90 കളിലെ മികച്ച താരജോഡികളിൽ ഒന്നാണ് മോഹൻലാൽ-രേഖ ജോഡി.അതിന് കാരണം ദശരഥം, ഏയ് ഓട്ടോ പോലുള്ള സിനിമകൾ തന്നെയാണ്. ഇരുവരെയും ഒരുമിച്ച് കാണുമ്പോൾ സുധി, മീനുകുട്ടി എന്ന് വിളിക്കാനെ സിനിമാപ്രേമികൾ തോന്നൂ. ദശരഥത്തിലാണ് ആദ്യം ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. സ്കൂൾ പഠനം കഴിഞ്ഞ ഉടനെയാണ് ആനിയെ അവതരിപ്പിക്കാൻ ദശരഥത്തിലേക്ക് രേഖയ്ക്ക് ക്ഷണം വന്നത്. ഇനി എത്ര വർഷം കഴിഞ്ഞാലും ദശരഥവവും ആനിയും സിനിമ സ്നേഹിക്കുന്നവരുടെ ഉള്ളിൽ ജീവിക്കും.
ദശരഥത്തിനുശേഷം ഏയ് ഓട്ടോ, അർഹത, കിഴക്കുണരും പക്ഷി, നരൻ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം സിനിമകൾ ചെയ്തപ്പോഴുള്ള അനുഭവം എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കിട്ടിരിക്കുകയാണ് നടി രേഖ. താരത്തിന്റെ ഏറ്റവും പുതിയ സിനിമ ഗുരുവായൂർഅമ്പലനടയിൽ സിനിമയുടെ പ്രമോഷനായി എത്തിയതായിരുന്നു താരം.
പൃഥ്വിരാജിന്റെ അമ്മ വേഷമാണ് ചിത്രത്തിൽ രേഖ ചെയ്തത്. ‘കഥകൾ പലതും കേൾക്കാറുണ്ടായിരുന്നു. പക്ഷെ അതിലൊന്നും അഭിനയിക്കാൻ മാത്രം ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ ഗുരുവായൂർ അമ്പലനടയിൽ സിനിമയുടെ കഥ കേട്ടപ്പോൾ ഞാൻ നിർത്താതെ ചിരിക്കുകയായിരുന്നു. വളരെ സന്തോഷത്തോടെയാണ് ആ കഥാപാത്രം ചെയ്തത്. പ്രതിഫലം പോലും ചോദിക്കാൻ തോന്നിയില്ല.”പിന്നെ വർഷങ്ങൾക്കുശേഷം ജഗദീഷ് സാറിനൊപ്പം അഭിനയിക്കാൻ പറ്റി. സാറിനൊപ്പം ഞാൻ ചെയ്ത പടങ്ങളെല്ലാം ഹിറ്റാണ്. മകൾ പിറന്നപ്പോൾ മാത്രമാണ് കുറച്ച് വർഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്. മകൾ എന്നെ എപ്പോഴും ഡീഗ്രേഡ് ചെയ്യുമായിരുന്നു. അങ്ങനെയാണ് എപ്പോഴും ആക്ടീവായി ഇരിക്കണമെന്നും അഭിനയിക്കണമെന്നും തോന്നൽ എനിക്ക് വന്ന് തുടങ്ങിയത്. അഞ്ചോളം പടങ്ങൾ ഞാൻ ലാൽ സാറിനൊപ്പമാണ് അഭിനയിച്ചിരിക്കുന്നത്.’
‘ലെജന്റ്സായിട്ടുള്ള സംവിധായകരാണ് എന്റെ കഥാപാത്രങ്ങൾ വിജയിക്കാൻ കാരണം. ലാൽ സാർ കംപ്ലീറ്റ് ആക്ടറാണ്. സാറിന്റെ കൺപീലിപോലും അഭിനയിക്കും. അദ്ദേഹത്തെ നോക്കിയിരുന്നാൽ നമുക്ക് അഭിനയം വരും. അദ്ദേഹം വളരെ സിൻസിയറാണ്. ഷോട്ടിന് നിമിഷങ്ങൾക്ക് മുമ്പ് വരെ കളിച്ച് ചിരിച്ച് നിന്നാലും ഷോട്ടാകുമ്പോൾ പതിനായിരം മടങ്ങ് മനോഹരമായി അദ്ദേഹം അഭിനയിക്കും.’ ‘ഇന്നും മീനുക്കുട്ടിയായി ആളുകൾ എന്നെ ഇഷ്ടപ്പെടുന്നുവെങ്കിൽ അതിന്റെ ഫുൾ ക്രെഡിറ്റ് ലാൽ സാറിനാണ്. എന്റെ റിങ് ടോൺ പോലും ദശരഥം സിനിമയിലെ പാട്ടാണ്. ആ സിനിമ ചെയ്യുമ്പോൾ ഞാൻ വിവാഹിതയല്ല. അതിലെ കുഞ്ഞിനെ ഞാൻ എടുക്കുമ്പോൾ അത് കരയും എന്നാൽ ലാൽ സാർ എടുത്താൽ കരയില്ല. അത് കാണുമ്പോൾ എനിക്ക് അസൂയയാകും’, വർഷങ്ങൾ പഴക്കമുള്ള ഓർമകൾ പൊടി തട്ടിയെടുത്ത് രേഖ പറഞ്ഞു.