മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ ലാല്‍. 1980 മുതല്‍ ഇന്ന് വരെ അദ്ദേഹം ചെയ്ത കഥാപാത്രങ്ങള്‍ ആരാധാകരെ വിസ്മയിപ്പിക്കുന്നതാണ്. ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ ലാലിന് ഇന്ന് 64 വയസ് തികയുകയാണ്. ഇപ്പോഴിതാ മോഹന്‍ലാല്‍ പണ്ട് ഒരു അഭിമുഖത്തില്‍ തന്റെ ജീവിതത്തിലെ ഒരു സുപ്രധാന ദിനം മറന്നു പോയതിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പഴയ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ തന്റെ വിവാഹ വാര്‍ഷികം മറുന്നു പോയതിനെക്കുറിച്ചും സുചിത്ര അത് ഓര്‍മിപ്പിച്ചതിനെക്കുറിച്ചും തനിക്ക് സങ്കടമായതിനെക്കുറിച്ചും ഒക്കെ മോഹന്‍ലാല്‍ പറയുന്നുണ്ട്. ചെറിയ ചെറിയ കാര്യങ്ങളാണ് നമ്മള്‍ ജീവിതത്തില്‍ ഓര്‍ത്തിരിക്കേണ്ടതെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. കൈരളി ജെ ബി ജംഗ്ഷനില്‍ നല്‍കിയ അഭിമുഖത്തിലെ ഭാഗമാണ് ഇന്നത്തെ ദിവസം ശ്രദ്ധ നേടുന്നത്.
പ്ലാനിംഗോട് കൂടിയുള്ള കാര്യങ്ങളോ എല്ലാം ഓര്‍ത്ത് വെച്ച് അവരെ പ്ലീസ് ചെയ്യാനോ ഉള്ള കാര്യങ്ങളൊന്നും ഞാന്‍ ചെയ്യാറില്ല. ഏപ്രില്‍ 28 ആണ് എന്റെ വിവാഹ വാര്‍ഷികം. ഒരിക്കല്‍ ആ ദിവസം ഞാന്‍ മറന്നു പോയി. സത്യത്തില്‍ അന്ന് നടന്നത്, ഞാന്‍ അന്ന് ദുബായ്ക്ക് പോവുകയാണ്. അപ്പോള്‍ എന്റെ ഭാര്യ എന്റെ കൂടെ എന്നെ എയര്‍പോര്‍ട്ടില്‍ വിടാനായി കൂടെ വന്നു.എയര്‍പോര്‍ട്ടില്‍ നിന്ന് ഞാന്‍ യാത്ര പറഞ്ഞ് പിരിഞ്ഞു, അതിന്റെ ലോഞ്ചില്‍ ഇരിക്കുന്ന സമയത്ത് എനിക്ക് ഒരു ഫോണ്‍ വന്നു. എന്നിട്ട് എന്നോട് പറഞ്ഞു, ഞാന്‍ ബാഗിനുള്ളില്‍ ഒരു സാധനം വെച്ചിട്ടുണ്ട്. ഒന്ന് നോക്കണം എന്ന് പറഞ്ഞു. ഞാന്‍ എന്താണെന്ന് ചോദിച്ചു. അല്ല അത് നോക്കൂ എന്നാണ് പറഞ്ഞത്. ഞാന്‍ എന്റെ കൈയ്യില്‍ ഉള്ള മോതിരം തുറന്ന് നോക്കിയപ്പോള്‍ അതൊരു പ്രസന്റ് ആയിരുന്നു.
‘അതൊരു മോതിരമായിരുന്നു. ഞാന്‍ ഈ മോതിരം എടുത്ത് നോക്കിയപ്പോള്‍ അതിന്റെ കൂടെ ഒരു കുറിപ്പ് കൂടിയുണ്ടായിരുന്നു. ഈ ദിവസം എങ്കിലും മറക്കാതിരിക്കുക. ഇത് നമ്മുടെ വെഡ്ഡിംഗ് ആനിവേഴ്‌സറിയാണെന്ന്. എനിക്ക് ശരിക്കും സങ്കടം തോന്നി. ഇത്തരം കാര്യങ്ങളില്‍ ഒന്നും ശ്രദ്ധിക്കാത്ത ഒരാളാണെന്ന് അന്ന് എനിക്ക് തോന്നി,’ മോഹന്‍ലാല്‍ പറഞ്ഞു. ഈ ദിവസമെങ്കിലും മറക്കാതിരിക്കൂ എന്ന് പറയുമ്പോള്‍ ഇത്തരം ചെറിയ ചെറിയ കാര്യങ്ങള്‍ ആണല്ലോ വലിയ വലിയ കാര്യം. അതില്‍ ഒരു കുറ്റപ്പെടുത്തലിന്റെ സ്വരമുണ്ട്. എന്തായാലും അതിന് ശേഷം ഞാന്‍ ആ ദിവസം മറന്നിട്ടില്ല. ഇത് എനിക്ക് ഒരു തിരിച്ചറിവായിട്ട് എനിക്ക് മാറി എന്നതാണ്.
വലിയ വലിയ കാര്യങ്ങള്‍ ചെയ്യുന്നതിനെക്കാളും ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യാതിരിക്കുമ്പോഴാണ് അവര്‍ക്ക് സങ്കടം വരിക. ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ ശരിയാക്കി മുന്നോട്ട് പോയാല്‍ വലിയ വലിയ കാര്യങ്ങള്‍ ഉണ്ടാകില്ലെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. സ്‌നേഹത്തില്‍ ഡിറ്റാച്ച്ഡ് ആകുന്നതിനെക്കുറിച്ചും മോഹന്‍ ലാല്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്റെ മകളുടേയോ മകന്റെയോ കാര്യം തന്നെ ആയാലും മകളെയും മകനെയും സ്‌നേഹിക്കാന്‍ ഒരു പരിധിയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എപ്പോഴും അവരെ തന്നെ ചിന്തിച്ചിട്ട് അവരില്‍ നിന്ന് ഒരു മോശം അനുഭവം നമുക്ക് ഉണ്ടായാല്‍ നമ്മള്‍ കൂടുതല്‍ വേദനയിലേക്ക് പോകും. ഇത് ഒരു ഉദാഹരണം പറഞ്ഞെന്നേയുള്ളു. എല്ലാ കാര്യങ്ങളിലും അത് അങ്ങനെ തന്നെയാണ്.
മക്കളെ ആണെങ്കില്‍ പോലും അവര്‍ അവരുടെ ഒരു ജീവിത ശൈലി ഉണ്ടാക്കട്ടെ, അവരെ നമുക്ക് ഗൈഡ് ചെയ്യാന്‍ സാധിക്കും. തന്റെ അച്ഛന് താന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നോ എന്ന് തനിക്ക് അറിയില്ല. ചോദിച്ചപ്പോള്‍ ആദ്യം ഡിഗ്രി പൂര്‍ത്തിയാക്ക് എന്നാണ് പറഞ്ഞത്. എന്നിട്ട് നിന്റെ ഇഷ്ടം പോലെ ചെയ്‌തോളൂ എന്നാണ് പറഞ്ഞത്. തന്റെ മകനോടും തന്നെയാണ് പറയാറ്. ഡിഗ്രി കഴിഞ്ഞിട്ട് ഇഷ്ടമുള്ള വഴിക്ക് പോകാനാണ് പറയാറെന്നും മോഹന്‍ ലാല്‍ പറഞ്ഞു.