History

രാജ്യത്തെ ഏറ്റവും പുരാതനമായ ശിവക്ഷേത്രം; അംബർനാഥ് ക്ഷേത്രത്തിൻ്റെ ചരിത്രം!

നൂറ്റാണ്ടുകള്‍ പഴക്കമുള്ള, വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാധാന്യം കല്പിക്കുന്ന രാജ്യമാണ് നമ്മുടേത്. രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് അംബര്‍നാഥ് ക്ഷേത്രം. ഭാരതത്തിലെ ഏറ്റവും പുരാതനമായ ശിവക്ഷേത്രങ്ങളില്‍ ഒന്ന്. 11-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം മഹാരാഷ്ട്രയില്‍ മുംബൈയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.ആകാശത്തിന്‍റെ നാഥന്‍ അല്ലെങ്കില്‍ ആകാശത്തിന്റെ രാജാവ് എന്നാണ് അംബര്‍നാഥന്‍ എന്ന വാക്കിനര്‍ത്ഥം.

വാല്‍ദുനി നദിയുടെ തീരത്താണ് ക്ഷേത്രമുള്ളത്. അംബരേശ്വർ എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം യുനെസ്കോ പ്രഖ്യാപിച്ച ലോകത്തിലെ 218 സാംസ്കാരിക പൈതൃകങ്ങളിൽ ഒന്നാണ്. പതിനൊന്നാം നൂറ്റാണ്ടിന്‍റെ മധ്യകാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം പോലെ മറ്റൊരു ക്ഷേത്രം ലോകത്ത് നിര്‍മ്മിക്കപ്പെട്ടിട്ടില്ലെന്നാണ് കരുതുന്നത്. എഡി 1060 ല്‍ ശിലഹാരാ രാജാവായിരുന്ന ഛിത്രരാജ നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് ധാരാളം ഐതിഹ്യങ്ങളുണ്ട്. രാജസ്ഥാനിലെ മൗണ്ട് അബുവില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ദില്‍വാര ക്ഷേത്രങ്ങളോട് സാമ്യമുള്ളതാണ് അംബർ നാഥ് ക്ഷേത്രം.

ക്ഷേത്ര ഐതിഹ്യം പാണ്ഡവരുമായി ബന്ധപ്പെട്ടതാണ്. തങ്ങളുടെ വനവാസക്കാലത്ത് പാണ്ഡവര്‍ ഒറ്റ രാത്രികൊണ്ടാണ് ഈ വലിയ ഒരു കല്ലില്‍ നിന്നും ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു . .മാത്രമല്ല, പാണ്ഡവര്‍ക്ക് തങ്ങളുടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ സാധിക്കാത്തതിന്‍റെ തെളിവുകളാണ് ഇന്നും ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുകളിലെ പൂര്‍ത്തിയാക്കാത്ത മേല്‍ക്കൂര. ഇതു കൂടാതെ പാണ്ഡവര്‍ കടന്നു പോയ ഒരു കിലോമീറ്റര്‍ ദൂരമുള്ള ഒരു തുരങ്കവും ഇവിടെ ഉണ്ടായിരുന്നുവത്രെ. ഇന്നത് അടച്ചിട്ട നിലയിലാണ്.

വാസ്തുവിദ്യ പ്രധാനമായും ഹേമദ്പന്തി ശൈലിയിലാണ്. ക്ഷേത്രത്തിന്റെ പുറം ഭിത്തികൾ കറുത്ത പാറയിൽ വളരെ മനോഹരമായി കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ രണ്ട് നന്ദികൾ കാണാം. ഗർഭ ഗൃഹ എന്ന പ്രധാന മുറിയിൽ സ്വയംഭൂ ആയ ശിവലിംഗം കാണാം. 30 പടികള്‍ ഇറങ്ങി വേണം ഈ ശ്രീകോവിലിലേക്ക് കടക്കുവാന്‍. മഹാശിവരാത്രിയിലും ശ്രാവണി സോമത്തിലും ശിവക്ഷേത്രം ഭക്തരെക്കൊണ്ട് നിറയും. മഹാശിവരാത്രിയോടനുബന്ധിച്ച് 4 ദിവസം അംബരനാഥിൽ ഒരു വലിയ മേളയുണ്ട്. ഇത് മഹാശിവരാത്രിക്ക് രണ്ട് ദിവസം മുമ്പ് ആരംഭിക്കുകയും മഹാശിവരാത്രി കഴിഞ്ഞ് ഒരു ദിവസം തുടരുകയും ചെയ്യുന്നു. അംബേശ്വറിന്റെ അവശിഷ്ടങ്ങൾ ഇന്ത്യയുടെ സുവർണ്ണ ഭൂതകാലത്തിന്റെ നിഴലായി അവശേഷിക്കുന്നു. ചരിത്രത്തിന്റെയും കലയുടെയും സംസ്കാരത്തിന്റെയും ഈ അത്ഭുതകരമായ മാതൃക നമ്മുടെ ഭാവി തലമുറയ്ക്ക് കണ്ട് പഠിക്കാൻ ഏറെയുള്ളതാണ്.