Investigation

‘കണ്ടം ഓടിയിട്ട് കാര്യമെന്ത്’: വരുമാനമുണ്ടോ ? ; അറിയണം ഗരുഡന്റെ കണക്കുകള്‍

നവകേരള ബസിനെ ഗരുഡ പ്രിമിയം ആക്കി സര്‍വീസ് നടത്തിയതിന്റെ ജനപിന്തുണയും, കളക്ഷനും സംബന്ധിച്ചു വരുന്ന വാര്‍ത്തകള്‍ക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് KSRTC. കോര്‍പ്പറേഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മറുപടി നല്‍കിയിരിക്കുന്നത്. പക്ഷെ, ഈ സര്‍വീസ് ലാഭമാണോ, നഷ്ടമാണോ എന്ന കാതലായ വിഷയത്തെ ഇഴകീറി പരിശോധിക്കാന്‍ KSRTC തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. ‘സാധാരണഗതിയില്‍ പ്രീമിയം ക്ലാസ് സര്‍വീസുകള്‍ക്ക് ലഭിക്കാറുള്ള മികച്ച പിന്തുണ യാത്രക്കാരുടെ ഭാഗത്തുനിന്നും ഗരുഡ പ്രീമിയം സര്‍വീസിനും ലഭിക്കുന്നുണ്ട്. മറ്റുള്ള രീതിയില്‍ വരുന്ന വാര്‍ത്തകള്‍ തികച്ചും വാസ്തവ വിരുദ്ധമാണ്’. എന്നു പറഞ്ഞ് അവസാനിപ്പിക്കുന്ന പോസ്റ്റിന്റെ ഉദ്ദേശം, ആ സര്‍വീസിനെ കുറിച്ച് KSRTC ഔദ്യോഗികമായി പറയുന്നതു മാത്രമാണ് ശരി എന്നാണ്.

സമ്മതിക്കുന്നു, ഔദ്യോഗികമായി പറയുന്നത് ശരിയാണെന്ന് അംഗീകരിക്കണമെങ്കില്‍ കൃത്യമായ കണക്ക് വെയ്ക്കണം. ‘ബസുകള്‍ വിജയകരമായി ഓടുന്നുണ്ട് എന്നതിലല്ല, ലാഭകരമായി ഓടിക്കാനാകുന്നുണ്ടോ’ എന്നാണ് നോക്കേണ്ടത്. അതിവിടെ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. KSRTCയുടെ ഒരു ബസും, ലാഭകരമല്ലാതെ ഓടാന്‍ പാടില്ലെന്നു തന്നെയാണ് ചിന്തിക്കുന്നത്. കാരണം, അത്രയേറെ കടത്തിലും, കഷ്ടപ്പാടിലൂടെയുമാണ് ഗടഞഠഇയുടെ യാത്ര. ഒരു ബസ് ലാഭകരമാകുന്നത് എങ്ങനെയാണ് ?. യാത്രക്കാരുടെ എണ്ണം, ടിക്കറ്റ് വരുമാനം, വാഹനത്തിന്റെ തേയ്മാനം, മെയിന്റനന്‍സ്, ഡീസല്‍ ചിലവ്, ഡ്രൈവര്‍ കണ്ടക്ടര്‍ ശമ്പളം (പറയാന്‍ വിട്ടു പോയിട്ടുള്ള ഏതെങ്കിലും ഘടകം ഉണ്ടെങ്കില്‍ പൂരിപ്പിക്കാം) ഇതെല്ലാം കഴിഞ്ഞ് ഒരു രൂപയെങ്കിലും അധികമുണ്ടെങ്കില്‍ ആ റൂട്ട് ലാഭമെന്നു പറയാനാകും. പക്ഷെ, ഇവിടെ എന്താണ് സംഭവിച്ചിരിക്കുന്നതെന്നു നോക്കാം. ഗരുഡ പ്രിമിയം ബസിനെ യാത്രക്കാര്‍ കൈയ്യൊഴിഞ്ഞോ അതോ കൈയ്യിലേന്തിയോ അന്വേഷണം ന്യൂസ് അന്വേഷിക്കുന്നു.

