തിരുവനന്തപുരം: രണ്ടാം ബാർ കോഴ വിവാദത്തിന് തിരികൊളുത്തിയ ശബ്ദസന്ദേശം നിഷേധിച്ച് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ല പ്രസിഡന്റുമായ അനിമോൻ. കോഴപ്പിരിവ് നിഷേധിച്ച് ബാറുടമകളുടെ സംഘടനയും സർക്കാറും മുന്നോട്ടുവെച്ച വാദം അംഗീകരിച്ചാണ് അനിമോൻ രംഗത്തുവന്നത്. സംഘടനയിലെ അംഗങ്ങൾക്കായി നൽകിയ വിശദീകരണത്തിൽ തന്റെ ശബ്ദസന്ദേശം ആശയക്കുഴപ്പം സൃഷ്ടിച്ചതിൽ അനിമോൻ ഖേദപ്രകടനം നടത്തുന്നു. പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കവേ, അനിമോന്റെ തിരുത്ത് പ്രതിരോധത്തിലായ സർക്കാറിനും ഇടതുപക്ഷത്തിനും ആശ്വാസംപകരും.
ഡ്രൈ ഡേ ഒഴിവാക്കാനും ബാർ പ്രവർത്തനസമയം നീട്ടിക്കിട്ടാനും ഓരോ ബാറുടമയും രണ്ടര ലക്ഷം രൂപവീതം നൽകണമെന്നായിരുന്നു ഇടുക്കി ജില്ലയിലെ ബാറുടമകളുടെ വാട്സ്ആപ് ഗ്രൂപ്പിൽ അനിമോൻ നൽകിയ ശബ്ദസന്ദേശം. സന്ദേശം പുറത്തായതോടെ, അംഗങ്ങളിൽനിന്ന് പണം ആവശ്യപ്പെട്ടത് സംഘടനക്ക് തിരുവനന്തപുരത്ത് കെട്ടിടം വാങ്ങാനാണെന്നും അതിൽ എതിർപ്പുള്ളവരാണ് തെറ്റായ പ്രചാരണം നടത്തുന്നതെന്നും ബാറുടമകളുടെ സംഘടന സംസ്ഥാന പ്രസിഡന്റ് പി. സുനിൽകുമാർ വിശദീകരിച്ചു. ഇതേക്കുറിച്ച് പ്രതികരിക്കാൻ വിസ്സമ്മതിച്ച അനിമോൻ ഇപ്പോൾ സംസ്ഥാന പ്രസിഡന്റിന്റെ വാദം അംഗീകരിച്ച് രംഗത്തുവന്നത് സംഘടനയിൽ പ്രശ്നം പറഞ്ഞുതീർത്തതിന് ശേഷമാണെന്നാണ് സൂചന.
ശബ്ദസന്ദേശം ചോർന്നതിൽ ഗൂഢാലോചന ആരോപിച്ച് മന്ത്രി എം.ബി. രാജേഷ് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതും തിരുത്തലിന് ബാറുടമകളെ പ്രേരിപ്പിച്ചു. കോഴപ്പിരിവിന്റെ ശബ്ദസന്ദേശം പുറത്തായത് അനിമോൻ നിഷേധിക്കുന്നത് സർക്കാറിന്റെ സമ്മർദത്തിന് വഴങ്ങിയാണെന്നും ബാറുടമകളും സർക്കാറും ഒത്തുകളിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിഷയത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എം.ബി. രാജേഷിന്റെ രാജി ആവശ്യപ്പെട്ട് തൃത്താലയിൽ മന്ത്രിയുടെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി.
എക്സൈസ് മന്ത്രി എം.ബി. രാജേഷ് മാത്രമല്ല, ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും കോഴ ഇടപാടിൽ പങ്കുണ്ടെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. എട്ടുവർഷമായി അധികാരത്തിൽനിന്ന് പുറത്തുനിൽക്കുന്നതിന്റെ നിരാശയാണ് യു.ഡി.എഫിനെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ബാർ കോഴ വിവാദം ചൂടുപിടിക്കവേ, മന്ത്രി എം.ബി. രാജേഷ് സ്വകാര്യ സന്ദർശനത്തിനായി ശനിയാഴ്ച വിദേശത്തേക്ക് പോയി.