യുക്കാലി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന ഈ സാഹചര്യത്തില്‍, ഒരു നാടിനെ കാര്‍ന്നു തിന്നുന്ന വിഷമരങ്ങള്‍ക്കെതിരെ സമാനതകളില്ലാത സമരം ചെയ്തു വിജയം കണ്ട ഒരു കൂട്ടം ജനങ്ങളുടെ സഹനകഥ അറിയാം. പതിറ്റാണ്ടുകളോളം നാടിന് ദു:ഖമായി നിലകൊണ്ടിരുന്ന അക്കേഷ്യ, മാഞ്ചിയം പ്ലാന്റേഷനുകളിലെ മരങ്ങള്‍ മുറിച്ചു മാറ്റി പുതിയ തൈകള്‍ നടാനുള്ള വനം വകുപ്പിന്റെ തീരുമാനത്തിനെതിരായാണ് തിരുവനന്തപുരം ജില്ലയിലെ പാലോട് കേന്ദ്രീകരിച്ച് വന്‍ ജനകീയ സമരം നടന്നത്. അക്കേഷ്യയും, മാഞ്ചിയവും, യൂക്കാലിയും, തേക്കുമുള്‍പ്പടെയുള്ള ഏക വിളകള്‍ നട്ടു പിടിപ്പിച്ച് പശ്ചിമഘട്ട പ്രദേശങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ സ്വാഭാവിക ജൈവഘടന നശിപ്പിച്ചത് അധികാരയിടങ്ങളിലെ സ്വജന താല്‍പര്യക്കാരാണ്.
ജൈവവൈവിധ്യം നിറഞ്ഞ സഹ്യന്റെ താഴ് വരയില്‍ സര്‍ക്കാര്‍ നട്ടു വളര്‍ത്തിയ വിഷമര കഥ ഞെട്ടിപ്പിക്കുന്നതായിരുന്നു. കാടിന്റെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന, സമീപപ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങളെ ദുരിതത്തില്‍ ആഴ്ത്തി, സ്വാഭാവിക തണ്ണീര്‍ത്തടങ്ങളും നീര്‍ച്ചാലുകളിലും വറ്റി വരണ്ട അവസ്ഥ സൃഷ്ടിച്ച ഇത്തരം മരം നടീലികളുടെ അന്തരഫലം ജീവജാലങ്ങളുടെ മുച്ചൂടും മുടിക്കല്‍ തന്നെയാണ്. നാട്ടില്‍ ഒരു തരി ജലം പോലും അവശേഷിക്കാതിരുന്നാല്‍ അവിടെ പിന്നെ നടക്കുന്നത് തോന്നു പടിയായിരിക്കും. പ്രകൃതിയും മനുഷ്യനുമടങ്ങുന്ന ആവാസ വ്യവസ്ഥയെ തകിടം മറിക്കാന്‍ നട്ടുവളര്‍ത്തുന്ന അക്കേഷ്യയും മാഞ്ചിയവും പോലുള്ള വെള്ളമൂറ്റി മരങ്ങള്‍ നാടിനു തന്നെ ആപത്താണ്. എന്തിനാണ് ഇത്തരം മരങ്ങള്‍ നമ്മുടെ വനഭൂമികളില്‍ നട്ടു വളര്‍ത്താന്‍ വീണ്ടും അധികാര കേന്ദ്രങ്ങളില്‍ ഇരിക്കുന്നവര്‍ ശ്രമിക്കുന്നത്. ഉത്തരം വ്യക്തമല്ലെങ്കിലും ഇതിനു പിന്നില്‍ ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ട്.

