Features

പിഴവുകളുടെ മെഡിക്കൽ കോളേജ്?: എന്താണാ പിഴവുകൾ അറിയാമോ?

കണ്ണില്ലാത്ത ഈ അനാസ്ഥകൾക്ക് പിന്നിലെ കാരണമെന്താണ്?

രാജ്യത്തെ ഒന്നാംനിര ആശുപത്രികളുടെ പട്ടികയിലായിരുന്നു നമ്മുടെ കൊച്ചുമലബാറിലെ കോഴിക്കോട് മെഡിക്കൽ കോളേജ് സ്ഥാനം പിടിച്ചിരുന്നത്. 24 മണിക്കൂറും തിക്കി തിരക്കി ജനം ഓടിച്ചെല്ലുന്ന, മികവിന്റെ ചരിത്രം മാത്രം കൈമുതലായുണ്ടായിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് ഇപ്പോഴും വാർത്തകളിൽ നിറയുണ്ട്. പക്ഷേ അവകാശപ്പെടാൻ ഇന്ന് സ്വന്തമായി നേട്ടങ്ങളില്ല, മറിച്ച് കോട്ടങ്ങൾ മാത്രം. എന്തിനും ഏതിനും സാധാരണക്കാരന് ആശ്രയമായിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് ഇന്ന് പിഴവുകളുടെ പട്ടികയിലാണ് നമ്പർ വൺ.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും തുടരെ തുടരെ പുറത്തുവരുന്ന പിഴവുകളുടെ വാർത്തകൾ ജനങ്ങൾക്ക് ഉണ്ടാക്കുന്ന ആശങ്ക ഒട്ടും ചെറുതല്ല. കാരണം ഈ ആശുപത്രിയെ കോഴിക്കോടുകാർ മാത്രമല്ല ആശ്രയിച്ചിരുന്നത്. കാസർകോട് മുതൽ പാലക്കാട് വരെയുള്ള പ്രദേശങ്ങളിൽ നിന്ന് ദിനം പ്രതി ആയിരക്കണക്കിന് രോഗികളാണ് ഇവിടേക്ക് ഒഴുകികൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസവം വരെ ഉണ്ടായ തിരുത്താനാകാത്ത, ഗുരുതരമായ പിഴവുകളും അതിൽ അധികൃതർ എടുക്കുന്ന സമീപനങ്ങളും മെഡിക്കൽ കോളേജിന്റെ വിശ്വാസ്യതയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.

കോഴിക്കോട് കോതിപ്പാലം സ്വദേശി അജിന്റെ സർജറി മാറി ചെയ്‌തെന്ന ആരോപണമാണ് ആശുപത്രിക്കെതിരെ ഏറ്റവും ഒടുവിൽ പുറത്തുവന്നത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിൻ്റെ കൈ പൊട്ടിയിരുന്നു. എല്ല് പൊട്ടിയതിനെ തുടർന്ന് കമ്പിയിട്ടതാണ് മാറി പോയത്. പരാതിയിൽ ചികിത്സാ പിഴവുൾപ്പെടെയുള്ള വകുപ്പ് ചേർത്ത് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഏതവണത്തേയും പോലെ അതിനെ ന്യായീകരിച്ചുകൊണ്ട് തന്നെയാണ് അധികൃതർ രംഗത്തെത്തിയത്. ബന്ധുക്കളുടെ പരാതി തെറ്റിദ്ധാരണ ജനകമാണെന്നും വസ്തുതകൾ അറിയാതെ തെറ്റിദ്ധാരണ പരത്തുന്ന ആരോപണങ്ങൾ നടത്തരുതെന്നും ഡോക്ടർ ആവശ്യപ്പെട്ടു.

വീഴ്ചകൾ ആവർത്തിക്കുമ്പോഴും മെഡിക്കൽ കോളേജ് അധികൃതരും ആരോഗ്യവകുപ്പും സർക്കാരും കാണിക്കുന്ന മൃദുസമീപനം കുറ്റക്കാരെ വെള്ളപൂശുന്നതിന് തുല്യമാണ്. കുറ്റക്കാരെ സംരക്ഷിക്കാൻ ആശുപത്രി ജീവനക്കാർ മുതൽ മന്ത്രിമാർ വരെ മത്സരിക്കുന്നു. ഈ കഴിഞ്ഞ കാലയളവിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് സംഭവിച്ച വീഴ്ചകൾ എന്തൊക്കെയെന്ന് നോക്കാം…

നാലുവയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ

ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കൈവിരലിനു ചികിത്സ തേടിയെത്തിയ നാലു വയസ്സുകാരിക്ക് നാവിന് ശസ്ത്രക്രിയ. പിഴവ് വിവാദമായതോടെ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണെ സസ്പെൻഡ് ചെയ്തു.

