ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ നടിയാണ് ഏയ്ഞ്ചലിൻ മരിയ. നല്ല സമയം സിനിമയുമായും അതിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടും ഏയ്ഞ്ചലിൻ മരിയ നടത്തിയ ചില പ്രസ്താവനകൾ ഒരിടയ്ക്ക് വലിയ രീതിയിൽ വിവാദമായിരുന്നു. ഈ വിവാദങ്ങൾക്കെല്ലാം ശേഷമാണ് ഏയ്ഞ്ചലിൻ ബിഗ് ബോസിലേക്ക് എത്തിയത്. സീസൺ അഞ്ചിലെ മത്സരാർത്ഥിയായിരുന്നു താരം. പക്ഷെ അധികനാൾ ഹൗസിൽ നിൽക്കാൻ ഏയ്ഞ്ചലിന് സാധിച്ചില്ല. മത്സരം ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ പുറത്തായി. ബിഗ് ബോസിനുശേഷം സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് ഏയ്ഞ്ചലിൻ. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ചർച്ചയാകുന്നത്.
സംവിധായകൻ ഒമർ ലുലുവിനെ കുറിച്ചുള്ളതാണ് വീഡിയോ. അടുത്തിടെയാണ് ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ് യുവ നടി കൊടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവം വലിയ വിവാദമായതോടെ പലരും ധരിച്ചത് പരാതി നൽകിയ യുവനടി ഏയ്ഞ്ചലിൻ മരിയയാണെന്നാണ്. അതിനാൽ തന്നെ അതുമായി ബന്ധപ്പെട്ടുള്ള നിരവധി മെസേജുകളും കോളുകളുമെല്ലാം താരത്തിന് ലഭിച്ചു. ഇതിൽ സഹികെട്ട് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഏയ്ഞ്ചലിൻ. പരാതി കൊടുത്ത നടി താനല്ലെന്നും ഒമർ തനിക്ക് വല്യേട്ടനാണെന്നുമാണ് പുതിയ വീഡിയോയിൽ ഏയ്ഞ്ചലിൻ പറഞ്ഞത്. ഒമറിക്കയുടെ വിഷയം എല്ലാവരും അറിഞ്ഞുകാണുമെന്ന് വിശ്വസിക്കുന്നു. ഇൻസ്റ്റഗ്രാമിൽ ഇക്കാര്യത്തെക്കുറിച്ച് ഒരു സ്റ്റോറി ഇട്ടിരുന്നു. ഇത്തരമൊരു ഗൗരവമുള്ള വിഷയം സംസാരിക്കുമ്പോൾ സമാധാനപരമായ സാഹചര്യം ആവശ്യമാണ്. അതുകൊണ്ടാണ് വീഡിയോ ചെയ്യുന്നത് നീണ്ടുപോയത്. അതിന് ഞാൻ ആദ്യം ക്ഷമ ചോദിക്കുന്നു.
ഇനി കാര്യത്തിലേക്ക് കടക്കാം. ഒരഞ്ചാറു ദിവസമായി എനിക്ക് നിരന്തരം ഫോൺ കോളുകൾ വന്നുകൊണ്ടിരിക്കുകയാണ്. അതല്ലാതെ ഇൻസ്റ്റഗ്രാമിലും വാട്ട്സാപ്പിലും കുറേ മെസേജസും വരുന്നുണ്ട്. കൂടാതെ സിനിമയിലുള്ള പല നിർമാതാക്കൾ, സംവിധായകർ, പ്രൊഡക്ഷൻ കണ്‍ട്രോളന്മാർ, തിരക്കഥാകൃത്തുക്കൾ ഇവരൊക്കെ എന്നെ വിളിച്ച് ചോദിക്കുന്ന ചോദ്യമിതാണ്. ഒമറിക്കയ്ക്കെതിരെ കേസ് കൊടുത്ത യുവനടി ഞാനാണോയെന്ന്. ഞാൻ തിരിച്ച് ചോദിക്കുന്ന ചോദ്യമിതാണ്… എന്തുകൊണ്ടാണ് എന്നെ പറയാൻ കാരണം. ആ കേസ് കൊടുത്ത യുവനടി നല്ല സമയം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവർ എന്നോട് ഇക്കാര്യം വിളിച്ച് ചോദിക്കുന്നതെന്ന്. മാത്രമല്ല ഒമറിക്കയ്ക്ക് ആ നടിയുമായി നല്ല അടുപ്പവമുണ്ടെന്നുമാണ് സംസാരം. ഇതൊക്കെ കൂടി കേൾക്കുമ്പോൾ എന്നെയാണ് എല്ലാവര്‍ക്കും ഓർമ വരികയെന്നാണ് പറയുന്നത്.
സത്യത്തിൽ ഒമറിക്കയ്ക്കെതിരെ കേസ് കൊടുത്ത യുവനടി ഞാനല്ല. എനിക്ക് അന്നും ഇന്നും ഒമറിക്കയോട് ഒരുപാട് സ്നേഹവും ബഹുമാനവുമുണ്ട്. ഒരു നല്ല സിനിമാ സംവിധായകൻ എന്നതിലുപരി നല്ലൊരു സുഹൃത്ത് കൂടിയാണ് എനിക്ക് ഒമറിക്ക. ഈ ഒരു ചോദ്യം ചോദിച്ച് ഇനി ആരും എന്നെ വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്യരുത്. വ്യക്തിപരമായി അതെന്നെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ട്. കേസിന്റെ പല സത്യാവസ്ഥകൾ അതിന് പിന്നിലുണ്ട്. ഞാനും ഒമറിക്കയും തമ്മിലുള്ള ബന്ധം അങ്ങനല്ല. അദ്ദേഹവുമായി നാല് വർഷത്തെ പരിചയം എനിക്കുണ്ട്. ധമാക്ക സിനിമയുടെ സമയത്താണ് ഇക്കയെ പരിചയപ്പെടുന്നത്.
എനിക്ക് വ്യക്തിപരമായി അദ്ദേഹത്തെ നന്നായി അറിയാം. എന്റെ കാഴ്ചപ്പാടിൽ ഒമറിക്ക അങ്ങനൊരു വ്യക്തിയല്ല. ഈ കേസ് വന്നതിനുശേഷം അദ്ദേഹത്തിനെതിരെ കടുത്ത സൈബർ ആക്രമണം നടക്കുന്നുണ്ട്. വളരെ മോശപ്പെട്ട രീതിയിലാണ് അദ്ദേഹത്തെക്കുറിച്ച് ആളുകൾ സംസാരിക്കുന്നത്. ഒമറിക്ക അങ്ങനൊരാളല്ല. ഒരു നല്ല മനുഷ്യനാണ്. ആളുകൾ പലതും തെറ്റിദ്ധരിച്ചിരിക്കുന്നതാണ്. ഒരു വല്യേട്ടൻ കുഞ്ഞനുജത്തി ബന്ധമാണ് ഞങ്ങൾക്കിടയിലുള്ളത്. പുള്ളിക്കെതിരെ വന്നിരിക്കുന്ന ഈ കേസ് കള്ളക്കേസാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിന് പല കാരണങ്ങളുണ്ട്. അത് പുറത്തുപറയാൻ ഇപ്പോൾ പറ്റില്ല. സത്യം പുറത്തുവരും എന്നാണ് പുതിയ വീഡിയോയിൽ ഏയ്ഞ്ചലിൻ പറഞ്ഞത്.