കാലാവസ്ഥ മാറ്റത്തിനനുസരിച്ച് സൗന്ദര്യ സംരക്ഷണത്തിലും മാറ്റങ്ങൾ വരുത്താൻ പലരും മിനക്കെടാറില്ല. മുടിയുടെയും ചർമത്തിന്റെയും സംരക്ഷണ കാര്യത്തിലാണെങ്കിൽ തീരെ ശ്രദ്ധിക്കാറില്ല. എന്നാൽ മഴക്കാലത്ത് സൗന്ദര്യ സംരക്ഷണത്തിൽ പ്രത്യേക കരുതൽ വേണമെന്ന് അറിയാത്തവരും നിരവധിയാണ്. ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഈ മഴക്കാലത്ത് സൗന്ദര്യ സംരക്ഷണം സാധ്യമാക്കാം. ഇതാ ചില പൊടിക്കൈകൾ.
മഴക്കാലമാണല്ലോ എന്ന് കരുതി സൺസ്ക്രീൻ ലോഷൻ വേണ്ടെന്ന് വയ്ക്കരുത്. പുറത്തിറങ്ങുമ്പോഴും വീടിനകത്ത് ഇരിക്കുമ്പോഴും സൺസ്ക്രീൻ ലോഷൻ പുരട്ടാം. മഴക്കാലത്ത് ഉപയോഗിക്കുന്ന ലിപ്സ്റ്റിക്കും ഐലൈനറും കോംപാക്ടും വാട്ടർപ്രൂഫ് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മേക്കപ്പ് ഫിക്സിങ് സ്പ്രേകൾ മഴക്കാലത്ത് കരുതാം. മഴക്കാലത്ത് കുളിക്കുമ്പോൾ സോപ്പിനു പകരം ചെറുപയർപൊടി, കടലപ്പൊടി, വാകപ്പൊടി എന്നിവയുപയോഗിക്കാം. വരണ്ട ചർമക്കാർ ഇതു പാലില്‍ കലക്കി കുഴമ്പു രൂപത്തിൽ വേണം ഉപയോഗിക്കാൻ.
ആവി പിടിച്ചാൽ ചർമത്തിന്റെ സുഷിരങ്ങൾ തുറക്കുകയും ഇതുവഴി മുഖത്തിന് ആരോഗ്യം വർധിക്കുകയും ചെയ്യും. ഇങ്ങനെ മഴക്കാലത്ത് മുഖക്കുരു വരുന്നത് ഒഴിവാക്കാം. ചർമത്തിൽ അണുബാധ ഉണ്ടാകാൻ നല്ല സാധ്യതയുണ്ട്. അതിനാൽ എള്ളെണ്ണയും വെളിച്ചെണ്ണയും സമം ചേർത്തു മുഖത്തും കഴുത്തിലും മസാജ് ചെയ്യുക. രണ്ടു ദിവസം കൂടുമ്പോൾ ഇതു ചെയ്യാം. ആരിവേപ്പില അരച്ച് ഒരു വലിയ സ്പൂൺ മുൾട്ടാണി മിട്ടി ചേർത്തു മുഖത്തു പുരട്ടാം. വരണ്ട ചർമമുള്ളവർ ഇതിനൊപ്പം പാലും ചേർക്കാം. 20 മിനിറ്റിനു ശേഷം ചൂടുവെള്ളത്തിൽ മുഖം കഴുകാം.
നിത്യവും ഉറങ്ങും മുൻപ് വെണ്ണ ഉപയോഗിച്ച് ചുണ്ടുകൾ മസാജ് ചെയ്യണം. മഴക്കാലത്തുണ്ടാകുന്ന ചുണ്ടുകളുടെ വരൾച്ച മാറാൻ ഇത് ഉത്തമമാണ്. ആഴ്ചയിൽ ഒരു തവണ നന്നായി പഴുത്ത പപ്പായ വിരലുകൾ കൊണ്ട് ഉടച്ച് കുഴമ്പ് രൂപത്തിലാക്കി ഫേസ് മാസ്ക് ആയി അണിയാം. ഇരുപത് മിനിറ്റ് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. രണ്ടാഴ്ചയിൽ ഒരിക്കൽ പുതിനയില അരച്ച് അതിൽ ഒരു വലിയ സ്പൂൺ തേൻ ചേർത്ത് പാക്കാക്കി മുഖത്തിടാം. 15 മിനിറ്റ് കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകാം. നിത്യവും ഉറങ്ങുന്നതിന് മുൻപ് പെട്രോളിയം ജെല്ലി ചുണ്ടുകളിൽ പുരട്ടാം. ചുണ്ടുകളുടെ മൃദുത്വം നിലനിർത്താൻ ഇതു സഹായിക്കും.
നിത്യവും തല കഴുകേണ്ട. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രം തല കുളിക്കുക. മുടിയുടെ പകുതി പ്രശ്നങ്ങൾ മാറി കിട്ടും. ഒരു കപ്പ് ആപ്പിൾ സെഡാർ വിനിഗറും ഒരു കപ്പ് വെള്ളവും മിക്സ് ചെയ്ത് പഞ്ഞിയിൽ മുക്കി ശിരോചർമത്തിൽ മസാജ് ചെയ്യുക. ഓരോ മുടിയിഴകളും നീക്കി വേണം മസാജ് ചെയ്യാൻ. അരമണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. എത്ര കടുപ്പമേറിയ താരനും മാറികിട്ടും. ആഴ്ചയിൽ ഒരു ദിവസം ഇതുചെയ്യാം.
മുടിയിൽ ഈർപ്പം തങ്ങി നിന്നാൽ താരൻ, മുടിക്കായ എന്നീ പ്രശ്നങ്ങൾ വരാം. ഇവ അകറ്റാൻ ഓയിൽ മസാജ് ചെയ്ത ശേഷം മുടി ആവി കൊള്ളിക്കുന്നത് ഗുണകരമാണ്. മുടിയില്‍ പുരട്ടാൻ എള്ളെണ്ണ, വെളിച്ചെണ്ണ, ഒലീവ് ഓയിൽ എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം. കറുത്ത എള്ള് പൊടിച്ചതും ഒരു സ്പൂൺ ഉണക്ക നെല്ലിക്കാ പൊടിയും ചേർത്ത് മുട്ടവെള്ളയിൽ ചേർത്ത് പായ്ക്കായി തലമുടിയിൽ പുരട്ടി അരമണിക്കൂർ കഴിയുമ്പോൾ കഴുകി കളയാം.