Entertainment

12 വർഷത്തെ ബന്ധം അവസാനിപ്പിച്ചു; ഇപ്പോൾ ഡേറ്റിംഗിൽ ആണെന്ന് നടി

ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ താന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ല

റിയാലിറ്റി ഷോ വിധികര്‍ത്താവായും മെന്ററായുമെല്ലാം ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയാണ് ദിവ്യ പിള്ള. അയാള്‍ ഞാനല്ല എന്ന സിനിമയിലൂടെയായിരുന്നു ദിവ്യ പിള്ളയുടെ അരങ്ങേറ്റം. പിന്നീട് ഊഴം, മാസ്റ്റര്‍പീസ്, എടക്കാട് ബറ്റാലിയന്‍, കള, ഷഫീഖിന്റെ സന്തോഷം, ജയ്‌ലര്‍, ഗുരഡന്‍, മംഗളവാരം, നടികര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മമ്മൂട്ടി നായകനായ ബസൂക്കയാണ് ദിവ്യയുടെ പുതിയ സിനിമ. ഇപ്പോഴിതാ താൻ ഡേറ്റിംഗ് ആണെന്ന് തുറന്ന് പറയുകയാണ് ദിവ്യ പിള്ള. തന്റെ പുതിയ തെലുങ്ക് സിനിമയായ തണ്ടേലിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ പിള്ള മനസ് തുറന്നത്.

ഇപ്പോള്‍ ഡേറ്റിംഗിലാണെന്നും എന്നാല്‍ താന്‍ അതേക്കുറിച്ച് കൂടുതല്‍ പങ്കുവെക്കാന്‍ മാനസികമായി തയ്യാറാകുന്നത് വരെ രഹസ്യമായി വെക്കാനാണ് തീരുമാനിച്ചതെന്നും താരം പറയുന്നു. ഡേറ്റിംഗിലാണ് എന്നത് സത്യമാണ്. അല്ലെന്ന് കള്ളം പറയാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ആരാണ് ആ വ്യക്തിയെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ദിവ്യ വ്യക്തമാക്കുന്നത്.

ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ താന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലെന്നാണ് ദിവ്യ പറയുന്നത്. തെലുങ്കില്‍ ദിവ്യ പിള്ള അഭിനയിച്ച മംഗളാവരം ഈയ്യടുത്ത് വലിയ വിജയമായിരുന്നു. ചിത്രത്തിലെ ദിവ്യയുടേയും ശ്രാവണിന്റേയും ഇന്റിമേറ്റ് രംഗവും ചര്‍ച്ചയായി മാറിയിരുന്നു.നേരത്തെ കളയിലെ ഇന്റിമേറ്റ് രംഗത്തില്‍ അഭിനയിക്കുമ്പോഴും താനിത് പറഞ്ഞിരുന്നു. അന്ന് സംവിധായകന്‍ തന്നെ ആ രംഗത്തിന്റെ പ്രധാന്യം പറഞ്ഞ് ബോധ്യപ്പെടുത്തി. അതുപോല തന്നെയായിരുന്നു മംഗളവാരത്തിലും സംഭവിച്ചതെന്നാണ് ദിവ്യ പറയുന്നത്.

താന്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് സംവിധായകനോട് പറഞ്ഞു. എന്നാല്‍ ആ സീന്‍ സിനിമയില്‍ എത്ര പ്രധാനപ്പെട്ടതാണെന്ന് സംവിധായകന്‍ പറഞ്ഞു. നേരത്തെ തീരുമാനിച്ചത് പ്രകാരം ശ്രാവണ്‍ തന്റെ മുകളിലായിരുന്നു വരേണ്ടത്. എന്നാല്‍ പിന്നീട് തങ്ങള്‍ സംസാരിച്ച ശേഷം തന്റെ കഥാപാത്രം ശ്രാവണിന്റെ മുകളില്‍ വരുന്ന തരത്തില്‍ ചിത്രീകരിക്കുകയായിരുന്നു എന്നാണ് ദിവ്യ പറയുന്നത്.

തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും താരം മനസ്സ് തുറക്കുന്നുണ്ട്. താനും ഇറാഖി വംശജനായ ബ്രിട്ടീഷ് പൗരനുമായി പ്രണയത്തിലായിരുന്നുവെന്നാണ് ദിവ്യ പറയുന്നത്. 12 വര്‍ഷത്തോളം തങ്ങള്‍ റിലേഷന്‍ഷിപ്പിലായിരുന്നു. പിന്നീട് ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാവുകയും ചെയ്തു.

എന്നാല്‍ ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു എന്നാണ് ദിവ്യ പറയുന്നത്. മൂകാംബികയില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തിന് തന്റെ മാതാപിതാക്കള്‍ പങ്കെടുത്തിരുന്നു. ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങായിരുന്നതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. രണ്ടു പേരും രണ്ട് രാജ്യങ്ങളിലെ പൗരന്മാര്‍ ആയതിനാല്‍ നിയമ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് കാരണമായി ദിവ്യ പറയുന്നത്. പക്ഷെ ആ പ്രശ്‌നങ്ങള്‍ പരിഹരിക്കും മുമ്പ് തന്നെ തങ്ങള്‍ പിരിഞ്ഞുവെന്നാണ് ദിവ്യ പറയുന്നത്.

ജീവിതത്തില്‍ നിന്നും താന്‍ ആഗ്രഹിക്കുന്നതും അദ്ദേഹം ആഗ്രഹിക്കുന്നതും ഒത്തു പോകില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് പിരിയുന്നത് എന്നാണ് ദിവ്യ പറയുന്നത്. തങ്ങളുടെ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ വിവാഹ മോചനത്തിന്റെ നൂലാമാലകളില്ലായിരുന്നു. എന്നാല്‍ ഇതുകാരണം തന്നോട് വിവാഹിതയാണോ എന്ന് ചോദിക്കുമ്പോള്‍ എന്ത് ഉത്തരം നല്‍കണമെന്നതില്‍ തനിക്ക് ആശയക്കുഴപ്പമുണ്ടാകാറുണ്ട് എന്നാണ് ദിവ്യ പറയുന്നത്.