Investigation

“വസ്ത്രം അഴിച്ചു നോക്കണോ സഖാവേ” ഏതു മതത്തിലെ വോട്ടറാണെന്നു കണ്ടെത്താന്‍ ?: നേതാക്കളെ ഞെട്ടിച്ച ബൂത്തുകമ്മിറ്റിയുടെ ചോദ്യം (എക്‌സ്‌ക്ലൂസീവ്)

വി.എസ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു...

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിന്റെ അവസാന ലാപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ഇടതുപക്ഷം വര്‍ഗീയ കാര്‍ഡിറക്കി കളിച്ചെന്ന് കീഴ്ഘടകത്തിലെ സഖാക്കളുടെ കുറ്റ സമ്മതം. വോട്ടുറപ്പിക്കാന്‍ മുസ്ലീംഗളെയും, ഹിന്ദുക്കളെയും, ക്രിസ്ത്യാനികളെയും അവരുടെ മതവുമായി ചേര്‍ത്തുവെച്ച് കാണണം എന്നാണ് പാര്‍ട്ടി മേല്‍ ഘടകങ്ങളില്‍ നിന്നും ബൂത്ത് കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍, മിക്ക ബൂത്തു കമ്മികളും ഇത് ശിരസ്സാ വഹിച്ചെങ്കിലും നട്ടെല്ലുള്ള ചില ബൂത്തു കമ്മിറ്റി സഖാക്കള്‍ ഇതിനെ ചോദ്യം ചെയ്തു. ബൂത്തു കമ്മിറ്റികൡ മേല്‍ഘടകത്തിലെ നേതാക്കള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്. ‘ മുസ്ലീം സമുദായത്തില്‍പ്പെട്ടവരോട് വോട്ടു ചോദിക്കാന്‍ പാര്‍ട്ടിയിലെ മുസ്ലീം സഖാക്കളും, ഹിന്ദു മതത്തില്‍പ്പെട്ടവരോട് വോട്ടഭ്യര്‍ത്ഥിക്കാന്‍ ഹിന്ദു സഖാക്കന്‍മാരും, ക്രിസ്ത്യന്‍ മത വിഭാഗങ്ങളുടെ വോട്ടുറപ്പിക്കാന്‍ ക്രിസ്ത്യന്‍ സഖാക്കളും പോകണം’ എന്നായിരുന്നു നിര്‍ദ്ദേശം.  (അതായത്, വോട്ടുറപ്പിക്കാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇറങ്ങണം. മുസ്ലീംഗങ്ങളുടെ വീടുകള്‍ കേന്ദ്രീകരിച്ച് ആ വിഭാഗത്തിലെ സഖാക്കളും, ഹിന്ദുക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് ആ വിഭാഗത്തിലെ സഖാക്കളും, ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വീടുകള്‍ കേന്ദ്രീകരിച്ച് ക്രിസ്ത്യന്‍ സഖാക്കളും ക്യാമ്പെയിന്‍ ചെയ്യണമെന്നാണ് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.)

തിരുവനന്തപുരം സിറ്റിയിലെ പ്രധാന ബൂത്തുകമ്മിറ്റി ഇതിനെ ശക്തമായി എതിര്‍ത്തു. അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആത്മരോഷത്തില്‍ അവര്‍ തിരികെ ചോദിച്ചത്, “വോട്ടര്‍ മുസ്ലീമാണോ ഹിന്ദുവാണോ ക്യസ്ത്യാനിയാണോ എന്നറിയാന്‍ “തുണിപൊക്കി നോക്കണോ സഖാവേ” എന്നാണ്. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയാല്‍പ്പോലും ഇത്തരം വര്‍ഗീയത മനസ്സില്‍വെച്ച് വോട്ടുപിടുത്തം നടത്തില്ലെന്നും ,ആ ബൂത്തു കമ്മിറ്റി ഭാരവാഹികള്‍ നേതാക്കളുടെ മുഖത്തടിച്ചു പറഞ്ഞു.

മതേതരത്വവും, സോഷ്യലിസവുമൊക്കെ വാ നിറയെ പറഞ്ഞും പഠിപ്പിച്ചും നടക്കുന്നവനൊക്കെ ഒരു മറകിട്ടിയാല്‍ എന്തും ചെയ്യുമെന്നതു പോലെയാണ് ബുത്തു കമ്മിറ്റി ഭാരവാഹികള്‍ക്കു തോന്നിയതെന്നും അവര്‍ പറയുകയാണ്. പാര്‍ട്ടിയുടെ നാശത്തിന്റെ അവസാന ആണി അടിക്കാനുള്ള നീക്കമായിരുന്നു അതെന്നും സഖാക്കള്‍ പറയുമ്പോള്‍ അവരുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. പക്ഷെ, അപ്പോഴും നേതാക്കളെയല്ല, പാര്‍ട്ടിയെ നിലനിര്‍ത്താന്‍ അവര്‍ക്ക് നിശബ്ദമായേ മതിയാകൂ എന്ന ഗതികെട്ട അവസ്ഥയിലായിപ്പോയെന്നും അവര്‍ സമ്മതിക്കുന്നു.