(അതിനു മുമ്പ് KSRTCയുടെ ഫേസ് ബുക്ക് പോസ്റ്റ് വായിച്ചിട്ടു പോകാം)

“കോഴിക്കോട് ബംഗളൂരു എത്ര കിലോമീറ്റര്‍

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഗരുഡ പ്രീമിയം
സര്‍വീസിനെ യാത്രക്കാര്‍ കയ്യൊഴിഞ്ഞു.
കയ്യൊഴിഞ്ഞോ..?
ചില കോണുകളില്‍ നിന്നും ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്.

ഇത്തരത്തില്‍ ചില മാധ്യമങ്ങളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും അവാസ്തവവുമാണ്. 05.05 2024 ന് കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് ആരംഭിച്ച ഗരുഡ പ്രീമിയം സര്‍വീസിന് യാത്രക്കാരുടെ ഭാഗത്തുനിന്നും വലിയ പിന്തുണയും സഹകരണവും ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സര്‍വ്വീസ് ആരംഭിച്ചതുമുതല്‍ 15.05.204 വരെയുള്ള കാലയളവില്‍ കിലോമീറ്ററിന് ശരാശരി 63.27 രൂപ കളക്ഷന്‍ നേടി ഗരുഡ പ്രീമിയം വിജയകരമായി സര്‍വീസ് തുടരുകയാണ്. പൊതുവെ യാത്രക്കാര്‍ കുറവായ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പ്രതിദിനം കിലോമീറ്ററിന് 60.77 രൂപ മുതല്‍ 85.26 രൂപ വരെ കളക്ഷന്‍ നേടാനായിട്ടുണ്ട്.

ഇതിനോടകം 450 ല്‍ കൂടുതല്‍ യാത്രക്കാര്‍ ഗരുഡ പ്രീമിയം സര്‍വീസില്‍ യാത്ര ചെയ്തു കഴിഞ്ഞു. 15.05.2024 വരെയുള്ള കണക്കനുസരിച്ച് പ്രതിദിനം 46000 രൂപയ്ക്ക് മുകളില്‍ വരുമാനം ടി സര്‍വീസില്‍ നിന്നും ലഭിക്കുന്നുണ്ട്.
സാധാരണഗതിയില്‍ പ്രീമിയം ക്ലാസ് സര്‍വീസുകള്‍ക്ക് ലഭിക്കാറുള്ള മികച്ച പിന്തുണ യാത്രക്കാരുടെ ഭാഗത്തുനിന്നും ഗരുഡ പ്രീമിയം സര്‍വീസിനും ലഭിക്കുന്നുണ്ട്. മറ്റുള്ള രീതിയില്‍ വരുന്ന വാര്‍ത്തകള്‍ തികച്ചും വാസ്തവവിരുദ്ധമാണ്.”

(ഇതാണ് KSRTCക്ക് പറയാനുള്ളത്. ഇനി കണക്കുകളിലേക്കു പോകാം.)

സൗകര്യങ്ങള്‍ ഒരു താരതമ്യം

ഗരുഡ പ്രിമിയം ബസില്‍ സീറ്റിംഗ് കപ്പാസിറ്റി ആകെ 26 സീറ്റാണ്. ഒരു സീറ്റ് കണ്ടക്ടര്‍ക്കു പോയാല്‍, ബാക്കി 25 സീറ്റ്. ലഗേജുകള്‍ വെയ്ക്കാന്‍(ബൂട്ട് സ്‌പെയ്‌സ്) അധികം സ്ഥലം ഇല്ല. കിടക്കാന്‍ ബര്‍ത്ത് ഇല്ല, പുഷ്ബാക്ക് സീറ്റുകള്‍ മാത്രമാണുള്ളത്. കണ്ടക്ടര്‍ ഇല്ലാതെയാണ് ബസിന്റെ ഇപ്പോഴത്തെ യാത്ര. ബസിനുള്ളില്‍ ബാത്ത് റൂമുണ്ട്. എയര്‍ കണ്ടീഷന്‍ ഉണ്ട്. എന്നാല്‍, KSRTCയുടെ തന്നെ വോള്‍വോ സ്‌കാനിയ ബസുകളിലെ സീറ്റിംഗ് കപ്പാസിറ്റി 49 ആണ്. ഒരു സീറ്റ് കണ്ടക്ടര്‍ക്കു പോയാല്‍ ബാക്കി 48 സീറ്റുകള്‍ യാത്രക്കാര്‍ക്ക് റിസര്‍വ് ചെയ്യാം. സീലക്‌സ് ബസുകളില്‍ സീറ്റിംഗ് കപ്പാസിറ്റ് 39 ആണ്. ഈ ബസുകളില്‍ കിടക്കാന്‍ ബര്‍ത്തുകളുമുണ്ട്. പുഷ്ബാക്ക് സീറ്റുകളുമാണ്. എയര്‍ കണ്ടീഷനുമാണ്. ബസിനുള്ളില്‍ ബാത്ത് റൂമുകള്‍ ഇല്ല.

