History

ഗുഹയിൽ സ്ഥിതി ചെയ്യുന്ന വ്യത്യസ്ത ക്ഷേത്രം; ചരിത്രമുറങ്ങുന്ന ജരണി നരസിംഹ സ്വാമി ക്ഷേത്രം

ഭാരതത്തില്‍ വ്യത്യസ്തമായ ഒരുപാട് ക്ഷേത്രങ്ങളുണ്ട്. ഇവയെ വ്യത്യസ്തമാക്കുന്നത് വിവിധ തരത്തിലുളള ആചാരങ്ങള്‍, ക്ഷേത്രത്തിലെ വാസ്തുപരമായ പ്രത്യേകതകള്‍, ചരിത്രപരമായ പ്രത്യേകതകള്‍ തുടങ്ങിയ ഒരുപാട് കാര്യങ്ങളാണ്. ഇത്തരത്തിൽ ഏറെ പ്രശസ്തമായ ഒരു ക്ഷേത്രമാണ് ജരണി നരസിംഹ സ്വാമി ക്ഷേത്രം. കര്‍ണ്ണാടകയിലെ ബീദറിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗുഹയില്‍ സ്ഥിതി ചെയ്യുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

വെള്ളം നിറഞ്ഞു നില്‍ക്കുന്ന തുരങ്കത്തിനുള്ളിലൂടെ പോയാല്‍ മാത്രമേ ഇവിടത്തെ നരസിംഹ പ്രതിഷ്ഠയെ കാണാന്‍ സാധിക്കുകയുള്ളൂ. ഈ ക്ഷേത്രത്തിലെ അത്ഭുതമെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഒന്നും ഇതുതന്നെയാണ്. കൂടാതെ ഗുഹയ്‌ക്കുള്ളിലുളള ചുണ്ണാമ്പ് കല്ലുകളില്‍ പ്രതിഫലിച്ചു കാണുന്ന നരസിംഹ സ്വാമിയുടെ പ്രതിമയാണ് ഇവിടുത്തെ മറ്റൊരു അത്ഭുതം. അഞ്ച് അടി വരെ വെള്ളമുളള തുരങ്കത്തിലൂടെ ഗുഹയ്‌ക്കുള്ളിലെ ക്ഷേത്രത്തിലേയ്‌ക്ക് വരിനിന്നാണ് പോവുകേണ്ടത്.

ഹിരണ്യകശിപുവിനെ കൊല്ലാനായിട്ടാണ് മഹാവിഷ്ണു തന്റെ നരസിംഹാവതാരം എടുത്തത്. എന്നാല്‍ ഹിരണ്യകശിപുവിനെ വധിച്ചതിനു ശേഷവും തന്റെ കലിയടങ്ങാതിരുന്ന നരസിംഹം ഝാരാസുര എന്ന അസുരനു നേരെ ചാടി വീണു. എന്നാല്‍ കടുത്ത ശിവഭക്തനായിരുന്ന ഝാരാസുരന്‍ ശിവ ഭഗവാനെ വിളിച്ചു പ്രാര്‍ഥിച്ചു എങ്കിലും മരണം ഒഴിവാക്കുവാനായില്ല. അങ്ങനെ മരിക്കുന്നതിനു മുന്‍പായി താന്‍ വസിക്കുന്ന ഗുഹയില്‍ പോയി താമസിക്കണമെന്നും അവിടെ തന്നെ തേടി വരുന്നവര്‍ക്ക് ആവശ്യമായ അനുഗ്രഹങ്ങള്‍ നല്കണമെന്നും അവസാന ആഗ്രഹം ആവശ്യപ്പെട്ടുവെന്നും അങ്ങനെയാണ് നരസിംഹം ഇവിടെ എത്തിയതെന്നുമാണ് ഐതീഹ്യം.

ശ്രീകോവില്‍ ഉള്‍പ്പെടുന്ന ക്ഷേത്രം വളരെ ചെറുതായതിനാല്‍ പരമാവധി എട്ട് ആളുകള്‍ക്കു മാത്രമേ ഒരേ സമയം ക്ഷേത്രത്തിനകത്തേയ്‌ക്ക് പ്രവേശിക്കാന്‍ സാധിക്കുകയുളളൂ.ഇവിടെ തുരങ്കത്തിലൂടെ പോയി കഷ്ടപ്പാടുകള്‍ സഹിച്ച് ദർശനം നടത്തിയാൽ കുട്ടികളുണ്ടാവും എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ കുട്ടികളില്ലാത്ത നിരവധി ദമ്പതികള്‍ ഇവിടെയെത്തി ദർശനം നടത്താറുണ്ട്.