Celebrities

‘ഞാന്‍ മരിച്ച് കഴിഞ്ഞാല്‍ എത്രനാള്‍ എന്നെ ഓര്‍ക്കും; ഞാൻ ആയിരക്കണക്കിന് നടന്മാരില്‍ ഒരാൾ മാത്രമെന്ന് മമ്മൂട്ടി

മലയാളിക്ക് മമ്മൂട്ടി എന്നാൽ എന്നും വിസ്മയങ്ങളുടെ മറ്റൊരു വാക്കാണ്. അഭിനയത്തിന്റെ പുതിയ ചരിത്രം തന്നിലൂടെ അദ്ദേഹം രചിക്കുമ്പോൾ അഭിനയ മോഹത്തെ എത്തിപ്പിടിക്കാൻ വെമ്പുന്നവർക്ക് അല്ലെങ്കിൽ സിനിമയോട് നീതി പുലർത്തണമെന്ന് തോന്നുന്നവർക്ക് വായിച്ച് പഠിക്കാവുന്ന പാഠപുസ്തകം തന്നെയാണ് മമ്മൂട്ടി എന്ന നടൻ. മമ്മൂട്ടി എന്ന പച്ചയായ മനുഷ്യൻ ജീവിതത്തോടും സമൂഹത്തോടും കാണിക്കുന്ന സത്യസന്ധത തന്നെ മറ്റുള്ളവർക്ക് വലിയൊരു മാതൃകയാണ്. മമ്മൂട്ടി എന്നാൽ സിനിമാ പ്രേമികൾക്ക് അതൊരു വികാരമാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച് ആരാധകരുടെ ഇടനെഞ്ചിൽ ഇടംപിടിച്ച മമ്മൂട്ടി മലയാളികളുടെ മനസിൽ ഇന്നും പ്രായം കൂടാത്ത ഒരേയൊരു താരമാണ്.

മമ്മൂട്ടിയില്ലാത്ത മലയാള സിനിമയെ കുറിച്ച് ചിന്തിക്കാൻ പോലും മലയാളികൾ ഇഷ്ടപ്പെടുന്നില്ല. സിനിമയോടും അഭിനയത്തോടും ഭ്രാന്തമായ സ്നേഹമാണ് മലയാളത്തിന്റെ മെ​ഗാസ്റ്റാറിന്. സിനിമ ഇല്ലെങ്കിൽ തന്റെ ശ്വാസം നിന്നുപോകുമെന്നാണ് താരം പറയാറുള്ളത്. ലോകാവസാനം വരെ ആളുകള്‍ നമ്മളെ ഓര്‍ത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുതെന്ന് പറയുകയാണിപ്പോൾ മമ്മൂട്ടി. ഏറ്റവും പുതിയ സിനിമ ടർബോയുടെ പ്രമോഷന്റെ ഭാ​ഗമായി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവൻ‌സർ ഖാലിദ് അല്‍ അമീറിയുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്. ഒരു ഘട്ടം കഴിഞ്ഞാല്‍ എല്ലാ നടീനടന്മാര്‍ക്കും സിനിമ മടുക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. മമ്മൂട്ടിക്ക് എന്നെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി സംസാരിക്കവെയാണ് ഇക്കാര്യങ്ങളെല്ലാം താരം പറഞ്ഞത്.

‘സിനിമ മടുത്തുവെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്റെ അവസാനശ്വാസം വരെ അങ്ങനെ തോന്നുകയുമില്ല. ഞാന്‍ മരിച്ച് കഴിഞ്ഞാല്‍ എത്രനാള്‍ അവർ എന്നെ ക്കുറിച്ച് ഓര്‍ക്കും? ഒരു വര്‍ഷം? പത്ത് വര്‍ഷം? 15 വര്‍ഷം? അതോട് കൂടി കഴിഞ്ഞു. ലോകാവസാനം വരെ ബാക്കിയുള്ളവര്‍ നമ്മളെ ഓര്‍ത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയൊരു അവസരം ആര്‍ക്കുമുണ്ടാകില്ല.’ ‘മഹാരഥന്മാര്‍ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓര്‍മിക്കപ്പെടാറുള്ളത്. ലോകത്ത് ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഒരു വര്‍ഷത്തില്‍ കൂടുതല്‍ അവര്‍ക്കെന്നെ എങ്ങനെ ഓര്‍ത്തിരിക്കാന്‍ സാധിക്കും?. എനിക്ക് ആ കാര്യത്തില്‍ പ്രതീക്ഷയുമില്ല. ഒരിക്കല്‍ ഈ ലോകം വിട്ടുപോയാല്‍ അതിനെക്കുറിച്ച് നിങ്ങളെങ്ങനെ ബോധവാന്മാരാകും?.’

‘ഒരു സമയം കഴിഞ്ഞാല്‍ നമ്മളെ ആര്‍ക്കും ഓര്‍ത്തിരിക്കാന്‍ സാധ്യമല്ലെന്നാണ്’, മമ്മൂട്ടി പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ആരാധകർക്കും സിനിമാപ്രേമികൾക്കുമിടയിൽ അതിവേ​ഗത്തിൽ ചർച്ചയായി. അതേസമയം താരത്തിന്റെ ഏറ്റവും പുതിയ സിനിമ ടർബോ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ മെയ് 24നാണ് പ്രദര്‍ശനത്തിന് എത്തിയത്. ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കന്നഡ നടന്‍ രാജ് ബി ഷെട്ടിയും തെലുങ്ക് താരം സുനിലുമാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് തന്നെ 52.11 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് സിനിമ നേടിയത്.