ശമ്പള കാര്യത്തില്‍ കെ.എസ്.ആര്‍.ടി.സിക്കാരെ മൂക്കിട്ട് ‘ക്ഷ’ വരപ്പിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ കേന്ദ്രത്തിനു മുമ്പില്‍, വായ്പയെടുക്കാന്‍ താണുവീണു നില്‍ക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വഴിയില്ലാത്ത അവസ്ഥയിലായിരിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍, കേന്ദ്രം പൊതുവിപണിയില്‍ നിന്നും കടമെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളം 3500 കോടി കൂടികടം എടുക്കുന്നുണ്ട്. ഇതോടെ ഈ സാമ്പത്തിക വര്‍ഷം കേരളം കടമെടുത്ത തുക 6500 കോടിയായി ഉയരും. കഴിഞ്ഞ മാസം 3000 കോടി കടം എടുത്തിരുന്നു. കടമെടുപ്പിന് കേന്ദ്രാനുമതി ലഭിച്ചതിന് പിന്നാലെയാണ് കടമെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ മാസം 28 ന് റിസര്‍വ് ബാങ്ക് വഴി കടപ്പത്രമിറക്കും. 12 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ 2000 കോടിയും 31 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ 1500 കോടി രൂപയും ആണ് കടമെടുക്കുന്നത്. 3500 കോടി എടുത്ത് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ സാധിക്കുമെന്നാണ് ധനവകുപ്പിന്റെ കണക്ക് കൂട്ടല്‍. കടമെടുപ്പ് വൈകിയതിനാല്‍ ഒന്നാം തീയതി ശമ്പളം കൊടുക്കാന്‍ സാധിക്കുമോയെന്നതില്‍ ധനവകുപ്പിന് വ്യക്തതയില്ല. രണ്ടാം തീയതി ഞായറാഴ്ച അവധിയാണ്. അതുകൊണ്ട് തന്നെ മൂന്നാം തീയതിയോടെ ശമ്പള വിതരണം തടസം ഇല്ലാതെ നടത്താന്‍ സാധിക്കുമെന്നും ധനവകുപ്പ് കണക്കു കൂട്ടുന്നുണ്ട്.
അങ്ങനെ ഇത്തവണയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി. അടുത്ത മാസം എങ്ങനെ പണം കണ്ടെത്തുമെന്നത് വലിയൊരു പ്രശ്‌നമായി നില്‍ക്കുകയാണ്. ഓരോ തവണയും വായ്പയെടുത്ത് ശമ്പളം കൊടുക്കുന്നസര്‍ക്കാരിന്റെ ദുര്‍ചെലവുകള്‍ വര്‍ദ്ധിച്ചു വരികയാണ്. ഒരു വശത്ത്, കടമെടുക്കലും, മറുവശത്ത് ധൂര്‍ത്തും നടക്കുന്നു. വരവില്‍ കവിഞ്ഞ ചെലവിലേക്ക് സംസ്ഥാനം കൂപ്പു കുത്തിയിരിക്കുന്നു എന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്.
എന്നാല്‍, അപ്പോഴും ധൂര്‍ത്തിന്റെ അളവില്‍ കുറവു വന്നിട്ടില്ല. വിദേശ യാത്രകള്‍, കണ്ണട വാങ്ങല്‍, ചികിത്സാ ചിലവ് എഴുതിയെടുക്കല്‍, ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, മന്ത്രിമാര്‍ക്കുള്ള ശമ്പള വര്‍ദ്ധന, മേയര്‍മാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കല്‍, പൂന്തോട്ടം നവീകരിക്കല്‍, പൗരപ്രമുഖരെ ഊട്ടല്‍, പാചകക്കാരനെ നിയമിക്കല്‍ അങ്ങനെ നീണ്ടു നീണ്ടു പോവുകയാണ് ഈ സാമ്പത്തിക ഞെരുക്ക കാലത്തെ ധൂര്‍ത്തിന്റെ വികസന മുഖം.
ഈ വര്‍ഷം 18253 കോടി കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ അനുവദിച്ച 3000 കോടി കൂടി ആകുമ്പോള്‍ അനുമതി നല്‍കിയത് 21253 കോടിയാകും. ഈ സാമ്പത്തിക വര്‍ഷം 37512 കോടി രൂപ കടം എടുക്കാന്‍ കേരളത്തിന് കഴിയുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. 16253 കോടി കുറച്ചുള്ള തുകയാണ് ഇപ്പോള്‍ കടം എടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇത് ഡിസംബര്‍ വരെയുള്ള കടമെടുപ്പ് തുകയാണോ അനുവദിച്ചത് എന്ന് കേരളം വ്യക്തത വരുത്തുമെന്നാണ് അറിയുന്നത്.
സാധാരണ ആദ്യ ഒമ്പത് മാസം എടുക്കാന്‍ സാധിക്കുന്ന കടമെടുപ്പ് എത്രയെന്ന് കേന്ദ്രം വ്യക്തത വരുത്തി അറിയിക്കുകയാണ് പതിവ്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്ന് മാസങ്ങളായ ജനുവരി, ഫെബ്രുവരി, മാര്‍ച്ചില്‍ കടം എടുക്കാനുള്ള ബാക്കി തുകക്ക് കേന്ദ്രം അനുമതി നല്‍കും. ഇത് മുന്‍വര്‍ഷങ്ങളില്‍ ബജറ്റിന് പുറമേ എടുത്ത കടം വെട്ടികുറച്ചതിന് ശേഷമുള്ള തുകക്ക് മാത്രമേ കടം എടുക്കാന്‍ അനുമതി നല്‍കൂ. കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവയുടെ വായ്പ ഇനത്തിലും പി.എഫിന്റെ നിക്ഷേപ ഇനത്തിലും ലഭിച്ച തുക വെട്ടിക്കുറയ്ക്കും.
12000 കോടി രൂപ ഈ ഇനത്തില്‍ ഈ സാമ്പത്തിക വര്‍ഷം വെട്ടി ക്കുറയ്ക്കും. ഇതോടെ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ശമ്പള പെന്‍ഷന്‍ വിതരണത്തിന് കടുത്ത ബുദ്ധിമുട്ട് നേരിടും. 3300 കോടി രൂപയാണ് ശമ്പള വിതരണത്തിന് ഒരു മാസം വേണ്ടി വരുന്നത്.
2300 കോടി രൂപയാണ് ഒരു മാസത്തെ പെന്‍ഷന്‍ നല്‍കാന്‍ വേണ്ടത്. ബാറുകളില്‍ നിന്നും സ്വര്‍ണ്ണത്തില്‍ നിന്നും സര്‍ക്കാര്‍ കൃത്യമായി നികുതി പിരിച്ചില്ലെങ്കില്‍ ശമ്പളവും പെന്‍ഷനും മാത്രമല്ല ദൈനം ദിന കാര്യങ്ങള്‍ പോലും സ്തംഭനത്തിലാകുമെന്നാണ് വിലയിരുത്തല്‍. ധൂര്‍ത്തിനൊപ്പം നികുതി പിരിവിലെ അലംഭാവവും കേരളത്തെ നിശ്ചലമാക്കിയേക്കും.