നവകേരളാ ബസില്‍ 25 യാത്രക്കാര്‍ കയറുമ്പോള്‍ സ്‌കാനിയയിലും വോള്‍വോയിലും 22 യാത്രക്കാര്‍ അധികമായി കയറുന്നുണ്ട്. സൂപ്പര്‍ ഡീലക്‌സിലാണെങ്കില്‍ 14 യാത്രക്കാര്‍ കൂടുതല്‍ കയറും. നവകേരളാ ബസിന്റെ ആകെയുള്ള അഡ്വാന്റേജ് ബസിനുള്ളില്‍ ബാത്ത്‌റൂം ഉണ്ട് എന്നതു മാത്രമാണ്. എന്നാല്‍, യാത്രക്കാരെ കൂടുതല്‍ കയറ്റാനാകുന്നില്ല. അപ്പോള്‍ ടിക്കറ്റ് വരുമാനം എത്ര കിട്ടുമെന്ന് മനസ്സിലാക്കാമല്ലോ.

യാത്രക്കാരെ കിട്ടാത്തതെന്ത് ?(അണ്‍ ടൈം സര്‍വീസ്)

‘അണ്‍ ടൈമില്‍’ ആണ് ബസിന്റെ യാത്ര ഷെഡ്യൂളുകള്‍ നിശ്ചയിച്ചിരിക്കുന്നത്. യാത്രക്കാര്‍ ഇല്ലാത്ത സമയത്ത് ബസ് ഓടിയാല്‍ അത് വെരുതേ ഓടാന്‍ മാത്രമേ ഉപകരിക്കൂ. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ യാത്രക്കാരെ ലഭിക്കുന്ന റൂട്ടാണ് കേരള-ബംഗളൂര്‍ അന്തര്‍ സംസ്ഥാന സര്‍വീസ്. പ്രധാനമായും ജോലിക്കാരും, വിദ്യാര്‍ത്ഥികളുമാണ് ഈ സര്‍വീസിനെ ആശ്രയിക്കുന്നത്. എത്ര ബസ് ഓടിയാലും റിസര്‍വേഷന്‍ ഫുള്ളാകുന്ന റൂട്ടാണിത്. ബസിന്റെ സീറ്റിംഗ് കപ്പാസിറ്റി, ബൂട്ട് സ്പെയ്സ്, സീറ്റിംഗ് കംഫര്‍ട്ട്, കൃത്യ സമയം ഇവയാണ് യാത്രക്കാര്‍ പ്രധാനമായും നോക്കുന്നത്. അതുകൊണ്ടു തന്നെ കേരള-ബംഗളൂരു റൂട്ടില്‍ നിരവധി സ്വകാര്യ കമ്പനികള്‍ ബസ് ഓടിക്കുന്നുണ്ട്. അത്യാധുനിക സംവിധാനങ്ങള്‍ യാത്രക്കാര്‍ക്കായി പ്രൊവൈഡ് ചെയ്തു കൊണ്ടാണ് ഇവര്‍ വാഹനങ്ങള്‍ ഇറക്കിയിരിക്കുന്നത്.