ഇടതുകൈയിലെ ആറാമത്തെ വിരൽ നീക്കാനായി ഡോക്ടർ നിർദേശിച്ചതനുസരിച്ച് ആശുപത്രിയിലെത്തിയ ചെറുവണ്ണൂർ മധുരബസാർ സ്വദേശികളുടെ മകൾക്കാണ് നാവിന് കെട്ട് (ടങ്ങ് ടൈ) മാറ്റാനായി ശസ്ത്രക്രിയ ചെയ്തത്. ടങ്ങ് ടൈ നീക്കാനായി വേറെയും കുട്ടികൾ ആശുപത്രിയിലെത്തിയിരുന്നു. ഇവരിലൊരാളാണെന്ന് തെറ്റിദ്ധരിച്ചാണ് ചികിത്സ നൽകിയത്.

ശസ്ത്രക്രിയ പൂർത്തിയായെന്ന് പറഞ്ഞ് നഴ്‌സ് വാർഡിലേക്ക് കൊണ്ടുവന്നപ്പോൾ വായിൽ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് തെറ്റ് മനസ്സിലായത്. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കുട്ടിയെ തിരികെ കൊണ്ടുപോയി കൈ വിരലിലും ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ഡോ. ബിജോൺ ജോൺസന്റെ പേരിൽ കേസെടുത്തു.

ഹർഷിന അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതം

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി വർഷങ്ങളോളം ഹർഷിന സഹിച്ച പീഡകൾക്ക് ആര് ഉത്തരവാദിത്തം ഏറ്റെടുക്കും? കത്രിക വയറ്റില്‍ കിടന്ന അഞ്ചു വര്‍ഷം കാരണമറിയാത്ത വേദനയുമായി ഹർഷിന അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതമായിരുന്നു. കുടുംബാംഗങ്ങളെപ്പോലും തന്‍റെ പ്രയാസം ബോധ്യപ്പെടുത്താന്‍ കഴിയാത്ത നിസ്സഹായാവസ്ഥ. എതിരാളി സര്‍ക്കാര്‍തന്നെയായതിനാല്‍ പലരും നിരുത്സാഹപ്പെടുത്തി. എന്നിട്ടും ഹർഷിന മനോധൈര്യം വീണ്ടെടുത്തു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 2017ല്‍ പ്രസവ ശസ്ത്രക്രിയയ്‌ക്ക് വിധേയയായപ്പോഴാണ് ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. ഇതിന് ശേഷം പലപ്പോഴായി ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. അഞ്ച് വര്‍ഷത്തോളം ബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്ന് നടത്തിയ സ്‌കാനിംഗിലാണ് വയറ്റിനുള്ളില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയതാണ് പ്രശ്‌ന കാരണമെന്ന് കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ സര്‍ജിക്കല്‍ ഉപകരണം മാറ്റിയെങ്കിലും അതിന് ശേഷവും ആരോഗ്യപ്രശ്‌നങ്ങളും പ്രയാസങ്ങളും അലട്ടുന്നുണ്ടെന്ന് ഇവര്‍ പറയുന്നു.

എന്നാല്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളേജില്‍ വച്ച് അല്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ ആദ്യം നിലപാടെടുത്തത്. അഞ്ചു വര്‍ഷം മുമ്പുള്ള കത്രിക എവിടെനിന്നാണ് കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിയില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെയും ന്യായം. “കത്രിക ഞാന്‍ വിഴുങ്ങിയതാണോ” എന്ന് ഹര്‍ഷിന തിരിച്ചുചോദിച്ചപ്പോള്‍ ആരോഗ്യവകുപ്പിനും ഉത്തരംമുട്ടി.

അതിനിടെ അന്വേഷണത്തിനൊടുവില്‍ മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്‌സുമാരെയും തന്നെയാണ് കുറ്റക്കാരായി പൊലീസ് കണ്ടെത്തിയത്. ഇതോടെ അന്ന് നൂറിലേറെ ദിവസം മെഡിക്കല്‍ കോളേജിന് മുമ്പില്‍ ഹര്‍ഷിന നടത്തിവന്ന സമരം അവസാനിപ്പിച്ചു. എന്നാല്‍ കേസില്‍ പിന്നീട് തുടര്‍നടപടികളൊന്നും ഉണ്ടായില്ല.

ആരോഗ്യപ്രശ്നങ്ങൾ അലട്ടിത്തുടങ്ങിയതോടെ വീണ്ടും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങേണ്ട അവസ്ഥയിലാണ് ഹർഷീന. നീതിയ്ക്ക് വേണ്ടി അവർക്ക് തെരുവിൽ ഇറങ്ങേണ്ടി വന്നു. തുടർ ചികിത്സയ്ക്കായി പണം സമാഹരിക്കാനും തെരുവിൽ ഇറങ്ങുകയല്ലാതെ ആ സ്ത്രീയ്ക്ക് മറ്റുവഴികൾ ഇല്ലായിരുന്നു.

