History

ഒരിക്കൽ പോയാൽ പിന്നെ ഒരിക്കലും മടങ്ങി വരാനാകാത്ത സ്ഥലം; ഭീതിജനകമായ ഗയോള

ഒരിക്കൽ പോയാൽ പിന്നെ ഒരിക്കലും മടങ്ങി വരാനാകാത്ത സ്ഥലം , അങ്ങനെയൊരിടമുണ്ട് ഈ ഭൂമിയിൽ . ഈ ലോകത്തിലെ ഏറ്റവും അസാധാരണവും , ഭീതിജനകവുമായ ഇടം – ഇറ്റലിയിലെ ഗയോള. പ്രകൃതി ഇത്രയേറെ കനിഞ്ഞനുഗ്രഹിച്ച മറ്റൊരിടമുണ്ടാകില്ല ഈ ഇറ്റലിയിൽ , എന്നാൽ ഈ സൗന്ദര്യം ആസ്വദിക്കാൻ ഇവിടേക്ക് ജീവനിൽ ഭയമുള്ള ആരും വരാറില്ല . ഇറ്റലിയിലെ നേപ്പിൾസിലാണ് ഗയോള ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഈ ശപിക്കപ്പെട്ട ദ്വീപിൽ കാൽ വയ്ക്കാൻ തീരുമാനിക്കുന്നവരെ പോലും ഏതോ അജ്ഞാത ശക്തി അല്ലെങ്കിൽ ഏതോ നിർഭാഗ്യം നിഴൽ പോലെ പിന്തുടരുമെന്നാണ് വിശ്വാസം. ഏകദേശം 42 ഹെക്ടര്‍ വരും ദ്വീപിന്റെ വലിപ്പം. രണ്ട് ചെറിയ ദ്വീപുകൾ ചേർന്നാതാണ് ഗയോള ദ്വീപ്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ ദ്വീപിൽ ഒരു സന്യാസി താമസിച്ചിരുന്നു. ഇതിന് ശേഷം ല്യൂഗി നെഗ്രി എന്നൊരാള്‍ ദ്വീപില്‍ ഒരു വില്ല നിർമിച്ചു. പക്ഷേ വൈകാതെ അയാള്‍ക്ക് എല്ലാം വില്‍ക്കേണ്ടിവന്നു. ഈ വില്ല ഇപ്പോഴും അവിടെ സ്ഥിതി ചെയ്യുന്നുണ്ട്. 1900 കളുടെ തുടക്കത്തിൽ ഹാൻസ് ബ്രൺ എന്ന സ്വിസ് സമ്പന്നൻ ഈ ദ്വീപ് വാങ്ങി . പക്ഷേ പിന്നീട് കമ്പിളിയില്‍ പൊതിഞ്ഞ നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തു. കടലില്‍ നിന്നായിരുന്നു ബ്രോണിന്റെ ഭാര്യയുടെ മൃതദേഹം ലഭിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ ദ്വീപ് നിരവധി ആളുകൾ വാങ്ങി . എന്നാൽ എല്ലാവർക്കും അവരുടെ ജീവിതത്തിൽ ഓരോ പ്രതിസന്ധികളെ അഭിമുഖീകരികേണ്ടി വന്നു. ചിലരെ കാണാതായി .തുടരെത്തുടരെയുണ്ടായ അകാല മരണങ്ങളും മാനസിക വിഭ്രാന്തിയുടെ കഥകളും അപകടങ്ങളുമാണ് ദ്വീപ് കുപ്രസിദ്ധിയാര്‍ജിക്കാന്‍ കാരണം. ഓട്ടോ ഗ്രൻബാക്ക് എന്നയാൾ പിന്നീട് ഈ ദ്വീപ് ഏറ്റെടുത്തു. എന്നാൽ അദ്ദേഹം വാങ്ങിയ വില്ലയിൽ വെച്ചുതന്നെ മരിച്ചു.

ദ്വീപിന്റെ അടുത്ത പ്രശസ്ത ഉടമ എഴുത്തുകാരൻ മൗറീസ്-യെവ്സ് സാൻ‌ഡോസ് ആയിരുന്നു, സ്ഥലം വാങ്ങിയതിനുശേഷം അദ്ദേഹം മാനസികനില തെറ്റി സ്വിസ് അഭയകേന്ദ്രത്തിൽ എത്തി . പിന്നീട് ഇതേ മാനസിക ആശുപത്രിക്കുള്ളിൽ ആത്മഹത്യ ചെയ്തു. സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ അടുത്ത ബന്ധുവായ എഞ്ചിനീയര്‍ നെല്‍സണ്‍ ഫോളിയും ഈ ദ്വീപ് സ്വന്തമാക്കിയിരുന്നു. 1896 മുതല്‍ 1903 വരെ ഇവിടത്തെ വില്ലയിലെ താമസക്കാരന്‍ ‘ലാന്‍ഡ് ഓഫ് ദ സൈറണ്‍’ എഴുതിയ നോര്‍മന്‍ ഡഗ്ലസ് ആയിരുന്നു. ഇദ്ദേഹമാണ് ദ്വീപിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന കേബിള്‍ ചെയര്‍ നിര്‍മിച്ചത്. ജർമ്മൻ വ്യവസായിയായ ബാരൻ കാൾ പോൾ ലാംഗ്ഹൈം ദ്വീപ് വാങ്ങിയെങ്കിലും താമസിയാതെ അദ്ദേഹത്തിന്റെ സ്വത്തുക്കൾ എല്ലാം നഷ്ടപ്പെട്ടു. പ്രശസ്ത വ്യവസായിയും വാഹന നിർമാതാക്കളായ ഫിയറ്റിന്റെ തലവനുമായ ഗിയാനി അഗ്നെല്ലി ദ്വീപ് വാങ്ങിയെങ്കിലും , അതിനു ശേഷം ഏറെ കഷ്ടപ്പെടേണ്ടിവന്നു, കൂടാതെ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിരവധി ദാരുണമായ മരണങ്ങളും ഉണ്ടായി.

ഒരു അമേരിക്കൻ വ്യവസായി ജീൻ പോൾ ഗെറ്റിയാണ് പിന്നീട് ഈ ദ്വീപ് വാങ്ങിയത് . അതികം വൈകാതെ അദ്ദേഹത്തിന്റെ മൂത്ത മകൻ ആത്മഹത്യ ചെയ്തു. ഇളയ മകനും ദുരൂഹസാഹചര്യത്തിൽ മരിച്ചു, കൊച്ചുമകനെ ചിലർ തട്ടിക്കൊണ്ടുപോയി. അവസാനം ദ്വീപ് സ്വന്തമാക്കിയ ഗിയാന്‍ പാസ്‌ക്വയല്‍ ഗ്രാപ്പോണിന്റെ അന്ത്യം ജയിലിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയാകട്ടെ ഒരു കാറപകടത്തില്‍ മരിക്കുകയും ചെയ്തു. 1978 ൽ ഗയോള ദ്വീപ് സർക്കാർ നിയന്ത്രണത്തിലായി. അതോടൊപ്പം സമുദ്ര സംരക്ഷണ കേന്ദ്രവും വന്നു, ഇപ്പോൾ അണ്ടർ‌വാട്ടർ പാർക്ക് ഓഫ് ഗയോള , പാർക്കോ സോമർസോ ഡി ഗയോള എന്നൊക്കെ ഇവിടം അറിയപ്പെടുന്നു. ഇപ്പോൾ, ദ്വീപിൽ താമസക്കാരില്ല . 40 വർഷമായി ദുരൂഹതയുടെ നിഴലായി ഈ ദ്വീപ് ഒറ്റപ്പെട്ടു നിൽക്കുന്നു