ഐ.ഐ.ടി ഡല്‍ഹിയുടെ അബൂദബി കാമ്പസിലേക്ക് പ്രവേശന നടപടികള്‍ തുടങ്ങി. ബി.ടെക് എനര്‍ജി എന്‍ജിനീയറിങ്, ബി.ടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.
കമ്പൈന്‍ഡ് അഡ്മിഷന് എന്‍ട്രന്‍സ് ടെസ്റ്റ് 2024, ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് 2024 എന്നിങ്ങനെ രണ്ടു രീതികളിലാണ് പ്രവേശനം. ജൂണ്‍ മൂന്നുവരെ 2024-2025 അക്കാദമിക് വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന് നടത്താം. ഓരോ വിഭാഗത്തിലും 30 സീറ്റുകള്‍ വീതം 60 സീറ്റുകളിലേക്കാണ് പ്രവേശനം ക്ഷണിച്ചിരിക്കുന്നത്. ആദ്യ ബാച്ചിലേക്കുള്ള വിദ്യാര്‍ഥികള്‍ക്ക് ആഗസ്റ്റിലോ സെപ്റ്റംബറിലോ പ്രവേശനം നല്‍കും. അപേക്ഷകള്‍ സമര്‍പ്പിക്കാനും മറ്റ് മാനദണ്ഡങ്ങള്‍ അറിയാനും abudhabi.iitd.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
മറ്റു പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കുന്ന യു.എ.ഇ പൗരന്മാര്ക്കും യു.എ.ഇയിലുള്ള ഇന്ത്യന്‍ പൗരന്മാര്ക്കും ഒ.സി.ഐ കാര്‍ഡുകള്‍ ഉള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ജൂണ്‍ 14ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാവും. ജൂണ്‍ 23ന് എന്‍ട്രന്‍സ് പരീക്ഷ നടക്കും.
ജൂലൈ ഏഴിന് ഫലം പ്രഖ്യാപിക്കുകയും ജൂലൈ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ സീറ്റ് അനുവദിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. യോഗ്യത പരീക്ഷ സംബന്ധമായും പരീക്ഷാകേന്ദ്രങ്ങള്‍ അറിയാനും https://abudhabi.iitd.ac.in വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ adadmissions@abudhabi.iitd.ac.in എന്ന വിലാസത്തില്‍ ഇ-മെയില്‍ അയക്കുകയോ ചെയ്യാം.