നമ്മുടെ മുഖസൗന്ദര്യത്തിൽ പ്രധാനപങ്കുവഹിക്കുന്നവയാണ് പുരികങ്ങളും കൺപീലികളും. എന്നാൽ എല്ലാവർക്കും അങ്ങനെ ലഭിക്കണമെന്നില്ല. ഇടതൂർന്ന പുരികം സ്വന്തമാക്കാനായി നമ്മൾ പലവഴികളും തേടാറുണ്ട്. ചിലർ മാർക്കറ്റുകളിൽ നിന്നും ഐബ്രോ ജെല്ലുകളും ക്രീമുകളും വാങ്ങിയുപയോഗിക്കും. മറ്റുചിലർ വീടുകളിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പൊടികൈകൾ പരീക്ഷിക്കും. മാസങ്ങളോളം പരീക്ഷിച്ചിട്ടും പ്രതീക്ഷിച്ച ഫലമൊന്നും ലഭിച്ചില്ലെങ്കിൽ ശ്രമങ്ങളൊക്കെ നമ്മൾ നിർത്തിവയ്ക്കും. എന്നാൽ ഇനി നിരാശപ്പെടാതെ വെറും രണ്ടാഴ്ചക്കൊണ്ട് ഇടതൂർന്ന പുരികവും കൺപീലികളും സ്വന്തമാക്കാം.
ഐബ്രോ പാക്ക് തയ്യാറാക്കുന്ന വിധം : ആവശ്യത്തിന് ചെറിയ ഉളളിടെയുക്കുക. ഇതിനെ നന്നായി ചതച്ചെടുക്കണം. ശേഷം ഇതിലേക്ക് ഒരു സ്പൂൺ ആവണക്കെണ്ണയും വെളിച്ചെണ്ണയും ചേർക്കുക. ഇതിനെ നന്നായി യോജിപ്പിച്ചെടുത്തതിന് ശേഷം ചെറിയ തീയിൽ ചൂടാക്കിയെടുക്കാം. മിശ്രിതം തണുത്തതിന് ശേഷം വൃത്തിയുളള ഒരു കോട്ടൺ തുണിയുപയോഗിച്ച് അരിക്കുക. ഇങ്ങനെ ലഭിക്കുന്ന നീരിലേക്ക് ഒരു ടീസ്‌പൂൺ കറ്റാർവാഴയുടെ ജെല്ല് ചേർത്തുക്കൊടുക്കാം. മിശ്രിതത്തെ നന്നായി യോജിപ്പിച്ചെടുക്കാൻ മറക്കരുത്. ഇരുപത് മിനിട്ടിന് ശേഷം മിശ്രിതത്തിനെ ഒട്ടും ജലാംശമില്ലാത്ത വൃത്തിയുളള ചെറിയ പ്ലാസ്റ്റിക് കുപ്പിയിലേക്ക് മാറ്റാം.
ഉപയോഗിക്കേണ്ട വിധം : തയ്യാറാക്കിയ പാക്കിനെ ഒരാഴ്ച വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. പുരികത്തിലും കൺപീലികളിലും പാക്ക് നന്നായി പുരട്ടുക. ഇത് രാത്രി പുരട്ടുന്നതാണ് ഉത്തമം. പതിനഞ്ച് വയസിന് താഴെയുളളവർ പാക്ക് ഉപയോഗിക്കരുത്.