ന്യൂഡൽഹി : അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു. അരുണാചലിൽ 60 അംഗ നിയമസഭയിലേക്കും, സിക്കിമിൽ 32 അംഗ നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് ആണ് നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിനൊപ്പമാണ് ഇരു സംസ്ഥാനങ്ങളിലേയും വോട്ടെടുപ്പ് നടന്നത്.
രാവിലെ ആറ് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. അരുണാചല്‍ പ്രദേശില്‍ നിലവില്‍ 16 സീറ്റുകളില്‍ ബിജെപി മുന്നിട്ടുനില്‍ക്കുകയാണ്. സിക്കിമില്‍ എസ് കെ എം പാര്‍ട്ടി മൂന്ന് സീറ്റിലും ബിജെപി ഒരു സീറ്റിലുമാണ് മുന്നിലുള്ളത്. സിക്കിമിൽ 32 സീറ്റും അരുണാചൽ പ്രദേശിൽ 60 സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
അരുണാചലിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും മറ്റ് നാല് ബിജെപി സ്ഥാനാർത്ഥികളും എതിരില്ലാതെ എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സിക്കിമിൽ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് പ്രധാന മത്സരം.
മുഖ്യമന്ത്രി പ്രേം സിങ് തമാങ്, മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാലിങ്, മുൻ ഫുട്‌ബോൾ താരം ബൈചൂങ് ബൂട്ടിയ തുടങ്ങിയവരാണ് സംസ്ഥാനത്ത് നിന്നും ജനവിധി തേടുന്ന പ്രമുഖർ. 2019ൽ 17 സീറ്റുകളുമായി സിക്കിം ക്രാന്തികാരി മോർച്ച അധികാരം പിടിക്കുകയായിരുന്നു. എതിർകക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് 15 സീറ്റുകളാണ് ലഭിച്ചത്.