എഴുപത്തിയേഴാമത് കാന്‍ ചലച്ചിത്രോത്സവത്തിൽ ചരിത്രം സൃഷിട്ടിച്ച് മികച്ച നടിക്കുള്ള പുരസ്കാരം നേടിയിരിക്കുകയാണ് അനസൂയ സെന്‍ഗുപ്ത. ‘ദ ഷെയിംലെസ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള ‘അണ് സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് പ്രൈസ്’ അനസൂയ സെന്‍ഗുപ്തയെ തേടിയെത്തിയത്.
കൊല്‍ക്കത്ത സ്വദേശിയായ അനസൂയ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ്.
‘ദ ഷെയിംലെസ്’ ബള്‍ഗേറിയന്‍ ചലച്ചിത്ര നിര്‍മാതാവ് കോണ്സ്റ്റാന്റിന് ബൊജനോവ് തിരക്കഥയെഴുതി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ്. ഡല്‍ഹിയിലെ വേശ്യാലയത്തില്‍ നിന്ന് പോലീസുക്കാരനെ കൊലപ്പെടുത്തി രക്ഷപ്പെടുന്ന രേണുകയെന്ന സ്ത്രീയെയാണ് അനസൂയ സിനിമയിൽ അവതരിപ്പിച്ചത്. അനസൂയക്ക് പുറമെ ഒമാറ ഷെട്ടിയും സിനിമയില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട് .
യുദ്ധത്തില്‍ ധീരമായി പോരാടുന്ന ലോകമെമ്പാടുമുള്ള ക്വിയര്‍ കമ്മ്യൂണിറ്റിക്കും, മറ്റ് പാര്ശ്വവല്കൃത കമ്മ്യൂണിറ്റികൾക്കും പുരസ്കാരം സമര്‍പ്പിക്കുന്നതായി പുരസ്കാരം സ്വീകരിച്ചതിന് ശേഷം അനസൂയ പറഞ്ഞു. ”തുല്യതയ്ക്കുവേണ്ടി പോരാടാന്‍ നിങ്ങള്‍ ക്വിയര്‍ ആകണമെന്നില്ല, കോളനിവല്‍ക്കരണം ദയനീയമാണെന്ന് മനസിലാക്കാന്‍ കോളനിവല്‍ക്കരിക്കപ്പെടേണ്ടതില്ല. അത് മനസ്സിലാക്കാൻ നമ്മള് വളരെ അന്തസ്സുള്ള മനുഷ്യരായാല്‍ മതി,” അനസൂയ പറഞ്ഞു.ആദ്യ കാലങ്ങളിൽ മുംബൈയിലെ പ്രൊഡക്ഷന്‍ ഡിസൈനറായാണ് അനസൂയ അറിയപ്പെട്ടത്. ഗോവയില്‍ താമസിക്കുന്ന അനസൂയ നെറ്റ്ഫ്ളിക്സിലെ മസാബ മസാബ എന്ന പരിപാടിയുടെ സെറ്റ് ഡിസൈനറായിരുന്നു.
ചൈതാനന്ദ നായിക്കിൻ്റെ കന്നഡ ഷോര്‍ട്ട് ഫിലിം ‘സണ്‍ഫ്ളവര്‍ വേര് ദ ഫസ്റ്റ് വണ്‍സ് ടു നോ’യും മീററ്റില്‍ നിന്നുള്ള മന്‍സി മഹേശ്വരിയുടെ ‘ബണ്ണിഹുഡും കാനിൽ പുരസ്കാരം നേടി. ലാ ചൈന്‍സ് സെലക്ഷനില്‍ ഒന്നും മൂന്നും സ്ഥാനമാണ് സിനിമകളെ തേടിയെത്തിയത് . മികച്ച സിനിമയ്ക്കുള്ള അണ് സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് പ്രൈസ് ‘ബ്ലാക്ക് ഡോഗ്’ എന്ന ചൈനീസ് ചിത്രം കരസ്ഥമാക്കി.ഹുഗുവാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.