വായന ലഹരി ആയിരുന്നു ഒരു കാലം…ഇന്നും വായിക്കുന്നുണ്ട് എന്നാലും മടിയാണ്…
രാവെന്നോ പകലെന്നോ ഇല്ലാതെ കൈയിൽ കിട്ടിയ കീറ നോട്ടീസുകൾ മുതൽ പലഹാരം പൊതിഞ്ഞു കൊണ്ട് വരുന്ന പേപ്പറും മാസികകളും ബാലഭൂമിയും ബാലരമയും അങ്ങനെ അങ്ങനെ അക്ഷരങ്ങളാൽ കൊണ്ട് ഒരു കൊട്ടാരം തന്നെ തീർത്തിരുന്ന ഒരു കാലം..
വായനാശീലം എവിടെന്ന് കിട്ടി എന്ന് ചോദിച്ചാൽ വീട്ടിൽ സ്ഥിരമായി പത്രവും മാസികയും പപ്പ വാങ്ങി വായിക്കുമാരുന്നു…വായിച്ചു കഴിയുമ്പോൾ എനിക്ക് തരും തപ്പി തടഞ്ഞു വൈകുന്നേരം ആകുമ്പോഴേക്കും ഞാൻ അത് വായിച്ചു തീർക്കും പിന്നെ ചോദ്യം ചോദിക്കൽ ആണ് തെറ്റിയാൽ പിറ്റേ ദിവസം തലേനാളത്തെ പത്രവും അന്നത്തെ പത്രവും വായിച്ച് പഠിക്കണം…
എന്നെ അക്ഷരം പഠിപ്പിക്കാൻ പപ്പ കണ്ടെത്തിയ വഴി കൂടി ആയിരുന്നു അത്… പിന്നെ ചോദ്യങ്ങളേക്കാളും മാസികളിലും പത്രങ്ങളിലും വരുന്ന കഥകളിലേക്കും നോവലുകളിലേക്കു മായി എന്റെ ശ്രദ്ധ…
അത് മനസ്സിലാക്കിയ പപ്പ മനോരമയുടെ കൂടെ ബാലരമയും വരുത്താൻ തുടങ്ങി..
പിന്നെ വ്യാഴാഴ്ച്ച വരുന്ന മനോരമയും വെള്ളിയാഴ്ച വരുന്ന ബാലരമായിക്കും വേണ്ടിയുള്ള കാത്തിരിപ്പാണ്…
പപ്പ വാങ്ങുന്ന മാസിക ഞാൻ കൂടാതെ വേറെ ഒരാളും വായിക്കുമാരുന്നു കന്നഡ പഠിച്ച മേമ മലയാളം വായിക്കാൻ ഉള്ള ശ്രമം….
അറിയാത്ത അക്ഷരങ്ങൾ എന്നോട് ചോദിക്കും എനിക്കും അറിയില്ലങ്കിൽ ഞങ്ങൾ രണ്ടാളും കൂടെ പപ്പയോടും… അറിയാത്തവയിക്ക് ഒരു വട്ടം ഇട്ട് വയിക്കണം വൈകുന്നേരം പണി കഴിഞ്ഞു വന്ന് പപ്പ പറഞ്ഞു തരും….
വായന എന്റെ കൂടെ പിറപ്പായത്തോടെ പപ്പ കുറേ പുസ്തകങ്ങൾ വാങ്ങി തരാൻ തുടങ്ങി പഞ്ചതന്ത്ര കഥകൾ, ഈജിപ്ത് കഥകൾ, ഒരു കുടയും കുഞ്ഞു പെങ്ങളും (ഞാൻ ലില്ലിയായി മാറിയ കാലം )അങ്ങനെ ലിസ്റ്റ് നീണ്ടു പോകുന്നു….
കിട്ടുന്നതെല്ലാ വായിച്ചു തീർക്കണം യാത്രകളിൽ കാണുന്ന ഒരു ബോർഡ് പോലും വിടാതെ(അത് ഇപ്പഴും ഉണ്ട് .
ഒരു പുസ്തകം കൈയിൽ കിട്ടിയാൽ എത്ര നേരം ആയാലും ചിമ്മ്ണിക്ക് (മണ്ണെണ്ണ വിളക്ക് ) മുന്നിലിരുന്ന് വായിക്കും…വായിച്ചാൽ മാത്രം പോര വായിച്ച കഥകളുടെ അഭിപ്രായം എഴുതണം… ഇഷ്ട്ടപ്പെട്ട കഥാപാത്രങ്ങൾക്ക് കത്തുകളും….
വായനയും, ചായയും, എഴുത്തും, കമ്മ്യൂണിസവും പപ്പ തന്നു പോയവയിൽ ഏറ്റവും പ്രിയപ്പെട്ടവയാണ്…
ഒരു ദിവസം കൊറേ കരഞ്ഞു കൊണ്ട് ഞാൻ ലില്ലിക്ക് ഒരു കത്ത് എഴുതി. ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന മുട്ടത്തു വർക്കിയുടെ ബുക്കിലെ കഥാപാത്രം.കുടയ്ക്ക് വേണ്ടി തേങ്ങി കരഞ്ഞിരുന്നു അവളെ കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ ആയിരുന്നു ഓർമ്മ വന്നത്.
