അടുത്ത കാലത്തായി മലയാള സിനിമയിലെ ഭാഗ്യ നായികയാണ് മഹിമ നമ്പ്യാർ. തൊട്ടതെല്ലാം പൊന്നാക്കി മലയാളികളുട പ്രിയ നായികയായി മഹിമ മാറി. കാര്യസ്ഥന്‍ എന്ന സിനിമയില്‍ ദിലീപിന്റെ സഹോദരിയായിട്ടാണ് മഹിമ നമ്പ്യാരുടെ അഭിനയാരങ്ങേറ്റം. പക്ഷെ മലയാളത്തെക്കാള്‍ തമിഴിലാണ് നടി ശ്രദ്ധ നേടിയത്. സാട്ടൈ എന്ന തമിഴ് ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ താരം ഇപ്പോള്‍ തമിഴിലെ മാത്രമല്ല മലയാളത്തിലെയും നമ്പര്‍ വണ്‍ നായികമാരില്‍ ഒരാളാണ്. ആർഡിഎക്സ് റിലീസിനുശേഷം മലയാളത്തിലെ മുൻനിര നായികമാരുടെ ലിസ്റ്റിലേക്ക് മഹിമ എത്തി കഴിഞ്ഞു. ലിറ്റിൽ ഹാർട്ട്സാണ് റിലീസിന് തയ്യാറെടുക്കുന്ന മഹിമയുടെ ഏറ്റവും പുതിയ സിനിമ.
അതേസമയം അടുത്തിടെ ഒരു വിവാദത്തിൽ നടി ഉൾപ്പെട്ടിരുന്നു. മഹിമ എന്ന പേരിനൊപ്പം നമ്പ്യാർ ചേർത്തതിനെ കുറിച്ച് നടി പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചകൾക്ക് വഴിവെച്ചത്. പേരിൽ ഒരു വാലുണ്ടെങ്കിൽ കരിയറിന് ഒരു ഗ്രോത്തൊക്കെയുണ്ടാകും അങ്ങനെയാണ് മഹിമ നമ്പ്യാർ എന്ന പേര് ചേർത്തത്. അല്ലാതെ ഇതിന് ജാതിയും മതവുമായൊന്നും ഒരു ബന്ധവുമില്ലെന്നാണ് മഹിമ പറഞ്ഞത്. ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണം നൽകിയിരിക്കുകയാണ് നടി. ന്യൂമറോളജിക്കലി പേരിന് ഒരു വാലുണ്ടെങ്കിൽ നല്ലതാണ് എന്നാണ് ഉദ്ദേശിച്ചതെന്നും അല്ലാതെ ജാതി പേരിനെകുറിച്ചല്ല താൻ പറഞ്ഞത് എന്നുമാണ് മഹിമ പറയുന്നത്. ‘ഒരുപക്ഷെ കുറച്ചുകൂടി മുന്നേ ഞാൻ മലയാളിയാണെന്ന് മലയാളികൾക്ക് തിരിച്ചറിയാനും മനസിലാക്കാനും പറ്റിയിരുന്നുവെങ്കിൽ കുറച്ച് കൂടി മുന്നേ ബെറ്റർ ഓപ്പർച്യൂനിറ്റീസ് മലയാളത്തിൽ നിന്നും എനിക്ക് വരുമായിരുന്നു.’
‘ആർഡിഎക്സിലൂടെ വലിയൊരു പ്ലാറ്റ്ഫോമാണ് തുറന്ന് കിട്ടിയത്. എന്റെ പേരിൽ വിവാദമുണ്ടാകാൻ കാരണമായ വീഡിയോ എഡിറ്റഡാണ്. എന്നെ വിമർശിച്ച് എത്തിയവരൊക്കെ ആ വീഡിയോ മുഴുവനായി കണ്ടോയെന്ന് അറിയില്ല. എന്നോട് ചോദിച്ചത് പേര് മാറ്റാനുള്ള കാരണം എന്താണെന്നാണ്. ഞാൻ അതിന് പറഞ്ഞത് ന്യൂമറോളജി നോക്കിയപ്പോൾ ഈ അക്ഷരമാണ് എനിക്ക് ചേരുന്നത് അവർ പറഞ്ഞു.’ ‘അതുപോലെ പേരിന് ഒരു വാലുണ്ടെങ്കിൽ അതായത് ന്യൂമറോളജിക്കലി പേരിന് ഒരു വാല് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അല്ലാതെ എന്റെ ജാതി പേര് എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. പക്ഷെ ഇത് റിപ്പോർട്ട് ചെയ്ത് റിപ്പോർട്ട് ചെയ്ത് വന്നപ്പോൾ ന്യൂമറോളജി എന്ന കാര്യം ഞാൻ പറഞ്ഞതും രണ്ട് പേര് വേണമെന്ന് പറഞ്ഞതുമെല്ലാം പോയി.’
‘അവസാനം അത് എത്തിയപ്പോൾ പേരിന് ഒരു വാലുണ്ടെങ്കിൽ അവസരം ലഭിക്കുമെന്ന് മഹിമ പറഞ്ഞുവെന്നും അതുകൊണ്ടാണ് നമ്പ്യാർ എന്ന് ചേർത്തതും എന്ന തരത്തിലായി. എന്റെ ഗ്രാന്റ് ഫാദറിന്റെ സർ നെയിം ചേർത്തതാണ് അല്ലാതെ ജാതിയും മതവുമില്ലെന്ന് ഞാൻ ആ അഭിമുഖത്തിൽ എടുത്ത് പറഞ്ഞിരുന്നു. എത്രപേർ ആ ഒറിജിനൽ വീഡിയോ മുഴുവനായി കണ്ടുവെന്ന് എനിക്ക് അറിയില്ല. എന്റെ റിയൽ നെയിം ഗോപിക എന്നാണ്.’ ‘മഹിമ എന്നുള്ള പേര് പോലും ഞാനിട്ടതല്ല. ജാതി, മതം ഡിസ്ക്രിമിനേഷൻ വെച്ച് സംസാരിക്കുന്നയാളല്ല ഞാനെന്നത് എന്നെ അടുത്തറിയാവുന്നവർക്ക് അറിയാം’, എന്നാണ് മഹിമ നമ്പ്യാർ പറഞ്ഞത്. താരത്തിന്റെ യഥാർത്ഥ പേര് ഗോപിക എന്നായിരുന്നു. സിനിമയിൽ വന്നശേഷമാണ് അത് മഹിമയായി മാറിയത്. പൊതുവെ സിനിമയിൽ വരുമ്പോൾ താരങ്ങൾ പുത്തൻ പേരുകൾ സ്വീകരിക്കാറുണ്ട്. ജയ് ഗണേഷായിരുന്നു ഏറ്റവും അവസാനം റിലീസ് ചെയ്ത മഹിമയുടെ സിനിമ. ലിറ്റിൽ ഹാർട്ട്സ് എന്ന പുതിയ സിനിമയിൽ മഹിമയുടെ നായകൻ ഷെയ്ൻ നിഗമാണ്.