കന്യാകുമാരി ജില്ലയിലെ കുഴിത്തുറയ്ക്ക് സമീപമുള്ള കഴുകന്‍തിട്ട എന്ന് കേട്ടിട്ടുണ്ടോ..?
പണ്ട് രാജഭരണ കാലത്ത് കുറ്റിക്കാടുകൾ നിറഞ്ഞ ആരെയും പേടിപ്പെടുത്തുന്ന കൊടും കുറ്റവാളികള്‍ക്ക് കഴുമരത്തിൽ തൂക്കു മരണം നടത്തുന്ന പ്രദേശമായിരുന്നു കഴുകന്‍തിട്ട… ഇന്ന് കഴുവന്തിട്ട എന്ന് ഈ സ്ഥലം അറിയപ്പെടുന്നു.
പണ്ട് കൊടും കുറ്റവാളികള്‍ക്ക് വേണ്ടി കഴുമരങ്ങള്‍ നിറഞ്ഞ മരണതിട്ട ആയിരുന്നു അത്. ഇന്ന് കോടതിയും റെയില്‍വേ സ്‌റ്റേഷനും ഒരുമിക്കുന്ന തിരക്കേറിയ കവല. ഇതാണ് കഴുകന്‍ തിട്ട എന്ന് മലയാളത്തിലും കഴുവന്തിട്ട എന്ന് തമിഴിലും പറയുന്ന പ്രദേശം. ഒരു കാലത്ത് ആരും വരാത്ത പേടിപ്പെടുത്ത കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശമായിരുന്നു ഇവിടം. ഒരു നൂറ്റാണ്ട് മുന്‍പ് വരെ പരസ്യമായ തൂക്കിക്കൊല നടന്ന ഇവിടെ ഓര്‍മ്മകള്‍ അയവിറക്കുന്നു.
തിരുവിതാംകൂര്‍ രാജഭരണകാലത്ത് കേരളത്തിലും പിന്നെ സംസ്ഥാന വിഭജനത്തില്‍ തമിഴ് നാട്ടിലുമായ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കന്യാകുമാരി ജില്ലയിലെ കുഴിത്തുറയ്ക്ക് സമീപമുള്ള കഴുകന്‍തിട്ട. രാജഭരണകാലത്ത് കൊടുംകുറ്റവാളികളെ വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു. അതിനായി കഴുമരം നാട്ടിയിരുന്നു. ജനസാന്ദ്രത കുറഞ്ഞ വിജനമായ സ്ഥലങ്ങളാണ് അതിന് തിരഞ്ഞെടുത്തിരുന്നത്. ജയിലില്‍ നിന്നും കുറ്റവാളികളെ അക്കാലത്ത് തൂക്കുമരമുള്ള സ്ഥലത്ത് കൊണ്ടുപോയി ശിക്ഷ നടപ്പിലാക്കും.അതിനായി തിരഞ്ഞെടുത്ത പ്രദേശമാണ് ഇവിടം. കഴുമരങ്ങള്‍ നാട്ടിയിരുന്ന ഉയര്‍ന്ന കുന്നുകളാണ് കഴുകന്‍തിട്ട. കഴുകന്‍ മാത്രമേ മനുഷ്യശരീരം ഭക്ഷിക്കുകയുള്ളൂ. ശിക്ഷാവിധി നടപ്പിലാക്കുന്നതു കണ്ട് ജനങ്ങള്‍ ഭയന്ന് തെറ്റിലേക്ക് കടക്കാതിരിക്കാനായിരുന്നു പൊതുസ്ഥലം തിരഞ്ഞെടുത്തിരുന്നത്. മരംകൊണ്ടുണ്ടാക്കിയ രണ്ട് തൂണുകളും അതിനു കുറുകെ മുകളിലായി മറ്റൊരു തൂണുമായിരിക്കും തൂക്കുമരത്തിനുവേണ്ടി ഉപയോഗിച്ചിരുന്നത്. അതില്‍ ഇരുമ്പുചങ്ങല കൊണ്ടുള്ള കൊളുത്തുകളും ഉണ്ടായിരിക്കും. ജീവനോടെ ചങ്ങലക്കൊളുത്തില്‍ അകപ്പെട്ട കുറ്റവാളി ആഹാരവും വെള്ളവുമില്ലാതെ അവശനായിരിക്കും. ആ ക്ഷീണാവസ്ഥ മുതലാക്കിയാണ് കഴുകന്‍ കടന്നുവരുന്നത്. വര്‍ഷങ്ങളോളം