ആസാമിലെ ടിൻസുകിയ ജില്ലയിലെ അനധികൃത റാറ്റ് ഹോൾ ഖനിയിൽ മൂന്ന് പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. തുടർച്ചയായി മൂന്നാം ദിവസവും അവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഖനിത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി പ്രാദേശിക അധികാരികളെ കൂടാതെ എൻഡിആർഎഫും തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും ഏർപ്പെട്ടിട്ടുണ്ടെന്ന് ടിൻസുകിയ ജില്ലാ കമ്മീഷണർ സ്വപ്‌നീൽ പോൾ പറഞ്ഞു.
“മൂന്ന് കൽക്കരി ഖനിത്തൊഴിലാളികളെ ഇപ്പോഴും കാണാനില്ല. NDRF, SDRF എന്നിവയിൽ നിന്നുള്ള ഓരോ ടീമും പ്രാദേശിക രക്ഷാപ്രവർത്തകരും കാണാതായ ഖനിത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്”.അദ്ദേഹം പിടിഐയോട് പറഞ്ഞു. അനധികൃത ഖനി ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല,പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനാൽ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോൾ പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ 12.30 ഓടെയാണ് സംഭവം നടന്നത്, ലെഡോയിലെ ടിക്കോക്ക് കോളിയറിക്ക് കീഴിലുള്ള ബർഗോലായ്ക്കും നംദാങ്ങിനും ഇടയിലുള്ള അനധികൃത ടിക്കോക്ക് വെസ്റ്റ് മൈനിംഗ് സൈറ്റിൽ പെട്ടെന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ഖനി തകരുകയായിരുന്നു. തുടർന്ന് മൂന്ന് കൽക്കരി ഖനി തൊഴിലാളികൾ അനധികൃത റാറ്റ് ഹോൾ ഖനിയിൽ കുടുങ്ങി.
കുടുങ്ങിയവരിൽ നേപ്പാളിലെ ഭോജ്പൂരിൽ നിന്നുള്ള ദാവ ഷെർപ്പയും മേഘാലയയിൽ നിന്നുള്ള രണ്ട് തൊഴിലാളികളും ജോൺ, ഫെനാൽ എന്നിവരും ഉൾപ്പെടുന്നു. മൊത്തത്തിൽ, നാല് കൽക്കരി തൊഴിലാളികൾ റാറ്റ് ഹോൾ ഖനിയിൽ നിന്ന് അനധികൃത കൽക്കരി സംഭരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നു. അവരിൽ മൂന്ന് പേർ ഖനിക്കുള്ളിൽ കുടുങ്ങുകയും, നാലാമെത്തയാൾക്ക് കൽക്കരി പുറത്തെടുക്കാനുള്ള ജോലി ആയതിനാൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുകയുമായിരുന്നു.“മൂന്ന് കൽക്കരി ഖനിത്തൊഴിലാളികൾ ഇതിനകം മരിച്ചതായും അവശിഷ്ടങ്ങൾക്കടിയിൽ അവരെ കുഴിച്ചിട്ടതായും സംശയിക്കുന്നു. എന്നിരുന്നാലും, അവരുടെ മൃതദേഹം ലഭിക്കുന്നതുവരെ ഞങ്ങൾക്ക് അത് പറയാനാവില്ല, ”മറ്റൊരു ജില്ലാ ഭരണകൂട ഉദ്യോഗസ്ഥൻ പറഞ്ഞു. അതിനിടെ അനധികൃത കൽക്കരി ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്ന കൽക്കരി മാഫിയകളെ പിടികൂടുന്നതിൽ ജില്ലാ ഭരണകൂടത്തിനും പോലീസിനും വീഴ്ച പറ്റിയെന്ന് പ്രാദേശിക സംഘടനകൾ രൂക്ഷമായി വിമർശിച്ചു.
“ അനധികൃത റാറ്റ് ഹോൾ ഖനനം നടക്കുന്നത് പട്‌കായ് കുന്നുകളിൽ ആണെന്ന് എല്ലാവർക്കും അറിയാം. മിക്ക സമയത്തും കൽക്കരി മാഫിയകളാണ് പോലീസിനെ നിയന്ത്രിക്കുന്നത്. അനധികൃത റാറ്റ് ഹോൾ ഖനനം ജൈവവൈവിധ്യത്തിനും തൊഴിലാളികളുടെ സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നു, ”ഒരു പ്രദേശവാസി ആരോപിച്ചു. ഖനികൾക്കുള്ളിൽ ഖനിത്തൊഴിലാളികൾ മരിക്കുന്നത് ആദ്യത്തെ സംഭവമല്ലെന്നും സമാനമായ നിരവധി സംഭവങ്ങൾ മുമ്പ് പട്‌കായ് മലനിരകളിൽ നടന്നിട്ടുണ്ടെന്നും എന്നാൽ റാറ്റ് ഹോൾ ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുറ്റവാളികളെ പിടികൂടുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) 2014-ൽ റാറ്റ് ഹോൾ ഖനനം നിരോധിച്ചിരുന്നു. എന്നിരുന്നാലും, വടക്കുകിഴക്കൻ മേഖലയിൽ ഇപ്പോഴും കൽക്കരി ഖനനം നടത്തുന്നത് ഈ അപകടകരമായ രീതിയിലാണ്. കൽക്കരി മാഫിയകൾ കൽക്കരി സംഭരിക്കാൻ റാറ്റ്-ഹോൾ ഖനിക്കുള്ളിൽ പോകാൻ പാവപ്പെട്ട തൊഴിലാളികളെ ബലിയേടാക്കുന്നു . കുറച്ച് പണം സമ്പാദിക്കുന്നതിന്, അവർ അവരുടെ ജീവൻ പണയപ്പെടുത്തുകയാണ്. പലപ്പോഴും ഈ തൊഴിലാളികൾ പല കാരണങ്ങളാൽ ഖനിക്കുള്ളിൽ കുടുങ്ങി മരിക്കുന്നു. അത്തരം സംഭവങ്ങളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു,” ഒരു സാമൂഹിക പ്രവർത്തകൻ പറഞ്ഞു. “വർഷങ്ങളായി, ഈ പ്രക്രിയ മാർഗരിറ്റ-ലെഡോ പ്രദേശത്ത് നടക്കുന്നു, അത് ഇപ്പോൾ ഒരു ക്രൈം ബെൽറ്റായി മാറിയിരിക്കുന്നു,” അദ്ദേഹം അവകാശപ്പെട്ടു.