Kerala

പതിനാലുകാരനെ മർദിച്ച കേസിൽ ജാമ്യം ലഭിച്ച ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: പതിനാലുകാരനെ മര്‍ദിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട ബിജെപി പ്രാദേശിക നേതാവ് വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കാപ്പില്‍ കിഴക്ക് ആലമ്പള്ളിയില്‍ മനോജ് (45) ആണ് മരിച്ചത്. ബിജെപി വാര്‍ഡ് ഭാരവാഹിയായിരുന്നു മനോജ്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിനായില്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് പതിനാലുകാരനായ ഷാഫിയെ മനോജ് ക്രൂരമായി മര്‍ദ്ദിച്ചത്. വീട്ടിലെ ആക്രിസാധനങ്ങള്‍ സൈക്കിളില്‍ വില്‍ക്കാനായി കൊണ്ടുപോകുമ്പോള്‍ ആയിരുന്നു മര്‍ദ്ദനം. ആക്രി സാധനങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പട്ടിണിയെ തുടര്‍ന്നാണ് വീട്ടിലെ ആക്രി സാധനങ്ങള്‍ വില്‍ക്കാനായി പോയത് എന്നായിരുന്നു ഷാഫിയുടെ മാതാവ് പറഞ്ഞത്. ഇതേ തുടര്‍ന്നായിരുന്നു മനോജിനെ അറസ്റ്റ് ചെയ്തത്

റിമാൻഡിലായ മനോജിന് ഒരു ദിവസം കഴിഞ്ഞപ്പോൾ ജാമ്യം ലഭിച്ചു. വാക്കുതർക്കത്തിനിടെ 14 കാരൻ കല്ലെടുത്തെറിഞ്ഞ് പരുക്കേൽപ്പിച്ചതായി കാണിച്ച് മനോജും പൊലീസിൽ പരാതി നൽകിയിരുന്നു.

മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും.