കൊച്ചി: കൊച്ചിയില്‍ നിന്ന് ദോഹയിലേക്കും തിരിച്ചും പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ച് ആകാശ എയര്‍. കൊച്ചിക്കും ദോഹക്കുമിടയില്‍ മുംബൈ വഴി നാല് പ്രതിവാര വണ്‍-സ്റ്റോപ്പ് വിമാന സര്‍വീസുകളാണ് ആരംഭിച്ചത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ കൊച്ചിക്കും ദോഹക്കുമിടയില്‍ വിനോദ സഞ്ചാര മേഖലയിലെ മികച്ച സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് പുതിയ സര്‍വീസുകള്‍. ബിസിനസ്, വിനോദം തുടങ്ങി വിവിധ വിഭാഗങ്ങളിലെ യാത്രക്കാരാണ് ടൂറിസം മേഖലക്ക് ഈ കുതിപ്പ് നല്‍കുന്നത്.
ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് മുംബൈ വഴിയുള്ള കൊച്ചി-ദോഹ വിമാന സര്‍വീസുകള്‍. കൊച്ചിയില്‍ നിന്ന് ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.10ന് പുറപ്പെടുന്ന വിമാനം മുംബൈ വഴി കണക്ട് ചെയ്ത് രാത്രി 7.40ന് ദോഹയില്‍ എത്തിച്ചേരും. തിരികെ ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8.40ന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന വിമാനം മുംബൈ വഴി കണക്ട് ചെയ്ത് പിറ്റേദിവസം രാവിലെ 11.20നാണ് കൊച്ചിയില്‍ എത്തിച്ചേരുക.
ദോഹ (ഖത്തര്‍), ഛദ്ദ (സൗദി അറേബ്യ), കൊച്ചി, ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു തുടങ്ങി 24 നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് നിലവിലെ ആകാശ എയര്‍ വിമാന സര്‍വീസുകള്‍. ആകാശ എയറിന്റെ വെബ്സൈറ്റിലൂടേയും ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പുകളിലൂടേയും പ്രമുഖ ട്രാവല്‍ ഏജന്റുമാരിലൂടെയും (ഒടിഎ) ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.