തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ തുടർച്ചയായി ചികിത്സാ പിഴവ് ഉണ്ടാകുന്നു എന്ന പരാതിയിൽ ഇടപെട്ട് മന്ത്രി വീണാ ജോർജ്. ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ചികിത്സ പിഴവ് ഉണ്ടായി എന്ന പരാതിയെ തുടർന്ന് ആരോഗ്യ മന്ത്രി ഉന്നതതല യോഗം വിളിച്ചു.
നാളെ തിരുവനന്തപുരത്താണ് യോഗം. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ഇതിനായി ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, സുപ്രണ്ട്, ഡെപ്യുട്ടി സൂപ്രണ്ടുമാര്‍ എന്നിവരെയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. യോഗത്തിൽ ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളജുകൾക്കെതിരെ ഉയർന്ന പരാതികൾ പരിശോധിക്കും.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞിന്റെ അവയവം മാറി ശസ്ത്രക്രിയ ചെയ്തുവെന്ന പരാതിയിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ പോലീസ് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി കഴിഞ്ഞ ദിവസം പരാതിയുയര്‍ന്നിരുന്നു. കുഞ്ഞിന് അനക്കമില്ലെന്ന് ഡോക്ടറെ അറിയിച്ചപ്പോള്‍ ഉറങ്ങുന്നത് ആകും എന്ന് പറഞ്ഞ് തിരിച്ചയച്ചതായി കുടുംബം ആരോപിച്ചിരുന്നു. ആലപ്പുഴ പുന്നപ്ര സ്വദേശി 70 വയസ്സുകാരി ഉമൈബ മരിച്ചത് മെഡിക്കല്‍ കോളജിന്റെ ്നാസ്ഥ മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു.