മനുഷ്യൻ എപ്പോഴും ഭയത്തോടെ മാത്രം കാണുന്ന ജീവി വർഗ്ഗമാണ് പാമ്പുകൾ. കൈപ്പിടിയിൽ ഒതുക്കാൻ ഭയക്കുന്ന ജീവികളോട് അല്ലെങ്കിലും മനുഷ്യന് ഒരു കൗതുകമുണ്ട്. പൊതുവെ നമ്മൾ മലയാളികൾക്ക് പാമ്പുകൾക്കായി ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ നടത്തുന്ന കൂട്ടത്തിലുമാണ് . എന്നാൽ അതൊക്കെ നാഗങ്ങളുടെ വിഗ്രഹങ്ങളുടെ മുന്നിൽ മാത്രം . എന്നാൽ അങ്ങ് ഇറ്റലിയില്‍ പാമ്പുകൾക്കായി ഒരു ഉത്സവം തന്നെ നടത്താറുണ്ട് . ജീവനുള്ള പാമ്പുകളുമായി പ്രദക്ഷിണം അക്ഷരാർത്ഥത്തിൽ അതാണ് പാമ്പുത്സവം .
ജീവനുള്ള പാമ്പുകളെ കയ്യില്‍ പിടിച്ച് തെരുവിലേക്കിറങ്ങുന്ന സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍.ഈ പ്രത്യേകതരം പാമ്പുത്സവം നടക്കുന്നത് ഇറ്റലിയിലെ കൊക്കുല്ലോയെന്ന ഗ്രാമത്തിലാണ് .കാണുന്നവർക്ക് പേടിതോന്നുമെങ്കിലും അവിടത്തുകാർക്ക് ഒരു കൂസലുമില്ല. എല്ലാവർഷവും മേയ് ആദ്യം നടക്കുന്ന ഈ ഉത്സവം കൊക്കുല്ലോ ഗ്രാമവാസികൾക്ക് വളരെ പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമാണ്. എല്ലാ വർഷങ്ങളും മുടങ്ങാതെ ഉത്സവം നടത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. കൊക്കുല്ലയിൽ ഭൂകമ്പം ഉണ്ടായതിനെത്തുടർന്ന് 2009 ൽ മാത്രമാണ് ആഘോഷം നടക്കാതിരുന്നത്.പത്തിനും പതിനൊന്നാം നൂറ്റാണ്ടിനുമിടയില്‍ ഈ പ്രദേശങ്ങളില്‍ പാമ്പുകള്‍ ധാരാളമുണ്ടായിരുന്നു . അതുകൊണ്ട് തന്നെ പാമ്പുകടിയേറ്റുള്ള മരണങ്ങളും കൂടുതലായിരുന്നു.അന്ന് പാമ്പ് കടിയേൽക്കുന്നവരെ ചികിത്സിച്ചിരുന്നത് പുരോഹിതനായ ഡൊമനിക്കാണ്. അതിൽ ഏറെ വിദഗ്ധനായിരുന്നു അദ്ദേഹം. അതിനാൽ, അദ്ദേഹത്തോട് വളരെയധികം ആദരവ് കാത്തുസൂക്ഷിച്ചവരായിരുന്നു കൊക്കുല്ലോക്കാർ.
സാന്‍ ഡൊമെനികോ ആ കാലത്ത് ലാസിയോയിലും അബ്രുസ്സോയിലും സന്യാസിമഠങ്ങള്‍ അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. ഡൊമെനികോയുടെ വിഷചികിത്സ അക്കാലത്ത് ലോകം മുഴുവന്‍ കേള്‍വികേട്ടിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മദിനത്തിലാണ് ഇപ്പോള്‍ പാമ്പുത്സവം നടന്നുവരുന്നത്. രാവിലെ മുതല്‍ പാമ്പുകളാല്‍ പൊതിഞ്ഞ പ്രതിമയുമേന്തിയുള്ള പ്രദക്ഷിണം ആരംഭിക്കും. പുരോഹിതരും തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകളുമാണ് പ്രദക്ഷിണത്തിന് നേതൃത്വം നല്‍കുന്നത്. സിയാംബെല്ലി എന്ന ഒരു തരം ബ്രഡ് സ്ത്രീകള്‍ കൈകളില്‍ വെക്കും. പാമ്പ് സ്വന്തം വാലില്‍ കടിക്കുന്നു എന്ന സങ്കല്‍പ്പത്തിലാണ് സിയാംബെല്ലി ഉണ്ടാക്കുന്നത്.
പാമ്പുത്സവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ നാട്ടിലെ പാമ്പുപിടുത്തക്കാരെല്ലാം തിരക്കിലാകും.കാടും മലയും ചികഞ്ഞ് വിഷമില്ലാത്ത പാമ്പുകളെയെല്ലാം പിടിക്കും .ഉത്സവ ദിവസം ഈ പാമ്പുകളെ ഓരോന്നായി വിശ്വാസികളുടെ കൈകളില്‍ കൊടുക്കും.പ്രാര്‍ത്ഥനയോട് വിശ്വാസികള്‍ പാമ്പുകളെ ഡൊമനിക് പ്രതിമയില്‍ ചാര്‍ത്തും.30 പാമ്പുകള്‍ ആയിരുന്നത്രേ ആദ്യകാല കണക്ക് പക്ഷെ ഇന്ന് പ്രതിമ മൂടും വരെ പാമ്പുകള്‍ ഉണ്ടാകും.ശേഷം പരമ്പരാഗത വേഷങ്ങളണിഞ്ഞ് നഗരപ്രദക്ഷിണമാണ്. വിഷമില്ലാത്ത പാമ്പുകളെയാണ് ഇങ്ങനെ പ്രതിമയില്‍ പൊതിഞ്ഞിരിക്കുന്നത് . ആഘോഷങ്ങള്‍ക്ക് ശേഷം പിന്നീട്, ആ പാമ്പുകളെ കാട്ടിലേക്ക് തന്നെ കൊണ്ടുപോയി വിടുകയും ചെയ്യും