India

റിമാല്‍ ചുഴലിക്കാറ്റ് അതീതീവ്രമായി, പശ്ചിമ ബംഗാളിലെയും വടക്കന്‍ ഒഡീഷയിലെയും ജാഗ്രതാ നിർദേശം

പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖെപ്പുപാറയ്ക്ക് ഇടയില്‍ ചുഴലിക്കാറ്റ് കര തൊടാനാണ് സാധ്യത

ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട റിമാല്‍ ചുഴലിക്കാറ്റ് അതിതീവ്രമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രാത്രിയില്‍ ബംഗ്ലാദേശ്- ബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിന് സമീപം ചുഴലിക്കാറ്റ് കരതൊടും. പശ്ചിമ ബംഗാളിലെയും വടക്കന്‍ ഒഡീഷയിലെയും തീരദേശ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖെപ്പുപാറയ്ക്ക് ഇടയില്‍ ചുഴലിക്കാറ്റ് കര തൊടാനാണ് സാധ്യത. മണ്‍സൂണ്‍ സീസണിന് മുന്‍പുള്ള ബംഗാള്‍ ഉള്‍ക്കടലിലെ ആദ്യ ചുഴലിക്കാറ്റാണിത്. ഇത് കൂടുതല്‍ ശക്തി പ്രാപിച്ച് സാഗര്‍ ദ്വീപിനും ഖെപ്പുപാറയ്ക്കും ഇടയില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലും അര്‍ദ്ധരാത്രിയോടെ മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് മഴ മുന്നറിയിപ്പ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.ചുഴലിക്കാറ്റ് കര തൊടുന്ന സമയത്ത് കടലേറ്റത്തിന് സാധ്യതയുണ്ട്. 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ പശ്ചിമ ബംഗാളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയേക്കാം.

ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. തെക്ക്, വടക്ക് 24 പര്‍ഗാനാസ് ജില്ലകളില്‍ വലിയ നാശനഷ്ടത്തിന് സാധ്യതയുണ്ട്. വെള്ളപ്പൊക്കത്തിനും വൈദ്യുതി, ആശയവിനിമയ ലൈനുകള്‍, റോഡുകള്‍, വിളകള്‍, തോട്ടങ്ങള്‍ എന്നിവയുടെ നാശനഷ്ടത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ദുരിതബാധിത പ്രദേശങ്ങളില്‍ കഴിയുന്നവര്‍ വീടുകളില്‍ തന്നെ കഴിയണം. ആവശ്യമെങ്കില്‍ അധികൃതരുടെ നിര്‍ദേശം അനുസരിച്ച് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.