ഉറങ്ങാനുള്ള ബര്‍ത്തടക്കം ടു ടയര്‍ സ്ലീപ്പര്‍ കോച്ചാണിത്. ഇതിനു ബദലായാണ് കെ.എസ്.ആര്‍.ടി.സി സ്‌കാനിയയും, വോള്‍വോയും സൂപ്പര്‍ ഡീലക്സുമെല്ലാം ഓടിച്ചത്. എന്നാല്‍, നവ കേരളാ ബസിന്റെ സര്‍വീസ് സമയം നോക്കൂ. രാവിലെ 4 മണിക്കാണ് കോഴിക്കോടു നിന്നും തിരിക്കുന്നത്. ബംഗളൂരുവില്‍ എത്തുന്നത് 11.30നും. ഓഫീസ്-കോളേജ് സമയങ്ങള്‍ കഴിഞ്ഞാണ് ബസ് ബംഗളൂരുവില്‍ എത്തുന്നത്. ഇത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടുണ്ടാക്കും. തിരിച്ച് കോഴിക്കോടേക്ക് വരുന്ന ബസ് പുറപ്പെടുന്നത്, ഉച്ചക്ക് 2.30നാണ്. എത്തുന്നത് രാത്രി 10.05നും. ഉച്ച സമയത്ത് ആരെങ്കിലും യാത്രയ്ക്ക് തയ്യാറാകുമോ.

രാത്രി പത്തു മണിക്ക് കോഴിക്കോട് വന്നിറങ്ങുന്നവര്‍ക്ക് വീടുകളില്‍ പോകാന്‍ കണക്ടിംഗ് ബസ് കിട്ടുമോ. ഇതൊക്കെ വലിയ തിരിച്ചടി നേരിടുന്ന പ്രശ്നമാണ്. അതുകൊണ്ട് നവകേരള ഗരുഡ ബസ് അണ്‍ ടൈം സര്‍വ്വീസായി മാറിക്കഴിഞ്ഞു. അതേസമയം, രാത്രി യാത് തിരിച്ച് പുലര്‍ച്ചെ ബംഗളൂരുവില്‍ എത്തുന്ന രീതിയിലായിരുന്നുവെങ്കില്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനമായേനെ. തിരിച്ച് അവിടുന്ന് രാത്രി തിരിച്ച് പുലര്‍ച്ചെ കോഴിക്കോട് എത്തുന്ന രീതിയില്‍ എന്തുകൊണ്ടാണ് സര്‍വീസ് സെറ്റ് ചെയ്യാതിരുന്നത്. ബസിന്റെ സമയക്രമത്തിലൂടെ യാത്രക്കാര്‍ക്കെങ്കിലും ഉപകരിച്ചിരുന്നുവെങ്കില്‍ വിജയമെന്നു പറയാമായിരുന്നു.

ബസ് ഓടുന്നതിനുള്ള ചിലവ്

നവകേരള ഗരുഡ ബസിന്റെ ചെലവ് ടിക്കറ്റ് വരുമാനത്തിലും, തേയ്മാനത്തിലും, മെയിന്റനന്‍സിലും, ഡീസല്‍ ഇനത്തിലും, ഡ്രൈവര്‍ കണ്ടക്ടര്‍ ശമ്പളം എന്നിവല അടിസ്ഥാനപ്പെടുത്തിയാണ് നോക്കേണ്ടത്. സാധാരണ ബസിന് ബംഗളൂരു വരെ ട്രിപ്പിന് ആവശ്യമായി വരുന്ന് 170 ലിറ്റര്‍ ഡീസലാണ്. നവകേരള ഗരുഡ ബസിന് 200 ലിറ്ററെങ്കിലും വേണ്ടി വരും. ഡീസല്‍ ലിറ്ററിന് കുറഞ്ഞത് 98 രൂപയാണ് വില. അങ്ങനെയെങ്കില്‍ 200 ലിറ്റര്‍ ഡീസലിന് വില 19,600 രൂപയാകും. കോഴിക്കോട്-ബംഗളൂരു റൂട്ട് 380 കിലോമീറ്ററുണ്ട്. അങ്ങനെ നോക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടുമുള്ള കിലോമീറ്റര്‍ 760 ആണ്. അങ്ങോട്ടും ഇങ്ങോട്ടും ബസിന് പോയ് വരാന്‍ 400 ലിറ്റര്‍ ഡീസല്‍ വേണ്ടി വരും. ഇതിന് 39,200 രൂപയാണ് മുടക്കേണ്ടത്.

