കഴിഞ്ഞ ദിവസമാണ് ഇളയരാജ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന് എതിരെ വക്കീൽ നോട്ടീസ് അയച്ചത്. കണ്മണി അൻപോട് എന്ന ഇളയരാജയുടെ എക്കാലത്തെയും ഹിറ്റ് പാട്ട് സിനിമയിൽ ഉപയോഗിച്ചതിനെതിരെയായിരുന്നു നോട്ടീസ്. എന്നാൽ ചിത്രത്തിൽ ‘കൺമണി അൻപോട്’ എന്ന ഗാനം ഉപയോഗിച്ചത് അനുമതിയോടെയാണെന്ന് ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടറും നടനുമായ ഗണിപതിയും ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ഷോൺ ആന്റണിയും പ്രതികരിച്ചതായി റിപ്പോർട്ട്.
സിനിമയുടെയും പാട്ടിന്റെയും അവകാശമുള്ള പ്രൊഡക്ഷൻ ഹൗസിൽ നിന്ന് പണം നൽകിയാണ് ഗാനത്തിന്റെ റൈറ്റ്സ് വാങ്ങിയതെന്നും. നിലവിൽ ഇളയരാജ അയച്ചെന്ന് പറയുന്ന വക്കീൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും നോട്ടീസ് ലഭിച്ചാൽ അത് നിയമപരമായി നേരിടുമെന്നും ഷോൺ ആന്റണി വ്യക്തമാക്കി. പാട്ടിന്റെ റൈറ്റ്സിന് എത്ര രൂപ നൽകിയെന്നത് വെളിപ്പെടുത്താൻ താൽപര്യമില്ലെന്നും ഷോൺ ആൻ്റണി പറഞ്ഞു.
കമൽഹാസൻ നായകനായി 1991-ൽ പുറത്തിറങ്ങിയ ‘ഗുണ’ എന്ന തമിഴ് ചിത്രത്തിലെ ഗാനമാണ് ‘കൺമണി അൻപോട് കാതലൻ’. മഞ്ഞുമ്മൽ ബോയ്സിന് ഉണ്ടായ ഹൈപ്പിന് ഈ ഗാനം വഹിച്ച പങ്ക് ചെറുതല്ല. എന്നാൽ തന്റെ അനുമതി തേടാതെയാണ് ഗാനം ഉപയോഗിച്ചതെന്നും ടൈറ്റിൽ കാർഡിൽ കടപ്പാട് വച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നും, ചൂണ്ടിക്കാട്ടിയാണ് ഇളയരാജ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പകർപ്പവകാശ നിയമം ലംഘിച്ചതായാണ് പ്രധാന ആരോപണം. ഗാനം ഉപയോഗിക്കുമ്പോൾ ഒന്നുകിൽ അനുമതി തേടണമായിരുന്നുവെന്നും അല്ലെങ്കിൽ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്നും നോട്ടീസിൽ ഇളയരാജ വ്യക്തമാക്കുന്നുണ്ട്. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും പാട്ട് സിനിമയിൽ നിന്ന് പിൻവലിക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് മുൻപും ഇളയരാജ ഇത്തരം വിവാദങ്ങളുമായി രംഗത്ത് വന്നിരുന്നു. പണമല്ല തൻ്റെ പാട്ടുകൾ വാണിജ്യവത്കരിക്കപ്പെടുന്നത് തടയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ മകൻ യുവൻ ശങ്കർ രാജ പാട്ടുകൾ റീമേക്ക് ചെയ്യുമ്പോൾ താങ്കൾക്ക് പ്രശനമില്ലാത്തത് എന്ത് കൊണ്ടാണെന്ന് സാമൂഹ മാധ്യമങ്ങളിൽ രാജയ്ക്കെതിരെ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.