മനുഷ്യൻ കാലത്തെ അടയാളപ്പെടുത്തുന്നത് തീയതി,ദിവസം ,സമയം, വർഷം എന്നിവയുടെയൊക്കെ അടിസ്ഥാനത്തിലാണ് .എന്നാൽ ദിശമാറിപ്പോകുന്നപോലെ അപ്രതീക്ഷിതമായി കാലത്തെപ്പറ്റിയുള്ള എല്ലാ അടായാളപ്പെടുത്തലുകളും കൈ വിട്ടു പോയാലോ ? അങ്ങനെയാണ് ജെയിലിൽ കഴിയുന്നവരുടെ അവസ്ഥ. അവർ സമയം കണക്കാക്കുന്നത് സംഭവങ്ങൾ വെച്ചാണ് .
കാലവും ജയിൽ വാസികളും തമ്മിലുള്ള ഈ വിചിത്രബന്ധത്തെക്കുറിച്ച് പരാമർശിച്ച വ്യക്തിയാണ് ഉമർ ഖാലിദ് .
ആരാണ് ഉമർ ഖാലിദെന്ന് ആരും മറന്നിട്ടുണ്ടാവില്ല.വിചാരണയോ ജാമ്യമോ ഇല്ലാതെ നാല് വർഷമായി ഉമർ തിഹാർ ജയിലിൽ തുടരുന്നു.യുഎപിഎയ്‌ക്കൊപ്പം രാജ്യദ്രോഹക്കുറ്റവും കൊലപാതകം, കൊലപാതകശ്രമം തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് 18 വകുപ്പുകളാണ് ഉമറിനെതിരെ ചുമത്തിയിട്ടുള്ളത് .
മനുഷ്യാവകാശ പ്രവർത്തകനും ജെ.എൻ.യു വിലെ പൂർവ്വവിദ്യാർഥിയും മുൻ ഡി.എസ്.യു നേതാവുമാണ് സയ്യിദ് ഉമർ ഖാലിദ് എന്ന ഉമർ ഖാലിദ്. ഖാലിദിനെ പോലെയൊരു പ്രവർത്തകന് സമയം വളരെ പ്രധാനമായ ഒന്നായിരുന്നെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ സമയത്തിന് ജയിലിൽ കഴിഞ്ഞ കാലത്ത് മറ്റൊരു നിർവചനം തന്നെ ഖാലിദ് നൽകി. ജയിലിൽ കഴിയുന്ന നാളുകളിലൊന്നും അയാൾ സ്വസ്ഥമായിരുന്നില്ല. ജയിലിലെ മറ്റ് അന്തേവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം പൊരുതി. ജയിലിനുള്ളിൽ ഇരുന്നും ലേഖനങ്ങൾ എഴുതി…വിദ്വേഷത്തിൻ്റെ സാധാരണവൽക്കരണത്തെക്കുറിച്ചും മതഭ്രാന്തിനോടുള്ള സഹിഷ്ണുത ഒരു രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നൊക്കെ ഉമർ എഴുതി . വിദൂര ഭൂതകാലത്തെക്കുറിച്ച് മാത്രമല്ല, സമീപകാലത്തെയും ചരിത്രത്തിൻ്റെ വളച്ചൊടിക്കലുകളെ കുറിച്ചും ശബ്ദിക്കുന്നു.
ഏറ്റവും സുപ്രധാനമായ തിരഞ്ഞെടുപ്പിൻ്റെ മധ്യത്തിലാണ് ഇന്ത്യ.ഒരുപാട് ചോദ്യങ്ങൾക്കിടയിലും ഉമർ ഖാലിദ്, പ്രബീർ പുർക്കയസ്ത, ഗൾഫിഷ ഫാത്തിമ, സിദ്ദിഖ് കാപ്പൻ തുടങ്ങിയ ശബ്ദങ്ങൾ അഴികൾക്കപ്പുറമാണെന്ന് നാം മറന്നുകൂടാ..