ജോലിയ്ക്കായി അബുദാബിയില്‍ നിന്നും തായ്‌ലാന്റിലേക്ക് പോയ മലപ്പുറം സ്വദേശികളായ രണ്ടു പേരെക്കുറിച്ച് വിവരം ലഭ്യമായിട്ട് ഇന്ന് പത്തു ദിവസം പിന്നിടുന്നു. ജോലിയുടെ ആവശ്യവുമായി തായ്‌ലന്റില്‍ ഇറങ്ങിയ ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇവര്‍ എവിടെ പോയി, ആര് തട്ടിക്കൊണ്ട് പോയി ഇതൊക്കെ അന്വേഷിച്ച് ഒരു നാടാകെ ആകാംഷയുടെ മുള്‍മുനയില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് പത്തു നാൾ പിന്നിടുന്നു. കഴിഞ്ഞ 21 ന് അബുദാബിയില്‍ നിന്നുമാണ് മലപ്പുറം വള്ളിക്കാപ്പാറ്റ സ്വദേശികളായ ഷുഹൈബും, സബീറും തായിലന്റിലേക്ക് പോയത്. യുഎഇയില്‍ നിന്നും അപേക്ഷിച്ച ജോലിയാണ് ഇവര്‍ക്ക് തായ്‌ലാന്റില്‍ ലഭിച്ചത്.
തായ്‌ലന്റ്, മ്യാന്മാറും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ ഇവര്‍ അകപ്പെട്ടതായി വീട്ടുകാര്‍ സംശയിക്കുന്നു. ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ ഡാറ്റാ എന്‍ട്രി വിവരങ്ങള്‍ ശേഖരിച്ച് അവര്‍ക്കുള്ള സര്‍വീസ് നടത്തുന്ന കമ്പിനികളില്‍ വര്‍ക്ക് ചെയ്യാനാണ് അവര്‍ പോയതെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. എന്നാല്‍ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സൈബര്‍ ക്രൈം തട്ടിപ്പ് ഗ്രൂപ്പുകളില്‍ ജോലിയ്ക്കായി കൊണ്ടു പോയതായും വിവരം ലഭിക്കുന്നു. ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാനില്‍ എന്നിവിടങ്ങളില്‍ നിന്നുമുള്‍പ്പെടെ എത്തുന്ന തൊഴില്‍ അന്വേഷകരെ ഇത്തരം സൈബര്‍ തട്ടിപ്പ് നടത്താന്‍ വന്‍ മാഫിയ ഉയോഗിക്കുന്നുണ്ട്. നിരവധി സംഘങ്ങളാണ് ഇത്തരം രാജ്യങ്ങളില്‍ തട്ടിപ്പിനായി പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ തട്ടിപ്പ് കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഓഫീസുകളിലാണ് പ്രധാനമായും മലയാളികളെ ഉള്‍പ്പെടെ റിക്രൂട്ട് ചെയ്യുന്നത്. ഉയര്‍ന്ന ശമ്പളവും ഡാറ്റാ എന്‍ട്രി ജോലിയും വാഗ്ദാനം ചെയ്തു കൊണ്ടു പോകുന്നവരെ സൈബര്‍ ക്രൈമുകള്‍ നടത്തുന്ന സംഘം അവരുടെ പ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കും.
21 -ാം തീയതി തായ്‌ലാന്റ് വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം വീട്ടുകാരെയും കൂട്ടുകാരെയും വിളിച്ചിരുന്ന ഷുഹൈബും, സബീറും വളരെ സന്തോഷത്തോടെയാണ് സംസാരിച്ചതെന്ന് ഇവരുടെ സുഹൃത്ത് ഷിഫാസ് പറഞ്ഞു. ബോര്‍ഡിങ് പാസ് കഴിഞ്ഞ് ഞങ്ങള്‍ സേഫായി ഇറങ്ങിയിട്ടുണ്ടെന്ന് അവര്‍ നമ്മളെ അറിയിച്ചിരുന്നു. എന്നാല്‍ കുറച്ചു സമയത്തിനുശേഷം വന്ന കോളില്‍ നമ്മള്‍ ട്രാപ്പില്‍ പെട്ടതായി അവര്‍ പറഞ്ഞു. മര്‍ദ്ധിച്ചെന്നും നമ്മളെ അവര്‍ ഉപയോഗിച്ച് വലിയ തട്ടിപ്പ് നടത്താന്‍ പോകുന്നുവെന്നും ഫോണില്‍ പറഞ്ഞിരുന്നു. അതുവരെ അവരുടെ കൈയ്യില്‍ ഫോണ്‍ ഉണ്ടായിരുന്നു, അതു വഴി ലൊക്കഷന്‍ അയച്ചു തന്നിരുന്നു. എന്നാല്‍ അത് കൃത്യമായി കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ഇവിടെ നാട്ടില്‍ ഒരു കമ്മറ്റി രൂപീകരിച്ച് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എംപി, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, നാട്ടുകാര്‍ എല്ലാപേരെയും ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിക്കും നോര്‍ക്ക വഴി മ്യാന്മാര്‍, തായ്‌ലാന്റ് എംബസികള്‍ക്ക് നമ്മള്‍ നടന്ന വിവരങ്ങള്‍ കൈമാറിയിരുന്നു. കാര്യങ്ങള്‍ ശരിയാക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്നും ഷിഫാസ് പറഞ്ഞു.
ഖത്തറിലു യുഎയിലും ജോലി ചെയ്തിരുന്ന ഇവര്‍ കഴിഞ്ഞ വര്‍ഷമാണ് വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടില്‍ വന്നത്. മാര്‍ച്ച് 27 ന് സന്ദര്‍ശക വിസയില്‍ യുഎയിലേക്ക് പോയ യുവാക്കള്‍ പിന്നീട് തായ്ലന്‍ഡിലെ ഒരു കമ്പനിയില്‍ ജോലി ഒഴിവുണ്ടെന്ന് അറിഞ്ഞു. ജോലിക്ക് അപേക്ഷിച്ച ഇവര്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ ഹാജരായി. ഇരുവരും തായ്ലന്‍ഡിലേക്കുള്ള ഫ്‌ലൈറ്റ് ടിക്കറ്റ് എടുത്തശേഷം അബുദാബിയില്‍ നിന്ന് തായ്ലന്‍ഡിലേക്ക് പുറപ്പെട്ട് മെയ് 21ന് തായ്ലന്‍ഡിലെ സുവര്‍ണഭൂമി എയര്‍പോര്‍ട്ടില്‍ എത്തി. ഇന്ത്യയില്‍ നിന്നും എത്തുന്ന സന്ദര്‍ശകരുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്ന ജോലിയാണ് ചെയ്യേണ്ടതെന്ന് അവര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. ദുബൈയിലുള്ള റിക്രൂട്ടിങ് എജന്റാണ് ഇവര്‍ക്ക് വിസ നല്‍കിയത്. വിമാനത്താവളത്തിലെത്തിയ ഇവരെ ഏജന്റുമാര്‍ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായി ബന്ധുക്കള്‍ പറഞ്ഞു. ഇവരുടെ മോചനത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുടുംബങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്.