ഇതിനു പുറമേയാണ് വാഹനം ഓടുന്നതിന്റെ തേയ്മാനം മുതല്‍ മെയിന്റനന്‍സ് വരെയുള്ളത്. നവകേരള ബസ് പുതിയത് ആയതിനാല്‍ ഒരു വര്‍ഷത്തേക്ക് സ്‌പെയര്‍ പാര്‍ട്‌സോ, മെയിന്റനന്‍സോ വേണ്ടി വരില്ലെന്നു വിശ്വസിക്കാം. പക്ഷെ, കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമുള്ള ശമ്പളം ചിലവില്‍കൂട്ടേണ്ടി വരും. കുറഞ്ഞത്, 30, 000 രൂപയാണ് ഒരാള്‍ക്ക് ശമ്പളമെന്നു കരുതുക. എങ്കില്‍ രണ്ടു പേര്‍ക്കും കൂടി 60,000 രൂപയാകും മാസം. അപ്പോള്‍ ഒരു ദിവസം ഇവരുടെ ശമ്പളം 2000 രൂപയാണ്. ഇതും കൂടി കൂട്ടുമ്പോള്‍ നവകേരളാ ബസിന്റെ ഒരു സര്‍വീസ് പൂര്‍ത്തിയാകുമ്പോള്‍ വരുന്ന ഏകദേശ ചിലവ് 41,200 രൂപയാണ്.

ടിക്കറ്റ് വരുമാനം പ്രതീക്ഷിച്ചത്

ആഡംബര നികുതിയും സെസ്സുമടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ആകെ സീറ്റിംഗ് കപ്പാസിറ്റിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ലഭിക്കുന്ന യാത്രക്കാരുടെ എണ്ണം 50 ആണ്. ഒരാളുടെ യാത്രാ ഫെയര്‍ 1171 രൂപയാണ്. ഇങ്ങനെ ലഭിക്കുന്നത് ആകെ 58,550 രൂപയും.


ഏഴു ദിവസത്തെ വരുമാനം ലാഭ നഷ്ടങ്ങള്‍

ഈ മാസം 5നാണ് നവകേരളാ ബസ് സര്‍വീസ് ആരംഭിച്ചത്. 5ന് കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് ടിക്കറ്റ് വരുമാനം 28104 രൂപയാണ്. തിരിച്ചുള്ള സര്‍വീസില്‍ വരുമാനം 30,446 രൂപയും. അതായത് അങ്ങോട്ടും ഇങ്ങോട്ടുമുള്ള ടിക്കറ്റ് വരുമാനം 58,550 ആണ്. ചിലവ് 41,200 രൂപയും. ആദ്യ ട്രിപ്പില്‍ ലാഭം 17,350 രൂപ.
6ന് കോഴിക്കോട്-ബംഗളൂരു (29275), തിരിച്ച് (5855) രൂപയുമാണ്. ആകെ ടിക്കറ്റ് വരുമാനം 35,130 രൂപയാണ്. ചെലവ് 41,200 രൂപയും. ഈ ട്രിപ്പിലെ നഷ്ടം 6070 രൂപയാണ്.
7-ാം തീയതി കോഴിക്കോട്-ബംഗളൂരു(28104), തിരിച്ച് (16394)രൂപയുമാണ്. ആ ദിവസത്തെ മൊത്തം വരുമാനം 44,498 രൂപയാണ്. ചെലവ് 41,200 രൂപയും. ഈ ട്രിപ്പിലെ ലാഭം 3298 രൂപയാണ്.
8-ാം തീയതി (15223) തിരിച്ച് (5855) രൂപയുമാണ്. അന്നേ ദിവസത്തെ ആകെ വരുമാനം 21,078 രൂപയാണ്. ചെലവ് 41,200 രൂപയും. ഈ ദിവസത്തെ ആകെ നഷ്ടം 20,122 രൂപ.
9-ാം തീയതി (5855) തിരിച്ച് (29275) രൂപയുമാണ്. ആകെ വരുമാനം 35,130 രൂപയാണ്. ചെലവ് 41,200 രൂപയും. ഈ ദിവസത്തെ ലാഭം 6070 രൂപയാണ്.
10-ാം തീയതി (12881) തിരിച്ച് (29275) രൂപയുമാണ്. ആകെ വരുമാനം 42,156 രൂപയും. ചെലവ് 41,200 രൂപയും. ഈ ദിവസത്തെ ലാഭം 956 രൂപയാണ്.
11-ാം തീയതി കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് (29275) തിരിച്ച് (29275) രൂപയുമാണ് വരുമാനം. ഈ ദിവസത്തെ ആകെ വരുമാനം 58,550 രൂപയാണ്. ചിലവ് 41,200 രൂപയും. ഈ ദിവസത്തെ ലാഭം 17,350 രൂപയാണ്.

