തൃശ്ശൂർ :കോർപ്പറേഷൻ പരിധിയിലെ വലിയ തോടുകൾ എല്ലാം ചണ്ടിയും പായലും നിറഞ്ഞു മാലിന്യം വന്നിടിഞ്ഞു കിടന്നിട്ടും തിരിഞ്ഞു നോക്കാതെ കോർപറേഷൻ. പല രോഗങ്ങളുടെ ഭീഷണി നിലനിൽക്കുന്ന നഗരത്തിൽ കൊതുക വളർത്തു കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ് റോഡുകൾ പലതും. മഴക്കാല പൂർവ്വ ശുചീകരണം മഴ തുടങ്ങിയിട്ട് നടത്താമെന്ന നിലപാടാണ് കോർപ്പറേഷൻ സ്വീകരിച്ചിരിക്കുന്നത്.
ചെറിയ കാനകളുടെ ശുചീകരണ പ്രവർത്തികൾ മാത്രമാണ് നടന്നുവരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ജൂൺ നാലുവരെ ടെൻഡർ നടപടി നടത്താനാവില്ല എന്നതാണ് തോടുകളുടെ ശുചീകരണം വൈകാൻ കാരണമായി പറയുന്നത്. എന്നാൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തികൾ ദുരന്തനിവാരണ പ്രവർത്തികൾ ആയതിനാൽ അതിനെ പെരുമാറ്റച്ചട്ടം ബാധിക്കില്ലെന്ന സർക്കുലറിനെ കുറിച്ച് കോർപ്പറേഷന് മിണ്ടാട്ടമില്ല.
മഴക്കാലപൂർവ്വ ശുചീകരണം ആരംഭിക്കണമെന്ന് മാർച്ച് 16ന് സർക്കാർ ഉത്തരവിട്ടതാണ്. അന്നത് നടപ്പാക്കിയില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വരുന്നതിന് മുൻപ് മഴക്കാലപൂർവ്വ ശുചീകരണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്തും നൽകിയിരുന്നു. പിന്നീട് ശുചീകരണ പ്രവർത്തികളെ പെരുമാറ്റ ചട്ടം ബാധിക്കില്ല എന്ന് സർക്കുലറും കോർപ്പറേഷൻ കണ്ടില്ലെന്ന് നടിച്ചു. ഇതാണ് ഇപ്പോൾ റോഡുകൾ കാടുപിടിച്ചു കിടക്കാൻ കാരണം.
കാനകളുടെ നവീകരണത്തിന് നാൽപതിനായിരം രൂപ വരെ ഓരോ ഡിവിഷനും അനുവദിച്ചിട്ടുണ്ട്. ശുചിത്വ മിഷൻ 20,000 രൂപ കോർപ്പറേഷന്റെ 10000 രൂപ ദേശീയ ആരോഗ്യ ദൗത്യം നൽകുന്ന പതിനായിരം രൂപ എന്നിങ്ങനെയാണ് ഇതിന്റെ വിഹിതം. ഇത് ഉപയോഗിച്ചുള്ള നവീകരണ പ്രവർത്തികൾ ഇപ്പോൾ പലയിടത്തും ആരംഭിച്ചിട്ടുണ്ട്. എന്നാൽ വലിയ തോടുകളിൽ പലതിലും ഒഴുക്ക് നിലച്ച് വെള്ളം കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ മഴയോടെ കെട്ടിക്കുടക്കുന്ന വെള്ളത്തിന്റെ അളവ് വർദ്ധിച്ചിട്ടുണ്ട്.
കൊതുകു വഴി പകരുന്ന പല രോഗങ്ങളുടെയും ഭീഷണി നിലനിൽക്കുകയാണ്. ഈ സ്ഥിതി കൊതുകുകളെ നശിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആരോഗ്യവകുപ്പ് അനുദിനം അറിയിപ്പ് പുറപ്പെടുവിക്കുമ്പോൾ കോർപ്പറേഷൻ കൊതുക് പെരുകാനുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ജൂൺ നാലിന് തിരഞ്ഞെടുപ്പ് ഫലം വന്നു പെരുമാറ്റച്ചട്ടം പിൻവലിച്ച ശേഷം തോട് വൃത്തിയാക്കൽ ഉൾപ്പെടെയുള്ള ശുചീകരണ പ്രവർത്തികൾ ആരംഭിക്കുമെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്. മഴ കൊടുംബിരി കൊണ്ട ശേഷമാകും മഴക്കാലപൂർവ്വ ശുചീകരണം ആരംഭിക്കുക എന്ന് ചുരുക്കം.