Movie News

‘മഞ്ഞുമ്മൽ ബോയ്സ്’ വഞ്ചനാക്കേസ്: നിർമാതാക്കളുടെ വക്കാലത്ത് അഭിഭാഷകൻ ഒഴിഞ്ഞു

ഒത്തുതീർപ്പ് നിർദേശങ്ങളോട് ഹർജിക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാലാണ് അഭിഭാഷകൻ പിന്മാറിയതെന്നാണ് സൂചന

കൊച്ചി : ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ വക്കാലത്ത് അഭിഭാഷകൻ ഒഴിഞ്ഞു. ഇതിനെത്തുടർന്ന് നിർമാതാക്കളുടെ മുൻകൂർ ജാമ്യഹർജി ജൂൺ 12-ന് പരിഗണിക്കാൻ മാറ്റി. ഇത് അവസാന അവസരമായിരിക്കുമെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് മുന്നറിയിപ്പുനൽകി.

ഹർജി തീർപ്പാക്കാനിരിക്കെയാണ് അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞത്. ഒത്തുതീർപ്പ് നിർദേശങ്ങളോട് ഹർജിക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാലാണ് അഭിഭാഷകൻ പിന്മാറിയതെന്നാണ് സൂചന. വഞ്ചന കേസിൽ പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവും 12 വരെ നീട്ടിയിട്ടുണ്ട്. നിർമ്മാതാക്കളായ ഷോൺ ആന്റണി,സൗബിൻ ഷാഹിർ തുടങ്ങിയവർ നൽകിയ മുൻകൂർ ജാമ്യഹർജിയാണ് കോടതിയുടെ പരി​ഗണനയിലുള്ളത്.

മഞ്ഞുമ്മൽ ബോയ്സിനായി ഏഴു കോടി രൂപ നിക്ഷേപിച്ചിട്ടും ലാഭവിഹിതവും പണവും നൽകിയില്ലെന്നാരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നിർമാതാക്കൾ ​ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കാണിച്ച് മരട് പൊലീസ് കോടതിയിൽ റിപ്പോർട്ടും നൽകിയിരുന്നു.