പാലോട് നടന്നത് അസാധരണ ജനകീയ മുന്നേറ്റം
2014 ജൂലൈ മാസമാണ് പതിറ്റാണ്ടുകളായി നാടിനെ നാമവശേഷമാക്കി കൊണ്ടിരുന്ന അക്കേഷ്യ, മാഞ്ചിയം പ്ലാന്റേഷനുകള്‍ക്കെതിരെ പാലോട് കേന്ദ്രീകരിച്ച് സമരം തുടങ്ങാന്‍ ജനകീയ മുന്നണി തീരുമാനിച്ചത്. പെരിങ്ങമ്മല, വിതുര, നന്നിയോട്, പാങ്ങോട് എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പാണ്ഡ്യന്‍പാറ, കുണ്ടാട്, വെള്ളയംദേശം, കുമങ്കോട് മേഖലകളില്‍ മാഞ്ചിയം, അക്കേഷ്യ തൈ നടലിനെതിരെ ജനവികാരം ശക്തിപ്പെട്ടു. സ്വാഭാവിക വനപ്രദേശങ്ങളായിരുന്ന ഈ മേഖലയില്‍ മാഞ്ചിയം അക്കേഷ്യ നട്ടുപിടിപ്പിച്ച ശേഷം ഉണ്ടായ കുടിവെള്ള ക്ഷാമം, ആരോഗ്യ പ്രശ്നങ്ങള്‍, ജൈവവൈവിധ്യങ്ങളുടെ നാശം എന്നിവ അതീവ രൂക്ഷമായിരുന്നു. നാല് പഞ്ചായത്തുകളുടെയും പരിധിയില്‍ വരുന്ന മേഖലയില്‍ പതിനായിരത്തോളം ഹെക്ടര്‍ ഭൂമിയില്‍ വീണ്ടും തൈ നടാന്‍ ഒരുക്കങ്ങള്‍ വനംവകുപ്പ് ആരംഭിച്ചിരുന്നു.
ഒറ്റമൂലികള്‍ ഉള്‍പ്പെടെ നിരവധി ആയുര്‍വ്വേദ സസ്യങ്ങളും, വിവിധയിനം കായ്കനികളും മറ്റും ധാരാളം ഉണ്ടായിരുന്ന വനപ്രദേശങ്ങളില്‍ മാഞ്ചിയം അക്കേഷ്യ മരങ്ങളെ കൊണ്ട് നിറഞ്ഞപ്പോള്‍ കാട്ടുപന്നിയും, കുരങ്ങും, രാജവെമ്പാലയുള്‍പ്പെടെയുള്ള വിഷപാമ്പുകളും നാട്ടിലിറങ്ങി കാര്‍ഷികമേ ഖലയായ ഈ പ്രദേശത്തെ നശിപ്പിച്ചതായി നാട്ടുകാര്‍ വ്യക്തമാക്കി. 2014 ആയപ്പോഴെക്കും കാര്‍ഷിക വൃത്തിയിലധിഷ്ഠിതമായ പാണ്ഡ്യന്‍പാറ കുണ്ടാട് മേഖലയില്‍ കര്‍ഷകര്‍ കൃഷി നശിച്ച് തൊഴില്‍ രഹിതരായി മാറി. കൂടാതെ മാഞ്ചിയം അക്കേഷ്യ മരങ്ങള്‍ പൂക്കുന്ന അവസരത്തിലുണ്ടാകുന്ന ശ്വാസതടസ്സവും ത്വക്ക് രോഗങ്ങളും കാരണം നിരവധി കുടുംബങ്ങള്‍ നാടു ഉപേക്ഷിച്ച കാഴ്ചയും ഉണ്ടായി.

സമര പരിപാടികള്‍ക്ക് തുടക്കം
ശുദ്ധമായ പ്രകൃതി. ആരോഗ്യം, ജലം നമ്മുടെ അവകാശമെന്ന മുദ്രാവാക്യവുമായി ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ നിരവധി പ്രദേശവാസികള്‍ ജനകീയ സമരത്തിനായി മുന്നിട്ടിറങ്ങി. മാഞ്ചിയം, അക്കേഷ്യ വച്ചുപിടിപ്പിച്ചുള്ള വനവത്കരണ പദ്ധതിക്കെതിരെ ശക്തമായി പ്രതികരിക്കുക. ജനവാസ മേഖലയില്‍ നിന്നും ഇവയെ ഒഴിവാക്കി ജൈവ സമ്പത്തിനെ പുന:സ്ഥാപിക്കാനും, ജലസ്രോതസ്സ്, ആരോഗ്യം, മണ്ണ് എന്നിവയെ സംരക്ഷിക്കാനുമിറങ്ങിയ ജനരോഷത്തെ അക്ഷരാര്‍ത്ഥത്തില്‍ വനം വകുപ്പ് ഭയന്നിരുന്നു. ദുരിതമനുഭവിക്കുന്ന ബാധിത പ്രദേശങ്ങളില്‍ വിവിധതരം ബോധവത്ക്കരണ പരിപാടികള്‍, വിശദീകരണ യോഗങ്ങള്‍, പാലോട് ജംക്ഷനില്‍ പന്തല്‍ക്കെട്ടി സമരം, മനുഷ്യചങ്ങല, പന്തം കൊളുത്തി പ്രകടനം, കുടുംബശ്രീ മുഖേന യോഗങ്ങള്‍ എന്നിവ നടത്തി.
