ലോകത്തിലെ ഏറ്റവും രൂക്ഷ ഗന്ധമുള്ള പുഷ്പമാണ് ‘ ശവപുഷ്പം’ എന്നറിയപ്പെടുന്ന അമോര്‍ഫോഫാലസ് ടൈറ്റാനം. അടുത്തിടെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ വിരിഞ്ഞ ശവപുഷ്പം കാണാന്‍ വന്‍ ജനത്തിരക്കാണ് ഒഴുകിയെത്തുന്നത്. വംശനാശ ഭീഷണി നേരിടുന്ന ശവപുഷ്പം ഉഷ്ണമേഖലകളിലാണ് സാധാരണയായി കാണപ്പെടുന്നത്.കഴിഞ്ഞ ദിവസമാണ് മ്യൂസിയവും ഗവേഷണ സ്ഥാപനവുമായ കാലിഫോര്‍ണിയ അക്കാദമി ഓഫ് സയന്‍സസില്‍, ശവപുഷ്പം വിരിഞ്ഞത്. ഏഴു മുതല്‍ പത്തു വര്‍ഷത്തിലൊരിക്കലാണ് ഇവ വിരിയുന്നത്. ഒന്ന് മുതല്‍ മൂന്നു ദിവസം മാത്രം ആയുസുള്ള പൂവ് വിരിഞ്ഞാല്‍, ചീഞ്ഞളിഞ്ഞ രൂക്ഷഗന്ധമാണ് വമിപ്പിക്കുന്നത്.
‘ജീര്‍ണ്ണിച്ച’ ശവശരീരത്തിന്റെ ഗന്ധമായതിനാല്‍ ഈച്ചകളും മറ്റു പ്രാണികളും പൂവിലേക്ക് ആകര്‍ഷിക്കപ്പെടുകയും, മറ്റു പൂക്കളിലേക്ക് പൂമ്ബൊടി പരാഗണം നടത്തുകയും ചെയ്യുമെന്നാണ്, ഹോര്‍ട്ടികള്‍ച്ചറിസ്റ്റായ ലോറന്‍ ഗ്രെയ്ഗ് പറയുന്നത്. 2017-ല്‍ കാലിഫോര്‍ണിയ അക്കാദമി ഓഫ് സയന്‍സസില്‍ ലഭിച്ച, മിറാഷ് എന്ന് പേരിട്ടിരിക്കുന്ന ശവപുഷ്പത്തിന്റെ ആദ്യത്തെ പൂവാണിത്. 2020 മുതല്‍ മ്യൂസിയത്തിലെ മഴക്കാടുകളില്‍ പ്രദര്‍ശനത്തിനായി ഇവ സൂക്ഷിച്ചുവരികയായിരുന്നു. ലോകത്താകമാനം ആയിരത്തില്‍ താഴെമാത്രം ശവപുഷ്പങ്ങളാണ് അവശേഷിക്കുന്നത്.
ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍, ഇവയെ വംശനാശഭീഷണി നേരിടുന്ന സസ്യമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയാണ് അമോര്‍ഫോഫാലസ് ടൈറ്റാനത്തിന്റെ ജന്മദേശമായി കണക്കാക്കുന്നത്. കാട്ടില്‍ വിരിയുന്ന ശവപുഷ്പങ്ങള്‍ക്ക് അഞ്ചടി വരെ വ്യാസവും 12 അടി വരെ ഉയരവും ഉണ്ടായിരിക്കും. എന്നാല്‍ ഇവയെ മറ്റൊരു സ്ഥലത്തേക്ക് പറിച്ച് നടുകയോ കൃഷി ചെയ്ത് വളര്‍ത്തിയെടുക്കുകയോ ചെയ്താല്‍ വലിപ്പത്തില്‍ കാര്യമായ കുറവു സംഭവിക്കും. ചൂടും ഈര്‍പ്പവും ആവശ്യത്തിന് ലഭിക്കുന്ന ഉഷ്ണമേഖലകളിലാണ് പൊതുവില്‍ ഈ സസ്യം വളരുക.