Celebrities

മക്കളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ തോന്നി; ഭര്‍ത്താവുമായി പിരിഞ്ഞതിനെ പറ്റി വെളിപ്പെടുത്തി നളിനി

മലയാളത്തിനടക്കം പ്രിയപ്പെട്ട നടിയാണ് നളിനി. തമിഴ് സിനിമയിലും സീരിയലിലുമൊക്കെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടിയിപ്പോള്‍. ഒരു കാലത്ത് സൂപ്പര്‍ നായികയായിരുന്നിട്ടും കുടുംബജീവിതം പരാജയപ്പെട്ട് പോയത് നടിയെ വല്ലാതെ തളര്‍ത്തി കളഞ്ഞിരുന്നു. ഇതേ പറ്റി മുന്‍പൊരു അഭിമുഖത്തില്‍ നളിനി തന്നെ സംസാരിച്ചിരുന്നു. ജീവിതത്തിലെ ഒരു ഘട്ടത്തില്‍ മക്കളോടൊപ്പം ആത്മഹത്യ ചെയ്യാന്‍ താന്‍ ചിന്തിച്ചിരുന്നെന്ന് പറയുന്ന നടിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഭര്‍ത്താവ് പോയാല്‍ പിന്നെ ജീവിതമേ ഇല്ലെന്ന് കരുതിയിരുന്ന തന്റെ ഇപ്പോഴത്തെ ജീവിതം എന്തായെന്നും നടി വ്യക്തമാക്കിയിരുന്നു.

1981-ല്‍ രജനികാന്ത് അഭിനയിച്ച ആര്‍മി വീരന്‍ എന്ന ചിത്രത്തിലൂടെയാണ് നളിനി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളം, തമിഴ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളിലെ മുന്‍നിര നടിയായി മാറി. സിനിമയില്‍ അഭിനയിച്ച് തിളങ്ങി നില്‍ക്കുന്ന കാലത്താണ് നടന്‍ രാമരാജനുമായി നളിനി പ്രണയത്തിലാവുന്നത്. പിന്നീട് കുറേ പ്രതിസന്ധികള്‍ക്ക് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ താരദമ്പതിമാര്‍ക്ക് അരുണ്‍, അരുണ എന്നിങ്ങനെ രണ്ട് മക്കള്‍ ജനിക്കുകയും ചെയ്തു. പല അഭിപ്രായ വ്യത്യാസങ്ങളെയും തുടര്‍ന്ന് ദാമ്പത്യത്തില്‍ വിള്ളല്‍ വീണതോടെയാണ് നളിനിയും രാമരാജനും വേര്‍പിരിയുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം അത് വിവാഹമോചനമാണെന്നാണ് നളിനി പറയുന്നത്.

പതിനാല് വര്‍ഷത്തോളം ഭര്‍ത്താവിനൊപ്പം ജീവിച്ചു. അതിന് ശേഷമാണ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത്. ഒരു മാര്‍ച്ച് എട്ടിനായിരുന്നു ഞങ്ങളുടെ വിവാഹമോചനം. ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ദിവസമായിരുന്നു അത്. ഒരു സ്ത്രീക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരാളുടെ കൂടെ ജീവിച്ചിട്ട് മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വരുമെന്ന് ഏതൊരു സാഹചര്യത്തിലും ഞാന്‍ ചിന്തിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഭര്‍ത്താവില്ലാതെ എനിക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നി ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. ഒപ്പം എന്റെ മക്കളെയും കൊല്ലാന്‍ ആഗ്രഹിച്ചുവെന്നാണ് നളിനി പറഞ്ഞത്.

അക്കാലത്ത് കുട്ടി പത്മിനി കൃഷ്ണദാസി സീരിയലില്‍ അഭിനയിക്കാന്‍ എനിക്കൊരു അവസരം വന്നിരുന്നു. എന്നാല്‍ അന്നെനിക്ക് അഭിനയിക്കണമെന്ന് തോന്നിയില്ല. പക്ഷെ ആ സീരിയലാണ് ഇന്ന് ഞാന്‍ ഒരു ധീരയായ സ്ത്രീ ആകാന്‍ കാരണം. ഭര്‍ത്താവിനെ നഷ്ടപ്പെട്ടാല്‍ മരിക്കുമെന്ന് കരുതിയിരുന്ന ഞാന്‍ ഇപ്പോള്‍ അദ്ദേഹത്തിനും മുകളിലാണ് നില്‍ക്കുന്നതെന്ന് പറഞ്ഞാണ് വിഷമിക്കുന്നത്- നടി പറയുന്നു. തങ്ങളുടെ വിവാഹമോചനത്തിനുള്ള ഒരു കാരണം ഒരു ജോത്സ്യന്റെ പ്രവചനമാണെന്ന് നളിനി മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നു. മക്കള്‍ കാരണം രാമരാജന്റെ കരിയര്‍ കുറയുമെന്ന് ഒരു ജ്യോതിഷി അവളോട് പറഞ്ഞിരുന്നു. അങ്ങനെ വന്നതോടെ കുട്ടികളെ ബോര്‍ഡിംഗ് സ്‌കൂളില്‍ അയക്കാുമെന്ന അവസ്ഥ വന്നു.

ഭര്‍ത്താവുള്ള അതേ വീട്ടില്‍ കുട്ടികള്‍ ഉണ്ടാവരുതെന്ന അവസ്ഥയായതോടെയാണ് കുട്ടികളെയും കൂട്ടി മാറാന്‍ താന്‍ തീരുമാനിച്ചത്. അതിനേറ്റവും നല്ലത് വിവാഹമോചനമാണെന്ന് മനസിലാക്കിയതോടെയാണ് നടി ഡിവോഴ്‌സിന് തീരുമാനിച്ചത്. അതേ സമയം വേര്‍പിരിഞ്ഞ ഭര്‍ത്താവുമായി ഇപ്പോഴും അതേ സൗഹൃദമാണ് നളിനിയും മക്കളും കാണിക്കാറുള്ളത്. ഇരുവരും മക്കളുടെ മാതാപിതാക്കളായി ഇന്നും കടമകള്‍ ചെയ്ത് വരികയാണ്. മകന്‍ അരുണിന്റെയും അരുണയുടെയും വിവാഹത്തില്‍ രാമരാജന്‍ പങ്കെടുത്തു. വിവാഹശേഷം സിനിമ വിട്ട നളിനി രാമരാജനുമായി വേര്‍പിരിഞ്ഞതിന് ശേഷം സിനിമകളിലും സീരിയലുകളിലും അഭിനയിക്കുന്ന തിരക്കിലാണ്.