മരങ്ങള്‍ വെട്ടിമാറ്റിയ സ്ഥലങ്ങളില്‍ വീണ്ടും തൈ നടാന്‍ നീക്കമാരംഭിച്ച് വനം വകുപ്പിനെ ഞെട്ടിച്ചുകൊണ്ട് നാട്ടുകാര്‍ ഒരു തൈനടീല്‍ സമരം സംഘടിപ്പിച്ചു. മാവ്, പ്ലാവ്, കശുമാവ് ഉള്‍പ്പടെ വനത്തിന് അനുയോജ്യവും ജൈവസമ്പത്ത് നിലനിര്‍ത്തുന്നതുമായ മരങ്ങളുടെ വിത്ത് പാകി സമരം ചെയ്തു. ഇതോടെ പുതിയ തൈ നടീല്‍ നീക്കം വനം വകുപ്പ് പാടേ ഉപേക്ഷിച്ചു. പാലോട് വിജയം കണ്ട ജനകീയ സമരം കുളത്തൂപ്പുഴയിലും മറ്റു സ്ഥലങ്ങളിലും വ്യാപിച്ചത് വിജയത്തിന്റെ സൂചനയായി ജനങ്ങള്‍ വിലയിരുത്തി.

ഒന്നാം പണിറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കും വനം മന്ത്രി കെ. രാജുവിനുള്‍പ്പടെ സമരസമിതി കാര്യങ്ങള്‍ ബോധിപ്പിച്ചുകൊണ്ട് നിവേദനങ്ങള്‍ നല്‍കിയിരുന്നു. പല സമയങ്ങളിലായി സമരവുമായി മുന്നോട്ട് പോയ പാലോട് നിവാസികള്‍ക്ക് ആശ്വാസമായ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ 2017 മേയില്‍ എത്തി, പരിസ്ഥിതി ദോഷമുണ്ടാക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. കടുത്ത ജലചൂഷണം അടക്കം നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന അക്കേഷ്യ, മാഞ്ചിയം എന്നിവയാണ് വെട്ടിമാറ്റുക. പരിസ്ഥിതി ദിനത്തില്‍ ഒരു കോടി മരങ്ങള്‍ നടാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഇത് പാലോട്ടുകാര്‍ക്ക് ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു.
ഇപ്പോഴുമുണ്ട് അക്കേഷ്യ
വെട്ടിമാറ്റിയ അക്കേഷ്യയ്ക്കും മാഞ്ചിയത്തിനും പകരം വേറെ ഏകവിളകള്‍ പിന്നീട് പാലോടിന്റെ മണ്ണില്‍ വനം വകുപ്പ് നട്ടില്ല. പക്ഷേ ദുരന്തം പൂര്‍ണമായി മാറിയിട്ടില്ല, പ്ലാന്റേഷന്‍ ഭൂമിക്കു പുറത്ത് സര്‍ക്കാര്‍ ഭൂമികളിലുള്‍പ്പടെ അക്കേഷ്യയും മാഞ്ചിയവും ഒന്നോ രണ്ടോ മരങ്ങളായി പലയിടത്തായി വളര്‍ന്നു നില്‍ക്കുന്നുണ്ട്. അതൊന്നും പെട്ടെന്ന് നശിപ്പിക്കാന്‍ കഴിയില്ലെന്നാണ് പഞ്ചായത്തുകള്‍ അറിയിച്ചത്. ഇനിയും വര്‍ഷങ്ങളെടുത്തു മാത്രമെ ഇവെയല്ലാം പൂര്‍ണമായി നാട്ടില്‍ നിന്നും ഒഴിവാക്കാന്‍ കഴിയു. എന്നാലും നാട്ടുകാര്‍ സന്തോഷത്തിലാണ് അക്കേഷ്യ കാടുകള്‍ നല്ലൊരു ശതമാനം മാറിയെന്ന സന്തോഷം.

