മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് മാളവിക മേനോന്‍. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പതിനാലാം വയസിലാണ് സിനിമയിൽ എത്തുന്നത്. താരത്തിന്റെ ചിത്രങ്ങളും റീലുകളുമൊക്കെ വൈറലായി മാറാറുണ്ട്. ഉദ്ഘാടന വേദികളിലെ നിറ സാന്നിധ്യമായ താരത്തിന് ധാരാളം സൈബർ അറ്റാക്കും നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ വസ്ത്രധാരണത്തിന്റെ പേരിലും മറ്റും സോഷ്യല്‍ മീഡിയ പലപ്പോഴും മാളവികയെ ആക്രമിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള സോഷ്യല്‍ മീഡിയ ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മാളവിക മേനോന്‍.
നിദ്രയായിരുന്നു മാളവികയുടെ ആദ്യ സിനിമ. പിന്നീട് ഹീറോ, 916, നടന്‍, ഞാന്‍ മേരിക്കുട്ടി, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം, എടക്കാട് ബറ്റാലിയന്‍, ഒരുത്തീ, ആറാട്ട് തുടങ്ങിയ സിനിമകളിലും മാളവിക അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മാളവിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തങ്കമണിയാണ് മാളവികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി ആണ് മാളവികയുടെ പുതിയ സിനിമ. നാദിര്‍ഷയാണ് സിനിമയുടെ സംവിധാനം. പിന്നാലെ ഹാപ്പി ന്യു ഇയര്‍ എന്ന സിനിമയും മറ്റ് സിനിമകളും അണിയറയിലുണ്ട്.
പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മാളവിക സംസാരിക്കുന്നുണ്ട്. തനിക്ക് മുമ്പ് പ്രണയമുണ്ടായിട്ടുണ്ടെന്നാണ് മാളവിക പറയുന്നത്. എന്നാല്‍ അതൊക്കെ അതുപോലെ തന്നെ പോയി. ഇപ്പോള്‍ അങ്ങനൊരാള്‍ മനസിലില്ല. പിന്നെ വിവാഹത്തെക്കുറിച്ചാണെങ്കില്‍ അച്ഛനും അമ്മയ്ക്കും സമ്മര്‍ദ്ധം ഉണ്ടാവുമായിരിക്കാം. അവര്‍ നിര്‍ബന്ധിക്കുന്നില്ലെന്ന വിഷമമേ എനിക്കുള്ളൂവെന്നാണ് താരം പറയുന്നത്. മാളവികയുടെ അച്ഛന്‍ ബാലചന്ദ്രന്‍ ആദ്യ നിര്‍മാണ മേഖലയിലായിരുന്നു. അപ്പോള്‍ ഹോട്ടല്‍ നടത്തുകയാണ്. ശ്രീകലയാണ് അമ്മ.
കൊടുങ്ങല്ലൂരിലെ നാട്ടിന്‍പുറത്ത് വളര്‍ന്ന സാധാരണ പെണ്‍കുട്ടിയാണ് താന്‍. അങ്ങനെയുള്ള ഒരാള്‍ നാലാളറിയുന്ന നായികയായി മാറിയിട്ടുണ്ടെങ്കില്‍ അതാണ് സിനിമ നല്‍കിയ ഗുണം. അറിയുന്നു എന്നത് ഒരേസമയം ഗുണവും ദോഷവുമായി മാറിയിട്ടുണ്ട്. പണ്ടൊക്കെ എല്ലായിടത്തേക്കും പോകാന്‍ പറ്റുമായിരുന്നു. ഇപ്പോള്‍ മാസ്‌കിട്ട് നടന്നാല്‍ പോലും ആളുകള്‍ തിരിച്ചറിയും. സ്വകാര്യത നഷ്ടമായി എന്ന ദോഷം ഇതിനൊപ്പമുണ്ടെന്നും മാളവിക പറയുന്നു.
ആദ്യമൊക്കെ ഇത്തരം പ്രശ്‌നങ്ങള്‍ കുറവായിരുന്നു. ഈയിടെ ചിലര്‍ സംഘമായി എന്നെ സമൂഹ മാധ്യമങ്ങളില്‍ ആക്രമിക്കുന്നു. തുടക്കത്തില്‍ ചില കമന്റുകള്‍ കണ്ടപ്പോള്‍ വേദന തോന്നി. ഇപ്പോഴത് ശീലമായി. അതുകൊണ്ട് അതിനെക്കുറിച്ച് ആലോചിക്കാറില്ലെന്നാണ് മാളവിക പറയുന്നത്.
കമന്റ് ചെയ്യുന്നവരില്‍ പലരും അവരവരുടെ ജീവിതത്തില്‍ നിരാശരാണ്. സൈബറിടത്തില്‍ പെണ്‍കുട്ടികളെ വേട്ടയാടുകയാണ് അവരുടെ ജോലി. വേട്ടക്കാര്‍ എല്ലായിപ്പോഴും ഒന്നു തന്നെ. ഇരകള്‍ മാറി കൊണ്ടിരിക്കും. ആളുകള്‍ക്ക് എന്നെ വിമര്‍ശിക്കാം. പക്ഷെ അത് മാന്യമായ ഭാഷയിലാവണം എന്നാണ് മാളവിക പറയുന്നത്.