ഐസിയു പീഡന കേസ്

മാര്‍ച്ച് 18നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നില്ല. നീതി വൈകിപ്പിക്കുകയാണെന്ന് പറഞ്ഞ് പിന്നീട് അതിജീവിത കോടതിയെ സമീപിച്ചു. ചികിത്സയില്‍ തുടര്‍ന്നിരുന്ന അതിജീവിതയെ ചീഫ് നഴ്സിങ് ഓഫീസര്‍, നഴ്സിങ് സൂപ്രണ്ട്, സീനിയര്‍ നഴ്സിങ് ഓഫീസര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മൊഴി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ടായിരുന്നു.

ബൈപ്പാസ്‌ ശസ്ത്രക്രിയക്കിടെ അജ്ഞാത വസ്തു കുടുങ്ങി

അത്തോളി ചീക്കിലോട് കോറോത്ത് അശോകനാ(60)ണ് ബൈപ്പാസ് ശസ്ത്രക്രിയക്കിടെ അജ്ഞാതവസ്തു ശരീരത്തിൽ കുടുങ്ങിയതായി ആരോപിച്ച് ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. നെഞ്ചുവേദനയെത്തുടർന്ന് 2018 ഓഗസ്റ്റിലാണ് മെഡിക്കൽ കോളേജിൽ ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ആശുപത്രി വിട്ടിട്ടും മുറവുണങ്ങാതെ ഇതിൽനിന്ന് രക്തവും നീരും ഒലിക്കുകയായിരുന്നു. നാലുതവണയായി വീണ്ടും മെഡിക്കൽ കോളേജിലെത്തി ഡോക്ടർമാരെ കണ്ടെങ്കിലും ഫലമുണ്ടായില്ല.

പിന്നീട് പല ഡോക്ടർമാരെയും കണ്ട് ചികിത്സ നടത്തിയെങ്കിലും മുറിവുണങ്ങിയില്ല. ഒടുവിൽ ഉള്ളിയേരിയിലെ മെഡിക്കൽ കോളേജിലെത്തി ഡോക്ടറെ കണ്ടപ്പോഴാണ് സ്‌കാൻ ചെയ്യാൻ നിർദേശിച്ചത്. സ്‌കാനിങ്ങിൽ ഹൃദയത്തിനു താഴെയായി ബാഹ്യവസ്തു കിടക്കുന്നത് കണ്ടെത്തി. തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ശസ്ത്രക്രിയനടത്തി അത് പുറത്തെടുത്തു. ഇതോടെ രക്തവും നീരും മറ്റും വരുന്നത് നിന്നതായും മുറിവുണങ്ങിയതായും അശോകൻ പറഞ്ഞു.

“നീണ്ട അഞ്ചുവർഷം ചെറിയ ദുരിതമല്ല അനുഭവിച്ചത്. കടുത്ത വേദനയ്ക്കൊപ്പം എപ്പോഴും പുറത്തേക്ക് രക്തവും നീരും വന്നുകൊണ്ടിരുന്നു. രാവിലെ എഴുന്നേൽക്കുമ്പോഴേക്കും കിടക്കവിരിയും മറ്റും രക്തം കാരണം നനഞ്ഞിട്ടുണ്ടാവും. ഒരിടത്തും പോവാൻ കഴിയാതെയായി. അഞ്ചുവർമായി ജോലിക്കും പോവാനായില്ല” -അശോകൻ പറയുന്നു. രണ്ടു ശസ്ത്രക്രിയക്കുമായി മൂന്നരലക്ഷത്തോളം രൂപ ചെലവായി. കടവുമുണ്ട്. വീഴ്ചവരുത്തിയവർക്കെതിരേ നടപടിവേണം, ഒപ്പം നഷ്ടപരിഹാരവും -അശോകൻ ആവശ്യപ്പെട്ടു.

കണ്ണില്ലാത്ത ഈ അനാസ്ഥകൾക്ക് പിന്നിലെ കാരണമെന്താണ്? കേരളത്തിലെ മൊത്തം ആരോഗ്യ മേഖലയുടെ തകരാറോ? കുറച്ച് ആശുപത്രി ജീവനക്കാർക്ക് സംഭവിച്ച ഒരു കൈ അബദ്ധമോ? അതോ ആൾപെരുപ്പം കൊണ്ട് പൊറുതിമുട്ടുന്ന ആരോഗ്യ പ്രവർത്തകർക്ക് ജോലിഭാരം കൊണ്ട് സംഭവിച്ച വീഴ്ചയോ? തിരുത്തിയാൽ തീരുമോ ഈ പിഴവുകൾ…?