ഉള്‍പാര്‍ട്ടീ ജനാധിപത്യം എന്ന വാറോലയില്‍ പാതിയും വിഴുങ്ങേണ്ടി വരുന്നത് സഹിക്കാനാവുന്നില്ല. പാര്‍ട്ടിയെ ക്യാന്‍സര്‍ പോലെ ബാധിച്ചിരിക്കുന്ന കമ്യൂണിസ്റ്റു വിരുദ്ധതയാണ് കേരളാമാകെ യു.ഡി.എഫ് തരംഗം അലയടിക്കാന്‍ കാരണമായത്. വോട്ടര്‍മാരോട് എന്തിനു വേണ്ടിയാണ് വോട്ടു ചെയ്യേണ്ടതെന്ന് പറയാന്‍ സഖാക്കള്‍ക്കാവുന്നില്ല. നേതാക്കളെല്ലാം എ.കെ.ജി സെന്ററിലും, സെക്രട്ടേറിയറ്റിലും ഇരിക്കുമ്പോള്‍ ഗ്രൗണ്ട് വര്‍ക്ക് ചെയ്യുന്ന സാധാരണ സഖാക്കളാണ് ജനങ്ങളോട് ഉത്തരം പറയേണ്ടത്.

അവരുടെ ചോദ്യങ്ങള്‍ അഭിമുഖീകരിക്കുന്നത്, കീഴ്ഘടകങ്ങളിലെ കൊടികുത്ത്, കുഴിയെടുപ്പ്, മുദ്രാവാക്യം വിളി, തല്ലുകൊള്ളല്‍, തല്ലു കൊടുക്കല്‍, രക്തസാക്ഷിയാകല്‍ സഖാക്കാളാണ്. സ്വരം നന്നാവാത്തതിന് മൈക്ക് തല്ലിയൊടിക്കുന്നവരും, നിതാന്ത ജോലിക്കിടെ വിശ്രമിക്കാന്‍ ഗള്‍ഫ്‌നാടുകളില്‍ ബെല്ലിഡാന്‍സും, പൊരിച്ച ഒട്ടകത്തിന്റെ ഇറച്ചിയും കോട്ടും സ്യൂട്ടുമൊക്കെ ഇട്ടു നടക്കുന്നവരും ചെയ്യുന്ന കൊള്ളരുതായ്മകളെല്ലാം പി.ആര്‍ ഏജന്റുകളെ വെച്ച് ന്യായീകരിക്കുകയും ചെയ്യുന്നവര്‍ക്ക് ഒന്നുമറിയണ്ടല്ലോ. ജനങ്ങളെ അഭിമുഖീകരിക്കാന്‍ അവര്‍ തയ്യാറുമല്ല.

പൊതു വേദികളില്‍, കവലപ്രസംഗം നടത്തിയാല്‍പ്പോലും തിരിച്ചൊരു ചോദ്യം ചോദിക്കാന്‍ കെല്‍പ്പില്ലാത്ത, ഉള്‍പാര്‍ട്ടീ ജനാധിപത്യം കാത്തുസൂക്ഷിക്കുന്നവരല്ലേ കേള്‍ക്കാന്‍ നില്‍ക്കുന്നത്. അവിടെയും നേതാക്കള്‍ സെയ്ഫ്. ചോദ്യം എന്നൊന്നില്ല. അതിലും കൂടിയ നേതാക്കളെല്ലാം പൊളിറ്റ്ബ്യൂറോയും, തെക്രട്ടേറിയറ്റും ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി കീഴ്ഘടകങ്ങളെക്കൊണ്ട് പണിയെടുപ്പിക്കുകയല്ലേ ചെയ്യുന്നത്. ഇതാണോ കമ്യൂണിസം. അതോ ഇതല്ലേ കമ്യൂണിസം. പാര്‍ട്ടിക്കു വേണ്ടി എന്തു ചെയ്യാനും മടിയില്ല, പക്ഷെ, പാര്‍ട്ടിയെ കഴുവേറ്റാന്‍ നടക്കുന്ന നേതാക്കള്‍ക്കു വേണ്ടി ഇനി വിടുപണിചെയ്യാനാവില്ല.

പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി പ്രതീക്ഷിക്കുക. എപ്പോള്‍ വേണമെങ്കിലും അതുണ്ടാകുമെന്നും വിവിധ ബൂത്ത് കമ്മിറ്റികളിലെ സഖാക്കള്‍ പറയുന്നു. അമര്‍ഷവും, നാണക്കേടും, ദേഷ്യവും കടിച്ചമര്‍ത്തിയാണ് അണികള്‍ ജീവിക്കുന്നത്. തൊട്ടപ്പുറത്തെ വീട്ടില്‍ വോട്ടു ചോദിക്കാനോ, പാര്‍ട്ടിയുടെ നോട്ടീസ് കൊടുക്കാനോ കഴിയാത്ത അവസ്ഥയിലേക്ക് പാര്‍ട്ടി വര്‍ഗീയത കുത്തിവെച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ എന്താണ് സംഭവിക്കുന്നത്. അധികാരം നഷ്മാ3കും എന്നല്ലേയുള്ളൂ. പാര്‍ട്ടിയും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും പോകുന്നില്ലല്ലോ.

അധികാരമുണ്ടെങ്കിലേ പാര്‍ട്ടിയുള്ളൂ എന്ന നിലയിലേക്ക് പാര്‍ട്ടെ കൊണ്ടെത്തിച്ചതാരാണ്. അങ്ങനെയാണോ പാര്‍ട്ടി വളര്‍ന്നു വന്നത്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത പാര്‍ട്ടിയെ ജനം ചവറ്റുകൊട്ടിയില്‍ തള്ളും. അതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. പരസ്യമായി ബി.ജെ.പിയെ വര്‍ഗീയതയുടെ വിഷവിത്തെന്നു പറയുകയും, രഹസ്യമായി വര്‍ഗീയ വിഭജനം നടത്തണമെന്ന് ആഹ്വാനവും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ഇത് പാര്‍ട്ടിയുടെ മൂല്യച്ഛുതിയെയാണ് കാട്ടുന്നതെന്നും സഖാക്കള്‍ വിമര്‍ശിക്കുന്നു. ഇതാണ് സത്യസന്ധമായ വിമര്‍ശനം. ഇതാണ് സ്വയം വിമര്‍ശനം.

ഇതാണ് പാര്‍ട്ടിയെ പാര്‍ട്ടിയായി നിലനിര്‍ത്താനുള്ള വിമര്‍ശനം. തിരുവനന്തപുരം ലോ കോളേജ് ജംഗ്ഷന്‍ സമീപത്ത് താമസിക്കുന്ന ഒരു മുതിര്‍ന്ന സഖാവുണ്ട്. പേര് വി.എസ്. അച്യുതാനന്ദന്‍. അദ്ദേഹത്തിന് ഇപ്പോള്‍ നല്ല ക്ഷീണമാണ്. അല്‍പ്പമെങ്കിലും സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അദ്ദേഹം മാദ്യമങ്ങള്‍ക്കു മുമ്പില്‍ വിളിച്ചു പറഞ്ഞേനെ. നേരും നേറെയുമില്ലാത്ത പാര്‍ട്ടിയുടെ പോക്കിനെ കുറിച്ചും, നേതാക്കളെ കുറിച്ചും. അദ്ദേഹമൊരു പ്രതീക്ഷയായിരുന്നുവെന്ന് സഖാക്കള്‍ ഇപ്പോള്‍ തിരിച്ചറിയുകയാണ്.

പാര്‍ട്ടിയിലെ തെറ്റു തിരുത്തല്‍ ശക്തിയായി നിന്ന ഒറ്റയാന്‍. അതാണ് നഷ്ടമായിരിക്കുന്നത്. മറ്റു നേതാക്കളെല്ലാം വെറും പൊറാട്ടു നാടകക്കാരാണ്. സമ്പത്തും, അധികാരവും എവിടെയോ അവിടെ കമ്യൂണിസം കാണുന്നവര്‍. ഇതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള നാണക്കേട് സഹിക്കാനാവാതെ നില്‍ക്കുന്ന സഖാക്കള്‍ രഹസ്യമായി പറയുന്നത്. ഇത്രയും വ്യക്തമായി മതവര്‍ഗീയത പറയുന്ന രാഷ്ട്രീയ കോമരങ്ങള്‍ േേവാറെയുണ്ടോ എന്ന് സംശയമാണ്. പരസ്യമായി മതേതരത്വം പറയുകയും രഹസ്യമായി വര്‍ഗീയമായി കാണണമെന്നും പറയുന്നവര്‍.

Latest News