“ബേബി വരുമ്പോൾ എന്റെ കുട ഞാൻ അവന്റെ കൈയിൽ കൊടുത്തു വിടാം.. നിറയെ ബലൂൺ ഉള്ള കുടയാണ് നിനക്കത് ഉറപ്പായും ഇഷ്ട്ടമാകും…”
(ഒരുപാട് അക്ഷര തെറ്റുകൾ വന്ന കുറച്ചു കത്തുകളിൽ ഒന്ന് )
നിഷ്കളങ്കമായ ബാല്യത്തിൽ ഞാൻ ഒരുപാട് കരഞ്ഞതും എനിക്കത്രയും പ്രിയപ്പെട്ട എന്റെ കുട കൊടുക്കാം എന്ന് എഴുതിയതും എന്തിനാണെന്ന് എനിക്കറിയില്ല…
പുസ്തകം ഒരിക്കലും ഉറങ്ങാൻ ഉള്ള മാർഗം ആയി കാണരുതെന്ന് പറയാറുണ്ടാരുന്നു…
ഒരു പുസ്തകം വായിച്ചു തീർത്താൽ അടുത്ത് വച്ച് കിടന്നുറങ്ങും പലപ്പോഴും മായാവിയും, ഡിങ്കനും, സൂത്രനും,അങ്ങനെ ഒത്തിരിപ്പേർ എന്റെ സ്വപ്നത്തിൽ വന്നു പോകും….
ഒരു ദിവസം പണി കഴിഞ്ഞു വന്ന പപ്പ ഒരു ഡയറിയും കൊണ്ടാണ് വന്നത്… (പപ്പ സ്ഥിരമായി ഡയറി എഴുതുമായിരുന്നു..)നിനക്ക് തോന്നുന്നത് എന്തും ഇതിൽ എഴുതാം ഒരുപാട് സങ്കടം വന്നത് സന്തോഷം വന്നത് വായിച്ച പുസ്തകങ്ങളിലെ വരികൾ അങ്ങനെ അങ്ങനെ എന്തും…
.(ഇപ്പഴും ഒരു പുസ്തകം കൈയിൽ ഉണ്ട് കൊറേ എഴുതി കൂട്ടിയ ഒരു ബുക്ക് )
അതോടെ ഡയറി എഴുതുന്ന ശീലവും തുടങ്ങി…
പതിയെ പതിയെ ബഷീറും, മാധവിക്കുട്ടിയും, ഉറൂബും,കാക്കനാടനും, ലളിതബികയും,മുട്ടത്തുവർക്കിയും, മനോരമ മാസികയിൽ എഴുതുന്ന എഴുതുക്കാരും എന്റെ കൂട്ടുകാരായി മാറി തുടങ്ങി….
സ്കൂളിൽ ലൈബ്രറി എന്ന് പറയാനും മാത്രം ഇല്ലായിരുന്നു..ഒരു മുറിക്കുള്ളിൽ കൊറേ ചാക്കുകൾക്കിടയിൽ കുറച്ചു പുസ്തകങ്ങൾ അടുക്കി വച്ച രണ്ട് അലമാരകൾ… അതിൽ ഉള്ള പുസ്തകങ്ങൾ ഓരോ ദിവസവും എടുത്തു വായിച്ചു തുടങ്ങി… അൻഫ്രാങ്കും (ആൻഫ്രാങ്കിന്റെ ഡയറികുറിപ്പുകൾ ), നജീബും (ആടുജീവിതം) രവിയും (ഖസാക്കിന്റെ ഇതിഹാസം ) അങ്ങനെ അങ്ങനെ…
ഒരു തരം തലക്കു പിടിച്ച മുഴുഭ്രാന്ത്….
പപ്പ മരിച്ചത്തോടെ പുസ്തകം
വാങ്ങി തരുന്ന ആൾ ഇല്ലാതെയായി….
എന്നാലും പുറത്ത് പോയാൽ അമ്മ വാങ്ങി തരും പുസ്തകം വാങ്ങാൻ പൈസയും… പിന്നെ എന്തോ പ്രായത്തിന്റെ പക്വത കൊണ്ട് ആണോ എന്നറിയില്ല പുസ്തകങ്ങൾ വേണം എന്നുള്ള വാശി ഇല്ലാതെയായി…
ക്ലാസ്സിൽ ആരെങ്കിലും കൊണ്ട് വരുന്നത് വായിക്കും ക്ലാസ്സിൽ വരുത്തുന്ന പത്രങ്ങളും…
പിന്നെ പിന്നെ ഞാൻ തന്നെ കൈയിൽ കിട്ടുന്ന പൈസ എല്ലാം എടുത്തു വയിക്കാൻ തുടങ്ങി കൈനീട്ടവും മാമൻ വീട്ടിൽ വരുന്ന ദിവസങ്ങളും എനിക്ക് ഒരുപാട് സന്തോഷം തരുന്ന ഒന്നായി മാറി…
കഥകളിലും നോവലുകളിലും നിന്ന് കവിതകളിലേക്ക് ഒരു ചായിവും വന്നു തുടങ്ങി…
ഇപ്പോ കുറച്ചു പുസ്തകങ്ങൾ ഉണ്ട് ശേഖരിച്ചു വച്ചവ…
പിന്നെ കോളേജിൽ വലിയൊരു ലൈബ്രറിയുണ്ട് കൊറേ പുസ്തകങ്ങൾ അടങ്ങിയ വലിയൊരു കൊട്ടാരം…. ഇഷ്ടം ഉള്ളതൊക്കെ എടുത്തു വായിക്കും…
തോന്നുന്നതൊക്കെ എഴുതിയും വയിക്കും…
എന്റെ ബാല്യം അത്രയും നിറം പിടിച്ചതായിരുന്നു…
ഇന്നത്തെ തലമുറക്ക് ഇഷ്ട്ടം അല്ലാത്ത പലതും അന്നെനിക്ക് ആസ്വദിക്കാൻ കിട്ടിയ വലിയൊരവസരം തന്നെയായിരുന്നു…