ജീവനക്കാരെ ദ്രോഹിക്കാന്‍ വേണ്ടി മാത്രം അധികാരത്തില്‍ വന്നവര്‍ എന്ന പദവിയിലേക്ക് കാലെടുത്തു വെച്ച ഇടതുസര്‍ക്കാര്‍, ആ ചീത്തപ്പേര് നെറ്റിയില്‍ തറയ്ക്കാതിരിക്കാന്‍ പൊടിക്കൈകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ശമ്പള പരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കാന്‍ നീക്കം നടത്തുകയാണ്. 2024 ജൂലൈ 1 മുതല്‍ പ്രാബല്യം ലഭിക്കേണ്ട ശമ്പള പരിഷ്‌കരണത്തിന് ഇതുവരെ കമ്മീഷനെ പോലും നിയമിക്കാത്തതും ക്ഷാമബത്ത അടക്കമുള്ള നിരവധി ആനുകൂല്യങ്ങള്‍ 3 വര്‍ഷമായി ലഭിക്കാത്തതും ജീവനക്കാരും പെന്‍ഷന്‍കാരും സര്‍ക്കാരിനെതിരെ തിരിയാന്‍ കാരണമായി എന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്.
സര്‍ക്കാര്‍ ജീവനക്കാരെ പിണക്കിക്കൊണ്ടുള്ള പോക്ക്, അത്ര പന്തിയല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകളാണ് സര്‍ക്കാരിനെ ഇരുത്തി ചിന്തിപ്പിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പോസ്റ്റല്‍ വോട്ടുകള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഇത് സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരത്തെ അരക്കിട്ടുറപ്പിക്കുകയാണ്. ഇങ്ങനെ സര്‍ക്കാര്‍ ജീവനക്കാര്‍ പിന്‍തിരിഞ്ഞു നിന്നാല്‍, വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും, രണ്ടു വര്‍ഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷ മുന്നണിയെ മഷിയിട്ടു നോക്കാന്‍പോലും കാണില്ലെന്നുറപ്പാണ്.
അതിന്റെ ദൃഷ്ടാന്തങ്ങളാണ് പോസ്റ്റല്‍ വോട്ടില്‍ പിന്നോക്കം പോയതിലൂടെ സര്‍ക്കരിന് മനസ്സിലാക്കിക്കൊടുത്തത്. ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് ലഭിച്ച് അത് നടപ്പാക്കുന്ന മുറക്കേ സാമ്പത്തിക ബാധ്യത വരൂ എന്നതിനാല്‍ ഖജനാവിന് ക്ഷീണം ഉണ്ടാകുന്നില്ല എന്നതാണ് ആകെയുള്ള ആസ്വാസം. സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിന് തൊട്ട് മുന്‍പ് നടപ്പിലാക്കിയാല്‍ അടുത്ത സര്‍ക്കാരിന്റെ ബാധ്യതയായി അത് മാറും. ഒന്നാം പിണറായി സര്‍ക്കാര്‍ 2021 ഫെബ്രുവരിയോടെയാണ് ശമ്പള പരിഷ്‌കരണം നടത്തിയത്.
അതേ മാതൃകയില്‍ 2026 ഫെബ്രുവരിയില്‍ ശമ്പള പരിഷ്‌കരണം നടത്താനാണ് നീക്കം നടത്തുന്നത്. 5 വര്‍ഷം കൂടുമ്പോഴുള്ള ശമ്പളം പരിഷ്‌കരണം നടപ്പാക്കി എന്ന് സര്‍ക്കാരിന് ഇതിലൂടെ അവകാശപ്പെടാനുമാകും. ശമ്പളത്തോടൊപ്പം പെന്‍ഷന്‍ പരിഷ്‌കരണവും നടപ്പാക്കുമെന്നാണ് സൂചന. സംഘടിത വിഭാഗക്കാരായ ജീവനക്കാരേയും പെന്‍ഷന്‍കാരേയും ഇതിലൂടെ കൂടെ നിര്‍ത്താം എന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.
സംസ്ഥാന ജീവനക്കാര്‍ക്ക് ഇതുവരെ നടത്തിയിട്ടുള്ള പേ റിവിഷനുകള്‍ ഇങ്ങനെ:
ഒന്നാം പേ റിവിഷന്‍ 1965
രണ്ടാം പേ റിവിഷന്‍1968
1973 കേന്ദ്ര സര്‍ക്കാരിന് സമാനമായ പരിഷ്‌കരണം നടപ്പിലാക്കി ഇടക്കാല ഉത്തരവ്
മൂന്നാം പേ റിവിഷന്‍ 1978
നാലാം പേ റിവിഷന്‍ 1983
അഞ്ചാം പേ റിവിഷന്‍ 1987
ആറാം പേ റിവിഷന്‍ 1992
ഏഴാം പേ റിവിഷന്‍ 1997
എട്ടാം പേ റിവിഷന്‍ 2003
ഒന്‍പതാം പേ റിവിഷന്‍ 2009
പത്താം പേ റിവിഷന്‍ 2014
പതിനൊന്നാം പേ റിവിഷന്‍ 2019
അതേസമയം, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ അതിനെ പരമാവധി നീട്ടിക്കൊണ്ടു പോകാനാണ് ശ്രമം. പങ്കാളിത്ത പെന്‍ഷനു പകരം നിശ്ചിത പെന്‍ഷന്‍ ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് പഠിച്ച് ശുപാര്‍ശ നല്‍കാന്‍ നല്‍കാന്‍ വീണ്ടുമൊരു സമിതിയെ നിയോഗിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് അടുത്ത 100 ദിന കര്‍മപദ്ധതി ഉടനെ പ്രഖ്യാപിക്കും. ഇതില്‍ സമിതിയെ നിയോഗിക്കുന്നത് ഉള്‍പ്പെടുത്തുമെന്നും അറിയുന്നു.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിന് നിയമതടസ്സമില്ലെന്നും അത് പുന പരിശോധിക്കുന്നതിനെപ്പറ്റി പഠിച്ച വിദഗ്ധസമിതി വ്യക്തമാക്കിയിരുന്നു. പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകളും പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. ഡി.എ. കുടിശ്ശികയും ശമ്പള പരിഷ്‌കരണ കുടിശ്ശികയും ഉള്‍പ്പെടെ 20,000 കോടിയുടെ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാനുമുണ്ട്. ഇതിനുമുമ്പുതന്നെ സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധനാ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പഠിക്കാനായിരുന്നു അത്.
റിപ്പോര്‍ട്ട് രഹസ്യമാക്കിവെച്ചത് കോടതി ചോദ്യംചെയ്തപ്പോഴാണ് ഈ സമിതിയെ നിയോഗിച്ചത്. ഇങ്ങനെ സര്‍ക്കാര്‍ ജീവനക്കാരെ അനുനയിപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇതൊന്നും നിലവിലെ സാഹചര്യത്തില്‍ ഫലം കാണുമെന്നു വിശ്വസിക്കാനാവില്ല. ശമ്പളക്കമ്മിഷനും, പങ്കാളിത്ത പെന്‍ഷന്‍ നീട്ടലുമൊക്കെ എങ്ങനെ പ്രതിഫലിക്കുമെന്ന് കാത്തിരുന്നു കാണുകയാണ് വേണ്ടത്.