Celebrities

സ്വന്തം കാര്യങ്ങള്‍ പോലും മറന്നു; മറവി രോഗത്തിന്റെ പിടിയിൽ നടി ഭാനുപ്രിയ

തമിഴിലും മലയാളത്തിലുമൊക്കെ ഒരുപോലെ സൂപ്പര്‍നായികയായി തിളങ്ങി നിന്ന താരസുന്ദരിയാണ് ഭാനുപ്രിയ. 80കള്‍ മുതലാണ് നടി സിനിമയില്‍ സൂപ്പര്‍താരമായി പ്രശസ്തയിലേക്ക് എത്തുന്നത്. 1983ല്‍ പുറത്തിറങ്ങിയ മെല്ലോ ബെസൗഡു എന്ന ചിത്രത്തിലൂടെ നായികയായാണ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇതിനെ തുടര്‍ന്ന് തമിഴിലും തെലുങ്കിലുമായി നിരവധി അവസരങ്ങള്‍ നടിയെ തേടി എത്തി. ചുരുങ്ങിയ സമയത്തിനുള്ളില്‍ തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നിങ്ങനെ നിരവധി ഭാഷകളിലുള്ള സിനിമകളില്‍ നായികയായി തന്നെ അഭിനയിച്ചു. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും നടി തിളങ്ങി. നിരവധി സിനിമകളില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്ങനെ താരശോഭയില്‍ നിറഞ്ഞ് നിന്ന നടിയുടെ ഇപ്പോഴത്തെ ജീവിതം അത്ര സുഖകരമല്ല.

1998ലാണ് നടി ആദര്‍ശ് കൗശല്‍ എന്നയാളുമായി വിവാഹിതയാവുന്നത്. ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. എന്നാല്‍ പിന്നീട് നടി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. ആ സമയത്താണ് ഭാനുപ്രിയയ്ക്ക് പെട്ടെന്ന് ഓര്‍മ്മശക്തി നഷ്ടപ്പെടുന്നത്. ഒന്നും ഓര്‍മയില്ലാത്ത അവസ്ഥയിലേക്ക് താന്‍ എത്തിപ്പെട്ടു എന്നായിരുന്നു നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അന്ന് ഭാനുപ്രിയ പങ്കുവെച്ച കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്. ‘ഓര്‍മ്മ നഷ്ടപ്പെട്ടതോടെ ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ പോലും എനിക്ക് ഓര്‍ക്കാന്‍ കഴിഞ്ഞില്ല. ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം ഞാന്‍ എന്റെ സാധനങ്ങള്‍ പോലും മറന്നു. ഇക്കാരണത്താല്‍ സിനിമയില്‍ അഭിനയിക്കുന്നത് പോലും ഉപേക്ഷിക്കാമെന്ന് വിചാരിച്ചു. പക്ഷേ എന്റെ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചതിനാല്‍ കുഞ്ഞിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. അതുകൊണ്ടാണ് ഞാന്‍ വീണ്ടും അഭിനയത്തിലേക്ക് വന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമായിരുന്നു അതെന്നും’ നടി പറഞ്ഞു.

മാത്രമല്ല ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന അഭ്യൂഹത്തെക്കുറിച്ചും അഭിമുഖത്തില്‍ ഭാനുപ്രിയ വിശദീകരിച്ചു. ‘ഞാനും ഭര്‍ത്താവും വിവാഹമോചിതരായിട്ടില്ല. ഇതിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഭര്‍ത്താവ് ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും’ ഭാനുപ്രിയ കൂട്ടിച്ചേര്‍ത്തു. പലപ്പോഴും മാധ്യമങ്ങളുടെ ശ്രദ്ധയില്‍ നിന്ന് മാറി ജീവിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് നടി പറഞ്ഞിരുന്നു. കൂടുതല്‍ സമയവും വീട്ടിലിരിക്കാനും പുസ്തകങ്ങള്‍ വായിക്കാനും പാട്ട് കേള്‍ക്കാനും ദൈനംദിന ജോലികള്‍ ചെയ്യാനുമാണ് താന്‍ ഇഷ്ടപ്പെടുന്നത്. ഭാനുപ്രിയയുടെ മകള്‍ അക്ഷയ ഇപ്പോള്‍ ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ സയന്‍സ് ബിരുദം പഠിക്കുകയാണ്. അതേ സമയം മറവി രോഗം കാരണം ഭാനുപ്രിയ ഒരുപാട് വേദനിച്ചിട്ടുണ്ടെന്ന് മുന്‍പൊരു നടന്‍ വെളിപ്പെടുത്തിയിരുന്നു.

തമിഴില്‍ അഭിനയിക്കുമ്പോള്‍ ഒരു സിനിമയുടെ സെറ്റില്‍ വെച്ച് നടിയ്ക്ക് മോശമായിട്ടുള്ള അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ചെയ്യാര്‍ ബാലുവാണ് മുന്‍പ് വെളിപ്പെടുത്തിയത്.
ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് സംഭവം നടക്കുന്നത്. കൂട്ടുകുടുംബത്തിന്റെ കഥ പറയുന്ന സിനിമയില്‍ ഭാനുപ്രിയ പ്രധാനപ്പെട്ടൊരു റോളാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ ഡയലോഗ് മനപ്പാഠം ചെയ്‌തെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ നടിയത് മറന്നു. നിരന്തരം ഡയലോഗ് മറന്നതോടെ ആ സീനിന് വേണ്ടി റീ ടേക്ക് പോയി കൊണ്ടേയിരുന്നു. ഇതുപോലൊരു അസുഖത്തിലൂടെ കടന്ന് പോവുകയാണെങ്കിലും ഭാനുപ്രിയയെ കുറിച്ച് നിരവധി കഥകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സിനിമാ മേഖലയിലുള്ള സുഹൃത്തുക്കളില്‍ ആരും തന്നെ നടിയെ ഫോണ്‍ വിളിച്ചിട്ട് പോലും എന്തു പറ്റിയെന്ന് ചോദിച്ചിട്ടില്ല. ഒടുവില്‍ നടി രാധ നേരിട്ട് വന്ന് ഭാനുപ്രിയയെ കാണുകയും സുഖവിവരം അന്വേഷിക്കുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള അവസ്ഥയിലൂടെയാണ് ഭാനുപ്രിയ കടന്ന് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.