ആലുവ: പിന്നണി ഗായകൻ ആലുവ അശോകപുരം മനയ്ക്കപ്പടി കൃഷ്ണകൃപയിൽ ഹരിശ്രീ ജയരാജ് (54) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. ചൊവ്വാഴ്ച പുലർച്ച മൂന്നിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ഉറക്കത്തിൽനിന്ന് ഉണർന്നു. വെള്ളം കുടിച്ച് പിന്നീട് ഉറങ്ങാൻ കിടന്ന ജയരാജിനെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ജയറാം നായകനായ ‘കുടുംബശ്രീ ട്രാവല്‍സ്’ സിനിമയിലെ ‘തപ്പും തകിലടി’ എന്ന ഗാനത്തിലൂടെയാണ് ഹരിശ്രീ ജയരാജ് പിന്നണി ഗാനരംഗത്തെത്തിയത്. മൂന്നു പതിറ്റാണ്ടായി സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കലാഭവന്‍, ഹരിശ്രീ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിലും അംഗമായിരുന്നു.
സംഗീത ലോകത്തെ സമഗ്ര സംഭാവനയ്ക്ക് തിരുവനന്തപുരം ജെ.സി. ഡാനിയേല്‍ ഫൗണ്ടേഷന്റെ ജെ.സി.ഡാനിയേല്‍ പുരസ്കാരം ജയരാജ് നേടിയിട്ടുണ്ട്. ആകാശവാണി തൃശൂര്‍, കൊച്ചി നിലയങ്ങളില്‍ ലളിതഗാനത്തിന് ബി ഹൈഗ്രേഡ് നേടിയിരുന്നു. നിരവധി ഭക്തിഗാനങ്ങള്‍ ആലപിക്കുകയും സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്തു.
മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തെത്തിയ അല്ലു അര്ജുന്, വിജയ് തുടങ്ങിയവരുടേതുള്‍പ്പെടെ നൂറോളം ചിത്രങ്ങളിലും ഹരിശ്രീ ജയരാജ് പാടി. മ്യൂസിക് സ്റ്റാര്‍സ് സ്കൂള്‍ ഓഫ് ആര്‍ട്സ് എന്ന സംഗീത കലാലയം സ്ഥാപിച്ചു.
രാധാകൃഷ്ണ പണിക്കര്‍, നളിനി എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ രശ്മി. മീനാക്ഷി ഏക മകളാണ്.