മനുഷ്യശരീരം ഇവിടെ കഴുകന്മാരുടെ ഇരയായി മാറിയിരുന്നു. രാജ്യദ്രോഹികളെയും കളവ് നടത്തുന്നവരെയും സ്ത്രീകളെ കൊല്ലുന്നവരെയുമാണ് ഈ ശിക്ഷാവിധിയിലൂടെ അധികമായി കൊന്നിട്ടുള്ളതെന്ന് ചരിത്രം പറയുന്നു. തിരുവിതാംകൂറിന്റെ ചരിത്രമെഴുതാന്‍ വന്ന വാര്‍ഡ്, കോണര്‍ സര്‍വ്വേയര്‍മാര്‍ 1901ല്‍ എഴുതിയ മെമൈര്‍ ഓഫ് ട്രാവന്‍കൂര്‍ സര്‍വ്വേ പുസ്തകത്തില്‍ കഴുകന്‍തിട്ടയെകുറിച്ച് വിശദമായ പരാമര്‍ശമുണ്ട്. തൂക്കിലേറ്റാന്‍ വരുന്ന ആരാച്ചാര്‍ കറുത്തകുതിരയില്‍ രാജാവ് അയക്കുന്ന വില്ലുവണ്ടിയില്‍ കറുത്തവേഷം ധരിച്ചാണ് എത്തുന്നതെന്നും വെങ്കലത്തിലെ മുരശു കൊട്ടി ആ വിവരം ദേശംമുഴുവന്‍ അറിയിച്ചിരുന്നു എന്നും പഴമക്കാര്‍ ഓര്‍ക്കുന്നു. 1917ല്‍ ഇത്തരത്തിലെ കൊല ഇവിടെ അവസാനിപ്പിച്ചു. കഴുമരങ്ങള്‍ നിക്കം ചെയ്യുകയും ചെയ്തു. പിന്നീട് കുറ്റവാളികളെ ആരാച്ചാര്‍മാരുടെ മേല്‍ നോട്ടത്തിലാണ് ജയിലില്‍ തന്നെ തൂക്കിലേറ്റിയിരുന്നത്. ആരാച്ചാര്‍മാരെ രാജാവ് നാഗര്‍കോവില്‍ പാര്‍വതിപുരത്തായിരുന്നു താമസിപ്പിച്ചിരുന്നത്. രാജഭരണകാലത്ത് ആരാച്ചാര്‍ ആയിരുന്ന ജനാര്‍ദ്ദന്‍പിള്ളയുടെ ജീവിതവുമായി ബന്ധപ്പെടുത്തി ശശി വാര്യര്‍ എഴുതിയ ലാസ്റ്റ് ഹാങ് മാന്‍ എന്ന പുസ്തകത്തില്‍ കൊലയുടെ വിവരണം കാണാം. അദ്ദേഹം 1940 വരെ 117 പേരെയാണ് കൊന്നിട്ടുള്ളത്. 1944 ല്‍ ചിത്തിരതിരുനാള്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റ് നിറുത്തലാക്കി. ഒരു കാലത്ത് രാജഭരണത്തെ ആസ്ഥാനമായ പദ്മനാഭപുരം കൊട്ടാരത്തിലെ പുരാവസ്തു മ്യൂസിയത്തില്‍ കുറ്റവാളികളെ ജീവനോടെ തൂക്കിയിടുന്ന ഇരുമ്പില്‍ തീര്‍ത്ത മനുഷ്യക്കൂട് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ആ പഴയ നാട് പോയി. കുഴിത്തുറ എന്ന ദേശീയ പാതയിലെ സ്ഥലത്തും നിന്നും 4 കിലോമീറ്റര്‍ മാറിയാണ് കഴുകന്‍തിട്ട. തിരുവനന്തപുരം- കന്യാകുമാരി തീവണ്ടിപ്പാത കടന്നുപോകുന്നത് കഴുകന്‍തിട്ടയിലാണ്. മരണപ്പെട്ട മലയാള നടന്‍ തിക്കുറിശ്ശിയുടെ ജന്മനാട് അടുത്താണ്. ചിതറാല്‍ എന്ന ജൈന കേന്ദ്രവും അടുത്ത്. അന്ന് തൂക്കുമരം നിന്നിരുന്ന സ്ഥലത്താണ് ഓട്ടോ സ്റ്റാന്‍ഡ്. അവിടെ രാജീവ് ഗാന്ധിയുടെ പ്രതിമ നില്‍ക്കുന്നയിടത്താണ് കഴുമരങ്ങള്‍ നാട്ടിയിരുന്നത്.