India

ഇബ്രാഹിം റെയ്‌സിയുടെ മരണം; ഇന്ത്യയില്‍ നാളെ ദു:ഖാചരണം, ദേശീയ പതാക താഴ്ത്തിക്കെട്ടും

ഡല്‍ഹി: ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റെയ്‌സിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെ ഒരു ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നാളെ എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനമുണ്ട്.

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളിൽ ഒന്നാണ് ഇറാൻ. ഈ സാഹചര്യത്തിൽ കൂടിയാണ് ദുഃഖാചരണം.

ഇബ്രാഹിം റെയ്‌സിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചിരുന്നു. ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ റെയ്‌സി നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും ഇറാനിലെ ജനങ്ങള്‍ക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും എക്‌സിലൂടെ മോദി അറിയിച്ചു. ഇന്ത്യ ഇറാനൊപ്പമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെയാണ് ഇബ്രാഹിം റെയ്‌സിയുടെ മരണം സ്ഥിരീകരിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും സ്ഥിരീകരണമുണ്ട്. റെയ്‌സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ് കണ്ടെത്തിയത്. വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുല്ലാഹിയാന്‍, പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്‌മതി, ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും കൊല്ലപ്പെട്ടു.