അക്കേഷ്യ നട്ടത് വനം നയം അട്ടിമറിച്ച്
വനം നയത്തിന്റെ നഗ്നമായ ലംഘനമാണ് അക്കഷ്യ ഉള്‍പ്പടെയുള്ള ജീവജാലങ്ങള്‍ക്ക് ഹാനികരമായ മരങ്ങള്‍ നട്ടുപിടിപ്പിച്ചതിലൂടെ വനം വകുപ്പ് ചെയ്ത്. ഇത്തരം മരങ്ങള്‍ നട്ടതിലൂടെ ഉണ്ടായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് 1988ലെ ദേശീയ വനനിയമത്തിന്റെ അടിസ്ഥാനത്തി ലാണ് അക്കേഷ്യയും മാഞ്ചിയവും മുറിച്ചുനീക്കാനും തദ്ദേശീയമരങ്ങള്‍ നട്ടുപിടിപ്പിക്കാനും നിര്‍ദ്ദേശിക്കുന്ന സംസ്ഥാന വനനയം രൂപീകരിച്ചത്. ഇതനുസരിച്ച് 2009 നു ശേഷം വ്യാവസായിക ആവശ്യങ്ങളക്കല്ലാതെ ഇത്തരം മരങ്ങള്‍ ഉത്പാദിപ്പിച്ചിട്ടില്ലെന്നാണ് വനം വകുപ്പ് വിശദീകരണം. സാമൂഹിക വനവത്ക്കരണത്തിന്റെ ഭാഗമായി 1980 കളില്‍ കനാലുകള്‍ കുളങ്ങള്‍ നദികള്‍ മുതലായവയുടെ ഓരങ്ങളിലും ദേശീയ-സംസ്ഥാന പാതയോരങ്ങളിലും അക്കേഷ്യയും മാഞ്ചിയവും ഉള്‍പ്പെടെയുള്ള വിദേശീയ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ തീരുമാനമെടുത്തത്.

വനദീപ്തി
മാവ്, പ്ലാവ്, ഞാവല്‍, ഇലഞ്ഞി, ആഞ്ഞിലി, പേര, ആത്ത, പുളി, നെല്ലി, കശുമാവില്‍ തലായ ഫലവൃക്ഷങ്ങള്‍. കണിക്കൊന്ന മണിമരുത്, ചമത മന്ദാരം, ചെമ്പകം മുതലായ പൂമരങ്ങള്‍. കുമ്പിള്‍, വേപ്പ്, കുടംപുളി, കാഞ്ഞിരം, രക്ത ചന്ദനം, ചന്ദനം ഉങ്ങ്, ആല്‍, കൂവളം, താന്നി, അശോകം, പതിമുഖം, മരോട്ടി മുതലായ ഔഷധ സസ്യങ്ങങ്ങള്‍. ഈട്ടി, തേക്ക്, മഹാഗണി, പൂവരശ്, മട്ടി, ചെമ്പകം, കരിമരുത്, വെള്ളകില്‍ മുതലായ തടിവൃക്ഷങ്ങള്‍ എന്നിവ അക്കേ ഷ്യക്കും മാഞ്ചിയത്തിനും പകരം വ്യാപകമായി നട്ടുപിടിപ്പിക്കാന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. അനുയോജ്യമായ സ്ഥലങ്ങളില്‍ മുള, ചൂരല്‍ മുതലായവയും ന ടണമെന്ന നിര്‍ദ്ദേശമുണ്ട്. ഇതനുസരിച്ചാണ് വനദീപ്തി പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ വനദീപ്തി പദ്ധതി നാമമാത്രമായ സ്ഥലങ്ങളില്‍ മാത്രമെ നടപ്പാക്കിയിരുന്നുള്ളു.
















