തൃശ്ശൂർ: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ കുന്നംകുളത്തെ നോട്ടുപുസ്തക നിർമ്മാണ മേഖലയിൽ വൻ തിരക്ക് ആണ്. പുസ്തകനിർമാണത്തിന് ഉപയോഗിക്കുന്ന കടലാസിന് വിലകുറഞ്ഞതാണ് ചെറുകിട പുസ്തക നിർമ്മാണ യൂണിറ്റുകൾക്ക് പുതിയ ഉണർവ് ഉണ്ടാക്കിയിട്ടുള്ളത്.
സംസ്ഥാനത്തെ പ്രധാന നോട്ടുപുസ്തക നിർമ്മാണ കേന്ദ്രങ്ങളിൽ ഒന്നാണ് കുന്നംകുളം. 3000 ടണ്ണിലേറെ പുസ്തകങ്ങൾ ഇവിടെനിന്ന് വിപണിയിൽ എത്തുന്നതായാണ് കണക്ക്. കോർപ്പറേറ്റ് നിർമ്മാതാക്കളുടെ കടുത്ത മത്സരം നേരിടേണ്ടിവരുന്നുണ്ടെങ്കിലും കുന്നംകുളത്തെ പുസ്തകങ്ങൾക്ക് സ്വീകാര്യത ഏറെയാണ്. രണ്ടുവർഷം മുമ്പ് കടലാസ് 110 രൂപ വരെ വില ഉണ്ടായിരുന്നു. ഇപ്പോൾ 80- 85 രൂപ നിരക്കിൽ ലഭിക്കുന്നുണ്ട്.അതിനാൽ നിർമാണ ചെലവ് കുറഞ്ഞു. അതോടെ പുസ്തകങ്ങൾ വിലകുറച്ച് നൽകാനാവുന്നുണ്ട്.
രാപ്പകൽ ഭേദമന്യേ പുസ്തകനിർമ്മാണം തകൃതിയാണ് ഇവിടെ. നേരിയ ലാഭം മാത്രം ഈടാക്കുന്ന പുസ്തകനിർമ്മാതാക്കൾക്ക് കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള പുസ്തകങ്ങൾ നൽകാൻ സാധിക്കുന്നുണ്ടെന്ന് നിർമാതാക്കൾ പറയുന്നു.
ഇതിന് പുറമേ ത്രിവേണി വില്പന ശാലകൾ വഴി 50 ലക്ഷം നോട്ടുപുസ്തകങ്ങളാണ് ഇത്തവണ വിപണിയിൽ എത്തിക്കുന്നത്. കുന്നംകുളത്തെ ഓൾ കേരള എക്സൈസ് ബുക്ക് മാനുഫാക്ചേഴ്സ് അസോസിയേഷന്റെ കീഴിലുള്ള യൂണിറ്റുകൾക്കാണ് നിർമ്മാണ ചുമതല. വിവിധ യൂണിറ്റുകളിൽ ഇതിന്റെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്.