂറ് ദിവസം മിനിമം ഓടുമെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ഇരുന്ന സീറ്റില്‍ നിന്നും അതിന്റെ അറ്റത്തേക്ക് വന്നു. ഗംഭീര മേക്കിംഗ് ആണെന്നൊക്കെ ഞാന്‍ പറഞ്ഞു. ഇത് കേട്ടപ്പോള്‍ അവരും ഓക്കെ എന്നൊക്കെ പറഞ്ഞു. സംഭവം എന്താണെന്ന് വെച്ചാല്‍ ന്യൂഡല്‍ഹിയുടെ വിധി എന്താകും എന്ന് അറിഞ്ഞിട്ട് നാല്‍ക്കവലയില്‍ മമ്മൂട്ടിയെ തീരുമാനിക്കാനാണ് അവര്‍ കാത്തിരിക്കുന്നത്. ഒരു നടന്റെ വിധി അതാണെന്നും ദേവന്‍ പറയുന്നു. മഹാനടനായ മമ്മൂട്ടിക്ക് വരെ ജീവിതത്തില്‍ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. സിനിമ വിജയിക്കുന്നവന്റെ കളിക്കളമാണെന്നും ദേവന്‍ പറഞ്ഞു.