ഒരാഴ്ചത്തെ ആകെ ചിലവും വരുമാനവും ഇങ്ങനെ

ഒരാഴ്ച കൊണ്ട് നവ കേരളാ ബസിന്റെ ആകെ വരുമാനം 2,95,092 രൂപയാണ്. എല്ലാ സീറ്റുകളും പൂര്‍ണ്ണായും റിസര്‍വ് ചെയ്ത് ഓടിയിരുന്നെങ്കില്‍ കിട്ടേണ്ടിയിരുന്നത്, ഒരു ദിവസം 58,550 രൂപയാണ്. ആദ്യ ദിവസവും 11-ാം തീയതിയും മാത്രമാണ് അങ്ങോട്ടും ഇങ്ങോട്ടും റിസര്‍വേഷന്‍ ഫുള്ളായിരുന്നത്. എല്ലാ ദിവസവും റിസര്‍വേഷന്‍ ഫുള്ളായിരുന്നെങ്കില്‍ ലഭിക്കേണ്ടിയിരുന്ന വരുമാനം 4,09,850 രൂപയാണ്. എന്നാല്‍, 1,14,758 രൂപയുടെ നഷ്ടമാണ് വരുമാനത്തില്‍ കാണാനാകുന്നത്.


ഇനി ചിലവ് നോക്കാം. ഒരു ദിവസം ബസ് ഓടാന്‍ ചെലവാകുന്നത് 41,200 രൂപയാണ്. 2,88,400 രൂപയാണ് ഒരാഴ്ചത്തേക്ക് ഡീസല്‍, ശമ്പള ഇനത്തില്‍ നല്‍കേണ്ടി വരുന്നത്. എന്നാല്‍, നിലവില്‍ നവകേരള ബസ് ഓടിയതു വഴി ലഭിച്ച ടിക്കറ്റ് വരുമാനം ചെലവിനേക്കാള്‍ കൂടുതലുണ്ട്. അതായത്, 6692 രൂപയാണ് ലാഭം. ഇതാണ് നവകേരളാ ബസിന്റെ സര്‍വീസ് വിജയകരമാണെന്ന് അധികൃതര്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് സര്‍ക്കാരിന്റെ നവകേരള യാത്ര ആരംഭിക്കുന്നത്. ഇതിനായി എല്ലാ മന്ത്രിമാരും അവരുടെ ഔദ്യോഗിക കാറില്‍ കേരളം ചുറ്റാന്‍ നിന്നാല്‍ ഉണ്ടാകാവുന്ന ഭാരിച്ച ചെലവ് കുറയ്ക്കാനായിരുന്നു നവകേരള ബസ് ഇറക്കിയത്. എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയും ഒരു ബസില്‍. സംഗതി വലി ചര്‍ച്ചയായി. നവകേരള ബസ് കാണാനും ആള്‍ക്കാര്‍ കൂടി. പക്ഷെ, ചെലവിന് ഒരു കുറവും വന്നില്ലെന്നു മാത്രമല്ല, കൂടുകയാണ് ചെയ്തത്. ബസിന്റെ ആഡംബരത്തെ കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ചെയ്തു. ഒന്നരക്കോടി രൂപയോളം വിലയുള്ള ബസ് മ്യൂസിയം ആക്കണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു.