Education

കീം 2024: പരീക്ഷ ജൂൺ 5 മുതൽ 9 വരെ; അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

പ്രശ്നം നേരിടുന്നവർക്ക് ജൂൺ 10 ന് വീണ്ടും പരീക്ഷ എഴുതാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ കീം എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ തീയതി പ്രഖ്യാപിച്ചു. 113447 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന പരീക്ഷ ജൂൺ 5 മുതൽ 9 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷയിൽ എന്തെങ്കിലും പ്രശ്നം നേരിടുന്നവർക്ക് ജൂൺ 10 ന് വീണ്ടും പരീക്ഷ എഴുതാം.

സർക്കാർ സ്ഥാപനമായ സി-ഡിറ്റാണ് ഓൺലൈൻ പരീക്ഷക്കുള്ള സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് കീം എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷകൾ ഓൺലൈനായി നടത്തുന്നത്.

പ്രവേശനപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി. പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘KEAM 2024-Candidate Portal’ എന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം. വിശദ വിവരങ്ങൾക്ക് പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് വിപുലമായ ഈ പരീക്ഷ നടക്കുന്നത്. എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ സജ്ജമാണെന്നും മന്ത്രി ആർ ബിന്ദു അറിയിച്ചു. പരീക്ഷ നടത്തിപ്പിന് ജില്ലയിൽ കൺട്രോൾ റൂം തുറക്കും. ജൂൺ 20-നുള്ളിൽ ഫലം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ഡൽഹി, ദുബായ് എന്നിവിടങ്ങളിലുമായി ജൂൺ അഞ്ചുമുതൽ ഒൻപതുവരെയാണ് എഞ്ചിനീയറിങ്, ഫാ‍ർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ നടക്കുക. എഞ്ചിനീയറിങ് പരീക്ഷയുടെ സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും ഫാർമസി പരീക്ഷയുടെ സമയം വൈകിട്ട് 3:30 മുതൽ അഞ്ചുവരെയുമാണ്.

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.inൽ പ്രവേശിക്കുക
  • .ഹോം പേജിലെ കാൻഡിഡേറ്റ് ലോഗിൻ വിൻഡോയിൽ ക്ലിക്ക് ചെയ്യുക.
  • ഇതിനു ശേഷം തുറന്നുവരുന്ന പേജിൽ, ആപ്ലിക്കേഷൻ നമ്പർ, പാസ്‍വേഡ്, ആക്സസ് കോ‍ഡ് എന്നിവ നൽകുക.
  • കീം അഡ്മിറ്റ് കാർഡ് സ്ക്രീനിൽ ലഭ്യമാകും.
  • തുടരാവശ്യങ്ങൾക്കായി അഡ്മിറ്റ് കാർഡിൻ്റെ പ്രിൻ്റെടുത്ത് സൂക്ഷിക്കാം.

Latest News